Thursday, December 10, 2009

നഷ്ടമുദ്ര ചിന്തിപ്പിക്കുന്നത്

ഡാൻ ബ്രൌണിന്റെ “ലോസ്റ്റ് സിമ്പൽ” എന്ന നോവലിൽ നോയിട്ടിക് ശാസ്ത്രജ്ഞയായ കാതറീൻ ആത്മാവിന്റെ ഭാരം അളക്കുന്നുണ്ട്.കാതറീന്റെ “സ്പെസിമൻ” ആകാൻ തയ്യാറായ മരണാസന്നനായ മനുഷ്യനെ അദ്ദേഹത്തിന്റെ ഭാര്യയും,ഒരു സഹായിയും ചേർന്ന് വായുകടക്കാത്ത ഒരു സിലിണ്ട്രിക്കൽ ചേം‌ബറിനുള്ളിൽ അടക്കുന്നു.ദ്രവ്യത്തിന്റെ സകല അവസ്ഥകളിൽ നിന്നും ഒരുകണികപോലും നഷ്ടമാവാത്ത വിധത്തിൽ അത് അടക്കുന്നു.സിലിണ്ടറിൽ പുറത്തുള്ളവർക്ക് വ്യക്തമായും കാണാവുന്ന വിധത്തിൽ ഒരു വെയിംഗ് സ്കെയിലും ഉണ്ട്.എന്തായാലും നിമിഷങ്ങൾക്കകം “സ്പെസിമൻ” ജീവൻ വെടിയുന്നു.ഉദ്വേഗഭരിതമായ നിമിഷങ്ങൾക്കുശേഷം വലിയ തോതിൽ അല്ലെങ്കിലും സിലിണ്ടറിലെ ഭാരം കുറഞ്ഞതായി അടയാളസൂചികയിൽ കാണുന്നു.ആ കുറഞ്ഞഭാരം ആത്മാവിന്റേതാണെന്ന് കാതറിനും,സഹോദരനായ പീറ്റർ സോളമനും നായകനായ പ്രഫസ്സർ ലാംഗ്ടനെ ബോധ്യപ്പെടുത്തുന്നു.(എന്തൊക്കെ ഇല്ലേലും കക്ഷിക്ക് വെയിറ്റുണ്ട്.)

ഇതുവായിച്ച് പത്തുമിനിറ്റു കഴിഞ്ഞപ്പോഴാണ് ഒരു ചുള്ളിക്കമ്പ് കണ്ടാൽ അതിനെക്കുറിച്ചോർത്ത് ചിന്തിച്ച് ചിന്തിച്ച് കറങ്ങിത്തിരിഞ്ഞ് ചുള്ളിക്കാടിലും,പിന്നത് കുറ്റിക്കാട്ടിലും അവിടുന്നും കയറി ജോർജ്ജ്ബുഷിന്റെ കാര്യാലയത്തിൽ വരെ ചുമ്മാ കൂളായി കയറിപ്പോകുന്ന എന്റെ ബുദ്ധിക്ക് പണികിട്ടിയത്.

അതായത് നാം എന്തും അനുഭവിച്ചറിയുന്നത് പഞ്ചേന്ദ്രിയങ്ങൾ വഴിയാണ്.ദ്രവ്യത്തിന്റെയോ മറ്റോ പല അവസ്ഥകൾ മൂലമാണ്.എന്നുവച്ചാൽ ഭൂമിയിൽ സംജാതമായ എന്തൊക്കെയോ വഴി.കോടാനുകോടി ഗ്രഹങ്ങളിൽ ഈ അവസ്ഥകൾക്കതീതമായ പലതും നിലവിലുണ്ടാവില്ലേ?അവരുടേതായ അവസ്ഥയിൽ അവയൊക്കെ ജീവിക്കുന്നുണ്ടാവില്ലേ?ജീവൻ എന്നാൽ ഓക്സിജന്റെയും,ഹൈഡ്രജന്റെയും,അമിനോ ആസിഡുകളുടെയും മറ്റും സാമിപ്യമെന്നത് മനുഷ്യരായ നമുക്കല്ലേ?ഭൂമിയിലില്ലാത്ത ലവണങ്ങളും,മൂലകങ്ങളും അല്ലെങ്കിൽ നമുക്കു പേരിടാനാവാത്ത പല അവസ്ഥകളും അവയുടേതായ ജീവൻ ഉത്പാദിപ്പിച്ച് നിലനിർത്തുന്നുണ്ടാവില്ലെ?

ഇനി ഒരു പടവുകൂടി കടന്നുചിന്തിച്ചാൽ നാം വിശ്വസിക്കുന്നപ്രകാരം നമുക്ക് ആത്മാവിനെ കാണാനാവില്ലെങ്കിലും ആത്മാവിന് നമ്മെ കാണാനാകും എന്നാണ്.അതുപോലെ ചന്ദ്രനിൽ ഒക്കെ ജീവൻ ഉണ്ടെങ്കിൽ(ഇതിഹാസങ്ങൾ പറയുന്നത് മരണാനന്തരം ആത്മാക്കൾ നിവസിക്കുന്നത് ചന്ദ്രനിൽ ആണെന്നൊക്കെ അല്ലെ?) നാമവരെ കാണുന്നില്ലെങ്കിലും അവർക്ക് നമ്മെ കാണാമെന്നുണ്ടെങ്കിൽ നമ്മുടെ ചേട്ടന്മാർ വളരെ കഷ്ടപ്പെട്ട് ഈ ഉപഗ്രഹത്തിൽ ചെന്നിറങ്ങി,ഭാരിച്ച വസ്ത്രങ്ങളും വായുഅറകളും ചുമന്ന് കയ്യും കാലും ഉറക്കാതെ ഒഴുകിനടന്ന് ഇവിടെ മണ്ണുണ്ടോ,വെള്ളമുണ്ടോ,ജീവനുണ്ടോ,പുഴയുണ്ടോ എന്നൊക്കെ കാര്യമായിട്ട് പരിശോധിക്കുമ്പോ തൊട്ടടുത്ത് കൂട്ടം കൂടി വന്നു നിന്ന് അവർ പറയുന്നതെന്താവും?
വാല്..പണ്ടൊക്കെ എന്തുപറഞ്ഞാലും എല്ലാവരും കളിയാക്കുകയോ,ചീത്തപറയുകയോ ചെയ്യുന്നത് കൊണ്ട് ഞാൻ കഷ്ടപ്പെട്ടു കണ്ടെത്തിയ ചില കണ്ടുപിടുത്തങ്ങൾ വലുതായി വല്യ ശാസ്ത്രജ്ഞയാകുമ്പോൾ മാത്രം പുറത്തുവിടാം എന്നുകരുതി മനസ്സിൽ അടക്കിപ്പിടിച്ചു നടക്കണ്ടി വന്നിരുന്നു.അന്നൊക്കെ ഉറുമ്പു എത്ര ഉയരത്തുനിന്നു വീണാലും ഒന്നും പറ്റില്ല കാരണം അതിനു അസ്ഥികളില്ല,സൂര്യനിൽ പോകണമെങ്കിൽ ഇരുമ്പുകുപ്പായം ഇട്ടു പോയാൽമതി എന്നൊക്കെയുള്ള കണ്ടുപിടുത്തങ്ങൾ എന്റെ പാവം കുഞ്ഞു മനസ്സിലിരുന്നു വിങ്ങിയിരുന്നു.ഇന്നിപ്പോ തോന്നലുകളൊക്കെ തോന്നുമ്പൊ പുറത്തുവിട്ട് എന്റെ കോഴിക്കുഞ്ഞിന്റെ കരളോളം പോന്ന മനസ്സിനെ ടെൻഷൻ ഫ്രീ ആക്കിവക്കാൻ സഹായിക്കുന്ന ബ്ലോഗ്ഗറിനുമ്മ.