Tuesday, September 1, 2009

ടീനേജ് ഡയറി

സങ്കല്പ്പിച്ചു നോക്കു,
നിങ്ങള്‍ ഒരു സാധാരണ പെണ്കുട്ടിയാണ്. നിങ്ങള്‍ക്ക് മനോഹരമായ ഒരു വീട്. വളരെനല്ല മാതാപിതാക്കള്‍, വഴക്കാളിയെങ്കിലും സ്നേഹസമ്പന്നയായ ഒരനിയത്തിക്കുട്ടി, നിങ്ങളുടെ കുടുംബത്തിന് സാമ്പത്തികമായും,സാമൂഹികമായും വളരെ ഉയര്‍ന്ന സ്ഥാനം എന്നിവയുണ്ട്. സ്കൂളില്‍ നിങ്ങള്‍ റാങ്ക്ജേതാക്കളില്‍ ഒരാളാണ്. പാഠ്യേതര വിഷയങ്ങളിലും നിങ്ങള്‍ നിപുണയാണ്. സ്കൂളില്‍‍ നിങ്ങള്‍ അതിപ്രശസ്തയാണ്. നിങ്ങള്‍, മാതാപിതാക്കള്‍, കുടുംബം ജീവിതം അങ്ങനെ നിങ്ങളും നിങ്ങളെചുറ്റിപ്പറ്റിയുള്ള എല്ലാകാര്യങ്ങളും പെര്‍ഫെക്റ്റ് ആണ്.
അങ്ങനെ സമയം കടന്നുപോകുന്നതിനിടെ നിങ്ങളുടെ മാതാപിതാക്കളുടെ സ്വഭാവം മാറിമറിയുന്നത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നു. അല്ല നിങ്ങളുടെ അമ്മയുടെ സ്വഭാവരീതികള്‍ ആകെ മാറിമറിഞ്ഞിരിക്കുന്നു. അവര്‍ നിങ്ങളുടെ അച്ഛനെ, അനിയനെ, നിങ്ങളെ പരിപൂര്‍ണ്ണമായി അവഗണിക്കുന്നു. വഴക്ക് വീട്ടിൽ നിത്യസംഭവമാകുന്നു. എല്ലാതിനും കാരണം അവർ ചാറ്റിംഗ്, മെസ്സേജിംഗ് എന്നിവയ്ക്ക് വളരെകൂടിയ അളവില്‍ അടിമപ്പെട്ടിരിക്കുന്നു. സ്വന്തം കുടുംബത്തെ പാടേ വിസ്മരിച്ച് അവര്‍ മറ്റേതോ ലോകത്ത് കുരുങ്ങിപ്പോയിരിക്കുന്നു.

കുറച്ചുകഴിയുന്നതോടെ ആ മാറ്റം കുറേക്കൂടി വിപുലമാകുന്നു. ഷി ഗെറ്റ്സ് എ ന്യൂ മേക്ക് ഓവർ. ഷി ബികംസ് സോ ബ്യൂട്ടിഫുള്‍ ആന്ഡ് പ്രെറ്റി. അവര്‍ ഒരു കൌമാരക്കാരിയെപ്പോലെ പെരുമാറാൻ തുടങ്ങുന്നു. വഴക്കിന്റെ തീവ്രത കാര്യമായി വര്‍ധിക്കുന്നു. ഒരുകാലത്ത് ആരെയും അസൂയപ്പെടുത്തും വിധം കഴിഞ്ഞിരുന്നവർക്ക് പരസ്പരം യാതൊരുവിധത്തിലും സഹിക്കാനാകാതെ വരുന്നു. “ഡിവോഴ്സ് “ എന്ന വാക്ക് സംസാരത്തിൽ കൂടെക്കൂടെ കടന്നുവരുന്നു.

ഇതെല്ലാം നിങ്ങളെ വല്ലാതെ മോശമായി ബാധിക്കുന്നു. നിങ്ങള്‍ വല്ലാതെ അസ്വസ്ഥയാകുന്നു. വീട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ ആവുന്നത്ര ശ്രമിക്കുന്നു. പക്ഷേ ഇതെല്ലാം നിങ്ങളുടെ നിയന്ത്രണത്തിനും അപ്പുറമാണെന്ന് നിങ്ങള്‍ തിരിച്ചറിയുന്നു. എല്ലാതിനോടും പൊരുത്തപ്പെടാന്‍ ശ്രമിച്ച് വേദനകളെ മനസ്സിന്റെ ഏതെങ്കിലുമൊരു കോണിലൊളിപ്പിച്ച് ഒന്നുംസംഭവിക്കാത്തപോലെ പെരുമാറാന്‍ നിങ്ങള്‍ ശീലിക്കുന്നു. സ്കൂളിലും നിങ്ങള്‍ ആ പഴയ ഹാപ്പി ഗോ ലക്കി ഗേള്‍ ആയി അഭിനയിക്കുന്നു.

പക്ഷേ ആ അഭിനയം അധികം തുടരാനാകുന്നില്ല. നിങ്ങളറിയാതെതനെ നിങ്ങള്‍ വല്ലാതെ മാറിപ്പോകുന്നു. പഴയ ബഹളക്കാരിക്കുട്ടി സ്വയം തീര്‍ത്ത ഒരു കൂടിനുള്ളിലേക്ക് ചുരുങ്ങിക്കൂടുന്നു. കൂട്ടുകാര്‍ ഒന്നും മനസ്സിലാകാതെ അമ്പരന്നു പോകുന്നു. പഠനത്തില്‍ നിങ്ങള്‍ പുറകോട്ടുപോകുന്നു. പരീക്ഷകളില്‍ തോല്ക്കുന്നു.

പെട്ടെന്നൊരുനാള്‍ നിങ്ങളുടെ അമ്മ ദുഖിതനായ അച്ഛനേയും, അങ്ങേയറ്റം നിസ്സഹായയായ അനിയത്തിയേയും , നിങ്ങളേയും പുറകിലാക്കി വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നു. ആഴമേറിയ ഒരു ഗര്‍ത്തത്തിലേക്ക് പതിച്ചതായും, കരകയറാനാകാതെ അവിടെക്കിടന്ന് കൈകാലിട്ടടിക്കുന്നതായും നിങ്ങള്‍ക്ക് തോന്നുന്നു.

ഇതെല്ലാം നിങ്ങള്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. കൊല്ലപ്പരീക്ഷ അടുത്തുവരുന്നതു കൊണ്ട് മറ്റെല്ലാം മറന്ന് പഠനത്തില്‍ ശ്രദ്ധിക്കാന്‍ തന്നെ നിങ്ങള്‍ തീരുമാനിക്കുന്നു. ഇതിനിടെ നിങ്ങളുടെ മാറ്റം തിരിച്ചറിഞ്ഞ നിങ്ങളുടെ കൂട്ടുകാര്‍ നിങ്ങളെ സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നു.നിങ്ങളെ ഒട്ടിപ്പിടിച്ച ആ മൌനത്തിന്റെ പാട വകഞ്നുമാറ്റാന്‍, പഴയ മിടുക്കിക്കുട്ടിയാക്കാന്‍ ഒക്കെ അവര്‍ കിണഞ്ഞു പരിശ്രമിക്കുന്നു. അവരതില്‍ കുറേശ്ശെ വിജയം കണ്ടുതുടങ്ങുന്നു. നിങ്ങള്‍ പത്താം ഗ്രേഡിലേക്ക് ജയിക്കുന്നു.(കഷ്ടിച്ച്)

എന്നാല്‍ പെട്ടെന്ന് അമ്മ വീണ്ടും നിങ്ങളുടെ വീട്ടിലേക്ക് കയറി വരികയാണ്. മാനസികനില തെറ്റിയതുപോലെ പെരുമാറുന്ന അവര്‍നിരന്തരം നിങ്ങളേയും അനിയനേയും കൊല്ലുമെന്ന് ഭീഷണിമുഴക്കിത്തുടങ്ങുന്നു. പലപ്രാവശ്യം ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു.


നിങ്ങളുടെ അച്ഛന്‍ നിങ്ങളോട് ജനിച്ചുവളര്‍ന്ന നാടിനേയും,സുഹൃത്തുക്കളേയും -നിങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാര്‍, നിങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യം, എല്ലാ വേദനയിലും നിങ്ങള്ക്കൊപ്പം നിന്നവര്‍, നിങ്ങളെ വേദനയില്‍ നിന്നും കരകയറ്റി സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയര്ത്തിയവര്‍, നിങ്ങള്‍ ദുഃഖിതരായിരിക്കുമ്പോള്‍ നിങ്ങളെ ശാസിച്ചിരുന്നവര്‍, അദൃശ്യമായ ഏതോ ഒരു പശിമയാല്‍ പരസ്പരം ഒട്ടിപ്പിടിച്ചിരിക്കുന്നവര്‍, ഈ ഭൂമിയിലെ നിങ്ങളുടെ ഏക സാന്ത്വനവും, സന്തോഷവും-വിട്ട് ഇന്ത്യയിലേക്ക് പോകാന്‍ അഭ്യർത്ഥിക്കുന്നു. നിങ്ങള്‍ സമ്മതിക്കാതാവുമ്പോള്‍ അദ്ദേഹം കരഞ്ഞ് യാചിക്കുന്നു. കാലുപിടിക്കുന്നതുപോലെ കെഞ്ചുന്നു. വീട്ടിലെ പ്രശ്നങ്ങള്‍ മേല്‍‌വിവരിച്ചതുമാത്രമല്ല, നിങ്ങളുടെ അച്ഛന് സാമ്പത്തികമായും അങ്ങേയറ്റം തകര്‍ന്നിരിക്കുകയാണെന്നും, ഒരു ജന്മം കൊണ്ടു വീട്ടിത്തീര്ക്കാനാവാത്ത കടക്കെണിയില്‍ അദ്ദേഹം മുങ്ങിപ്പോയിരിക്കുന്നുവെന്നും നിങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നു. ഒടുവില്‍ എല്ലാ സന്തോഷവുമുപേക്ഷിച്ച് നിങ്ങളും, അനിയത്തിയും ഇന്ത്യയിലുള്ള അങ്കിളിന്റെ വീട്ടിലേക്ക് തിരിക്കുന്നു.

ഇവിടെ വന്നപ്പോഴാണ് അറിയുന്നത് ഒമ്പതാം ക്ലാസ്സിലെ താഴ്ന്ന മാര്‍ക്കു കാരണം ഇവിടുത്തെ സ്കൂളുകാർ നിങ്ങളെ പത്താംക്ലാസ്സില്‍ പ്രവേശിപ്പിക്കുകയില്ല. ഒമ്പതിലേ നിങ്ങള്‍ക്ക് പ്രവേശനം ലഭിക്കുകയുള്ളു. അതും ഒരാഴ്ച കഴിഞ്ഞാല്‍ ഉള്ള പ്രവേശനപ്പരീക്ഷയില്‍ അറുപതുശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചാല്‍ മാത്രം. സത്യത്തില്‍ അവിടെ ക്ലാസ്സ് തുടങ്ങി ഏതാനും മാസമായി. ഒമ്പതിലെ പാഠഭാഗങ്ങളെല്ലാം നിങ്ങള്‍ മറന്നുതുടങ്ങിയിരിക്കുന്നു. ഒരാഴ്ചകൊണ്ട് എല്ലാം പഠിക്കാന്‍ നിങ്ങള്‍ക്കാകുമോ?

എല്ലാ ചിന്തകളും നിങ്ങളിലേക്കോടിയെത്തുന്നത് രാത്രിയിലാണ്. അതുകൊണ്ടുതന്നെ മാസങ്ങളായി നിങ്ങള്ക്കുറക്കമില്ല. എങ്ങനെയെങ്കിലും ഒന്നുറങ്ങിയാലും ഏതെങ്കിലും ദുസ്സ്വപ്നത്തിന്റെ മാറിലേക്ക് വിയര്പ്പില്‍ കുളിച്ചു ചാടിയെണീക്കും. പിന്നീട് സൂര്യനുദിക്കും വരെ അസ്വസ്ഥചിന്തകളും പേറി നിങ്ങളുണര്‍ന്നിരിക്കും.

എക്സാമിനോടുള്ള പേടികാരണം ഈയിടെയായി എന്തുകഴിച്ചാലും നിങ്ങള്‍ ഛർദ്ധിക്കും. ഇന്നു വൈകുന്നേരം മുതല്‍ നിങ്ങള്‍ക്ക് അസഹ്യമായ തലവേദനയുമുണ്ട്. അതുകൊണ്ട് നിങ്ങളെഴുന്നേറ്റ് കിടക്കാന്‍ പോകുന്നു. വേഗത്തില്‍ നിങ്ങളുറങ്ങിപ്പോകുന്നു. ഉറക്കത്തില്‍ വളരെകാലങ്ങള്‍ക്കു ശേഷം നിങ്ങളുടെ പഴയ ജീവിതം നിങ്ങളുടെ സ്വപ്നത്തില്‍ കടന്നുവരുന്നു.

നിങ്ങള്‍ ആ പഴയ കുട്ടിയായി, കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നു. സ്നേഹമുള്ള മാതാപിതാക്കള്‍ക്കൊപ്പം ഫണ്‍‌ലാന്ഡില് പോകുന്നു, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. അനിയത്തിക്കൊപ്പം കിടപ്പുമുറിയിലെ ഇരുട്ടില്‍ വഴക്കിടുന്നു. ബഹളം കേട്ട് ഓടിയെത്തുന്ന അമ്മ കപടഗൌരവത്തോടെ നിങ്ങളെ ശകാരിക്കുന്നു. ആ മനോഹര സ്വപ്നത്തിനിടയില്‍ നിങ്ങളുടെ അങ്കിളിന്റെ മകന്‍ മുറിയിലെത്തി ചെവിപൊട്ടുന്നവിധത്തിൽ ഒച്ചയുണ്ടാക്കി നിങ്ങളെ ഉറക്കത്തില്നിന്നും എഴുന്നേല്പ്പിക്കുന്നു. സ്വപ്നവും ഉറക്കവും മുറിഞ്ഞ് പെട്ടെന്ന് പഴയ തലവേദനയിലേക്ക് പറന്നിറങ്ങേണ്ടിവന്ന വെപ്രാളത്തില്‍ നിങ്ങളറിയാതെ നിങ്ങളുടെ കസിനെ അടിച്ചുപോകുകയും, അവനുറക്കെ കരയുകയും ചെയ്യുന്നു.

ഉടനെ നിങ്ങളുടെ ആന്റി വലിയശബ്ദത്തോടെ മുറിയിലേക്ക് ഇരമ്പിക്കയറിവന്ന് അവരുടെ അസുഖത്തെപ്പറ്റിയും, അസുഖം കാരണം നിങ്ങള്ക്കുണ്ടാക്കിത്തരാൻ കഴിയാതിരുന്ന ചിക്കന്‍ കറിയേയും, ഫ്രെഞ്ച് ഫ്രൈസിനേയും പറ്റി ആരോടെന്നില്ലാതെ ഉറക്കെ ദേഷ്യപ്പെട്ട് പ്രസംഗിച്ചാലോ?

നിങ്ങള്‍ കുറച്ചുനേരം മൌനമായിരുന്ന് , പിന്നെ പതിയെ എഴുന്നേറ്റ് ടോയ്ലറ്റില് പോയി വീണ്ടും ഛര്ദ്ധിച്ചു തിരികെ വന്നു മിണ്ടാതിരിക്കുകയല്ലാതെ എന്തു ചെയ്യും അല്ലേ?

ദിസ് ഈസ് എക്സാറ്റ്ലി വാട്ട് ഹാപ്പെന്ഡ് റ്റു മി റൈറ്റ് നൌ...ആന്ഡ് ഐ ഹാവ് നോ ക്ലൂ അബൌട്ട് വാട്ട് റ്റു ഡു.

ഓരോ തവണ അച്ഛനോട് ഫോണില്‍ സംസാരിക്കുമ്പോഴും എന്റെ ഹൃദയം അദ്ദേഹത്തോടെന്നെ തിരികെ കൊണ്ടുപോകാൻ യാചിക്കാന്‍ വെമ്പും. പക്ഷേ ഒന്നും മിണ്ടാന്‍ കഴിയാറില്ല.പക്ഷേ അനിയത്തിയതില്‍ വിജയിച്ചു. അവള്‍ നാളെ ഖത്തറിലേക്ക് തിരികെപ്പോകുകയാണ്.(ലക്കി ഹെർ)

സാരമില്ല എന്റെ ഇന്നത്തെ സ്ഥിതിയില്‍ എനിക്കു സന്തോഷമില്ലെങ്കിലും ഞാന്‍ തകര്ന്നുപോകുന്നില്ല.
ഇപ്പോള് തല്ക്കാലം ഞാന്‍ ആഗ്രഹിക്കുന്നത് അല്പം ഉറക്കം മാത്രമാണ്.സുഖമായ നീണ്ട ഗാഢ നിദ്ര

സർവ്വശക്തനായ ദൈവമേ
ഇന്നത്തെ രാത്രിയിൽ നല്ലസ്വപ്നങ്ങള്‍ അകമ്പടി സേവിക്കുന്ന സുഖനിദ്രയെനിക്കേകുക. ഹെല്പ് ആന്ഡ് ബ്ലെസ്സ് ദിസ് പുവർതിംഗ് ആന്ഡ് മേക്ക് ഹേര്‍ ലൈഫ് എ ലിറ്റില്‍ മോര്‍ ബെറ്റര്‍.

നാളത്തെ പരീക്ഷയില്‍ എന്നെ വിജയിപ്പിക്കുക.
ഐ ആസ്ക് ദീസ് ഓണ് യുവര് ഹോളി നെയിം.

കഥ ടീനേജ് ഡയറി തുഷാരത്തിന്റെ ഓണപ്പതിപ്പില്‍