Friday, January 23, 2015

എന്റെ ശീലങ്ങൾ മനുഷ്യരുടേതല്ല, ഏകാന്തതയുടേതാണ്

എനിക്കൊന്നിനും വയ്യായേ എന്ന് സകലസമയവും നിലവിളിച്ച് ആൾക്കാരെ മുഴുവൻ വെറുപ്പിച്ച് ഇരിക്കുന്ന ഒരു വിഷാദക്കാലത്താണ്. എന്റെ ഏതുനേരവും ഉള്ള “സങ്കടം വന്ന് നെഞ്ച് വേദനിക്കുന്നേ” എന്ന എണ്ണിപ്പെറുക്കൽ സഹിക്കാൻ പറ്റാതെ ആണെന്ന് തോന്നുന്നു സുഹൃത്തുക്കളായ ഷീബാ അമീറും, ഡോക്ടർ ലതയും, കൃഷ്ണയും കൂടി എന്നെ ഒരൊഴിവുദിവസം കാറിൽ എടുത്തിട്ട് കൊണ്ടുപോയത്. കളിച്ച് ചിരിച്ച് ചളിയടിച്ച് ഒരു വിധത്തിൽ സന്തോഷിച്ച് കുറെ എത്തിയപ്പോൾ പെട്ടെന്നാണു വഴിയരികിൽ പരിചിതമായ റെയിൽ‌പ്പാത തെളിഞ്ഞതും, ഈ കലാമണ്ഠലം എന്നുപറയുന്ന സാധനം നിളാതീരത്താന്നു കുടുമ്മത്തൂന്നു ഓർക്കണാരുന്നു എന്നു ഞാൻ തലയിൽ തല്ലിയതും. ആ നേരത്ത് “എനിക്ക് ഇപ്പോ വീട്ടീപ്പോണം“ന്ന് പറഞ്ഞാൽ തല്ല് കിട്ടും എന്ന് യാതൊരു സംശയം ഇല്ലാതിരുന്നതുകൊണ്ട് മിണ്ടാതെ വീണ്ടും അടുത്ത മൂഡ്സ്വിംഗിലേക്ക്. 

“സ്നേഹസംഗമം” നടക്കുന്ന വള്ളത്തോൾ സ്മാരകമന്ദിരത്തിലേക്ക് ഞങ്ങളെത്തുമ്പോൾ മണ്ഠപത്തിനകത്തെ വേദിയിൽ അകമ്പടി വാദ്യങ്ങൾ ഒന്നുമില്ലാതെ ചമ്രം‌പടിഞ്ഞിരുന്ന് ആരോ പുല്ലാങ്കുഴൽ വായിക്കുന്നുണ്ട്. കാണികൾ ചുറ്റുമുള്ളതൊന്നും അറിയാതെ കണ്ണടച്ച് തലയാട്ടി മറ്റേതോ ലോകത്തെന്നത് പോലെ. എന്റെ കൂടെ വന്നവരൊക്കെ നിലത്തിനു പേടി ആകും എന്ന മട്ടിൽ നടന്ന് പതിയെ മണ്ഠപത്തിൽ ഇരുന്നു. എനിക്ക് ആ പതിഞ്ഞ സംഗീതവും, ആൾക്കാരുടെ ശരീരഭാഷയും അത്ര ഉൾക്കൊള്ളാൻ പറ്റുന്നില്ല. അതല്ല ഞാൻ അതിനിടയ്ക്ക് ഒട്ടും ചേരുന്നില്ല എന്നതാവും കൂടുതൽ ശരി. നമക്ക് വല്ല ഡപ്പാങ്കുത്തും വച്ച് തുള്ളാനേ അറിയൂ. ഈ അന്തരീക്ഷം ശരിയാകില്ല, എനിക്ക് ഈ വക വലിയ കാര്യങ്ങളൊന്നും മനസ്സിലാകേം ഇല്ല. എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു. തൊട്ടടുത്ത കെട്ടിൽ പണ്ടത്തെ കാർഷികോപകരണങ്ങൾ പ്രദർശിപ്പിച്ച് വച്ചിട്ടുണ്ട്. അതു കാണാൻ കൊള്ളാം. അതെന്തൊക്കെയാന്നു ചോദിക്കാമെന്നു വച്ചാൽ അവിടെങ്ങും ആരും ഇല്ല. അല്പം മാറി വള്ളത്തോളിന്റെ ശവകുടീരം. ചുറ്റിനും കറുപ്പും നീലയും ഇഴയിട്ട പച്ചപ്പ്. ആ പുല്ലിലൊക്കെ നടക്കാനും മരങ്ങളിൽ നിന്നും തൂങ്ങിക്കിടക്കുന്ന വള്ളികളിൽ ഒക്കെ തൊട്ടുനോക്കാൻ കൊതി തോന്നിയെങ്കിലും തൊട്ടശുദ്ധമാക്കാൻ തോന്നിക്കാത്ത എന്തോ അന്ന് ആ പരിസരത്തുണ്ട്. വനദേവതമാരുടെ ആ അദൃശ്യഭയപ്പെടുത്തലാകണം ഞാനിന്നേവരെ കാണാത്തത്ര പച്ചയിൽ ഓരോ ഇലയിലും തങ്ങിനിൽക്കുന്നത്. മടങ്ങി വീണ്ടും ആ കോട്ടേജിനടുത്തു തിണ്ണയിൽ ഒറ്റയ്ക്ക് ചെന്നിരുന്നു. പുല്ലാങ്കുഴൽ സ്വരം പിൻ‌തുടരുന്നുണ്ട്. ഇപ്പോൾ ഞാനും കണ്ണടച്ച് ധ്യാനത്തിലാണു. ഇപ്പോളെനിക്കും എന്തൊക്കെയോ മനസ്സിലായി വരുന്നുണ്ടെന്ന് തോന്നുന്നു. 

ഇടയ്ക്ക് ശബ്ദം കേട്ട് തിരിഞ്ഞുനോക്കി. ആ കാർഷികോപകരണങ്ങൾ വച്ചിരിക്കുന്നിടത്തേക്ക് ക്യൂരേറ്ററും ചില അഥിതികളും കൃഷ്ണയും വന്നതാണ്. കൃഷ്ണ ക്യൂറേറ്റർക്കൊപ്പം ഒരു വിദേശവനിതയ്ക്ക് കാർഷികോപകരണങ്ങളെപ്പറ്റി വിവരിച്ചു കൊടുക്കുന്നതിനൊപ്പം ഫോട്ടോ എടുക്കുന്നുണ്ട്. ഇറങ്ങിച്ചെന്നു ഞാനും കൂട്ടത്തിൽ കൂടി. അങ്ങനെ എപ്പോഴോ കൃഷ്ണ മറ്റൊരു വഴിക്കായി, ക്യൂറേറ്റർ മറ്റൊരു സംഘത്തിനൊപ്പം, ബാക്കി ചിലർ വേറെ വഴിയ്ക്ക്, പിന്നെ ഞാനും ലോർ എന്ന ആ അമേരിക്കൻ യുവതിയും മാത്രമായി. മറ്റെന്തൊക്കെയോ സംസാരിച്ച് ഒടുവിൽ അവരെന്നെപ്പറ്റി ചോദിച്ചു. ആ ധൈര്യത്തിൽ ഞാനവരെപ്പറ്റിയും. ലോർ എന്നാണു പേര് നർത്തകിയാണ്. പരിശീലിക്കുന്ന നൃത്തരൂപം ഏതെന്നു ചോദിച്ചപ്പോൾ അതിനു പേരൊന്നുമില്ല., മനസ്സിൽ നിന്നും വരുന്ന ചലനങ്ങൾ അനുഷ്ഠിക്കുന്നു, അതു ചിലരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു എന്ന് ധ്യാനത്തിൽ നിന്നെന്നോണം മറുപടി കിട്ടി. അതുകേട്ട് വെറുതെ ഞാനവരെ അരക്കെട്ടിൽ ചേർത്തുപിടിച്ചു. നിനക്കതു മനസ്സിലാകും അല്ലേന്ന് അവരും ചിരിച്ചു.
സംസാരിച്ച് വീണ്ടും ഞങ്ങൾ മണ്ഠപത്തിനകത്തെത്തി. ലോർ നേരെ ഏറ്റവും മുന്നിൽ ചെന്നിരുന്നു, ഞാൻ തിരിഞ്ഞ് ഏറ്റവും പുറകിലെ നിരയിലേയ്ക്കും. അവിടെ ആരുടെയോ ഫോട്ടോഗ്രാഫി പ്രദർശനം. പിന്നേയും എന്തൊക്കെയോ. അല്പം കഴിഞ്ഞ് ചായ കുടിയ്ക്കാൻ ഉള്ള ബ്രേയ്ക്. ആ സമയത്തും അത്ര വല്യ ആൾക്കൂട്ടത്തിലും രണ്ട് അറ്റങ്ങളിൽ ഇരുന്നിരുന്ന എങ്ങനെയോ വീണ്ടും അടുത്തെത്തി. ഞാൻ അടുത്തെങ്ങാൻ എന്തെങ്കിലും എഴുതിയിരുന്നോ എന്ന് അന്വേഷിച്ചു ലോർ. ഇല്ല എന്നുത്തരവും കൊടുത്തു. “ഇപ്പോൾ മനസ്സിലുള്ള വിഷാദം ശൂന്യതയ്ക്കു വഴിമാറും, ആ ശൂന്യതയിലേക്ക് പതുക്കെ ഒന്നു വന്നു നിറയും, അതെഴുതാം.” എഴുതാറുണ്ട് എന്നല്ലാതെ എനിക്ക് എഴുതാൻ പറ്റുന്നില്ലെന്നോ വിഷമം ഉണ്ടെന്നോ ഞാൻ അവരോട് പറഞ്ഞിരുന്നില്ല. എന്റെ മനസ്സിലെ ആശയക്കുഴപ്പം മനസ്സിലായിട്ടാവണം നർത്തകിയായി ഉലകം ചുറ്റുന്ന കാലത്തിനും മുൻപ് താൻ ഇരുപത്തഞ്ചു വർഷത്തോളം സൈക്യാട്രിസ്റ്റ് ആയി പ്രാക്റ്റിസ് ചെയ്തിരുന്നു എന്നു പറഞ്ഞു. 

ഇനി ബാവുൾ ആണു എന്നുപറഞ്ഞ് അവർ വേഗം ചായ കുടിച്ച് അവസാനിപ്പിച്ച് അകത്തേയ്ക്കു നടന്ന് വീണ്ടും തിരക്കിൽ മറഞ്ഞു. വേദിയിൽ മുടി ഉയർത്തിക്കെട്ടിവച്ച് രുദ്രാക്ഷമണിഞ്ഞ് ശാന്തയായി ഇരുപത് ഇരുപത്തിരണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന സുന്ദരിയായൊരു പെൺകുട്ടി. ബാവുൾ ശാന്തി. ശരീരത്തിന്റെ ഭാഗമെന്നോണം ചേർത്തുവച്ചിരിക്കുന്ന ഖമകും ഏക്താരയും. പാടുമ്പോഴും ഓരോ കീർത്തനത്തിനും മുൻപ് അതെപ്പറ്റി വിവരിക്കുമ്പോഴും മറ്റേതോ ലോകത്തുനിന്നും വരുന്നതുപോലെ നേർത്തശബ്ദം. ഏറ്റവും ശാന്തമായിരുന്ന് ആ ശാന്തതയ്ക്ക് ഒട്ടും ഭംഗം വരാതെ ഉള്ള ആലാപനം, അതോടൊപ്പം ശ്വാസോച്ഛാസം പോലെ തികച്ചും സ്വാഭാവികമായ ഏതോ ജൈവക്രിയ നിർവ്വഹിക്കുന്ന അനായാസതയിൽ ഏക്താരയിലൂടെയും ഖമകിലൂടെയും വിരലുകൾ ചലിക്കുന്നു.കബീറും,രബിന്ദറുമെല്ലാം എങ്ങുനിന്നോ എന്നപോലെ ഒഴികിയിറങ്ങുന്നുണ്ട്. അതിനിടയ്ക്ക് ഫോട്ടോ എടുക്കുന്നവരോട് അരുതെന്ന് പറയണമെന്നുണ്ടായിരുന്നു. അത്രയ്ക്ക് ലോലമായിരുന്നു ആ ശാന്തത. വളരെച്ചെറിയ ഒരു ശബ്ദമോ വെളിച്ചമോ അതിനെ എങ്ങനെയാണു ബാധിക്കുക എന്നൊരു പേടിതോന്നിപ്പോയി.
എല്ലാം കഴിഞ്ഞ് പുറത്തേയ്ക്കിറങ്ങിവന്ന ശാന്തിയെ ഞാൻ സ്നേഹത്തോടെ ഒന്നു തൊട്ടതും അതിലും സ്നേഹത്തോടെ അവളെന്നെ ഒന്നു ഇറുക്കിപ്പിടിച്ഛ് ചേർന്നു നിന്നു. പിന്നെ ഭർത്താവിൽ നിന്ന് നാലുമാസം പ്രായമുള്ള മകൻ വനമാലിക്കിനെ കയ്യിലേയ്ക്ക് വാങ്ങി ഒരുപാട് ആളുകൾ നിറഞ്ഞ ആ വരാന്തയിലെ പടികളിൽ ഒന്നിൽ വളരെ അനായാസമായി കാലുനീട്ടി ഇരുന്ന് മുലകൊടുക്കുവാൻ തുടങ്ങി. ചുറ്റുമുള്ള ആരെയും നോക്കാതെ, മറവ് അന്വേഷിക്കുവാനോ തുറന്നുവച്ച മുലകളെ മേൽമുണ്ട് കൊണ്ട്(അങ്ങനെ ഒന്ന് അവൾ ധരിച്ചിട്ടും ഇല്ലായിരുന്നു)തത്രപ്പെട്ട് മറയ്ക്കാനോ നിൽക്കാതെ പാട്ടുപാടുമ്പോൾ ഇരുന്ന അതെ ശാന്തതയോടും അന്തസ്സോടും കൂടെ. ആ ശാന്തത പകർന്നാവണം ചുറ്റുമുള്ള ആരും ഒളിച്ച് നോക്കാനോ ഒഴിഞ്ഞ്മാറാനോ മുതിരാതിരുന്നത്. എല്ലാവരും ചെയ്തുകൊണ്ടിരുന്നതെല്ലാം അതേ സ്വാഭാവികതയോടെ തുടർന്നു. ആ ശാന്തത പകർന്നുകിട്ടിയ ഞാനും ടോപ്പിന്റെ സ്ലിറ്റ് എവിടെ കിടക്കുന്നു എന്നു ശ്രദ്ധിക്കാതെ അടുത്തുള്ള മറ്റൊരു പടിയിൽ ഇരുന്നു. ചുറ്റും മണ്ഠപങ്ങൾ പോലെ നിൽക്കുന്ന ക്ലാസ്സ്മുറികൾക്കു ചുറ്റും നേരത്തേകണ്ട  വനദേവതളുടെ കയ്യൊപ്പുള്ള അതേ പച്ചപ്പ്. അതിലേക്ക് കനത്ത് ഇരുണ്ട് പെയ്യുന്ന മഴ. ഞങ്ങൾ ഇരിക്കുന്നതിനു താഴെ മഴവെള്ളത്തിൽ കുതിർന്ന ചളിമണ്ണിൽ കുട ചൂടാതെ ചെരിപ്പിടാതെ പാദസരം ഇട്ട കാലുമായി രണ്ടോ മൂന്നോ വയസ്സ് പ്രായം വരുന്ന ഒരു കുഞ്ഞി കളിയ്ക്കുന്നുണ്ട്. അവളെ നോക്കി വരാന്തയിൽ ഇരിക്കുന്ന അവളുടെ അമ്മയുടെ മുഖത്ത് ആ കളിയുടെ രസം പിടിച്ച മട്ടുമാത്രം. ചെരിപ്പിന്റേം കുടയുടേയും ഒന്നും ആവലാതിയില്ല. 

ഊണുകഴിയ്ക്കുന്നിടത്തേയ്ക്ക് എത്താൻ വൈകിപ്പോയ എനിക്ക് മേശയ്ക്കരികിൽ സ്ഥലമില്ലാത്തതുകൊണ്ട് പരിചയക്കാരനും കലാമണ്ഠലം വിദ്യാർത്ഥിയുമായ സലിം തിണ്ണയിൽ ഇരുന്ന് കഴിക്കാൻ ഉള്ള സൌകര്യം ചെയ്തുതന്നു. കഴിച്ചു തുടങ്ങി അധികമാകും മുൻപേ എത്താൻ വൈകിപ്പോയ ഒരാളെക്കൂടെ അരികിൽ കൂട്ടിനു കിട്ടി.ലോർ. കഴിച്ചു കൈ കഴുകാൻ താഴെ ഒരു ചരിവിലേയ്ക്കിറങ്ങിയപ്പോൾ പ്രശസ്ത വൈൽഡ് ഫോട്ടോഗ്രാഫർ നസീർക്ക അടക്കം ഒരുപാട് പ്രശസ്തരായ പുരുഷുകൾ കഴിച്ച പാത്രം കഴുകുന്ന സുന്ദരൻ കാഴ്ച! 

അവിടവിടെ നിന്ന് എല്ലാവരും പരസ്പരം പരിചയപ്പെടുന്നുണ്ട്. ആ പരിപാടി അതാണു. സ്നേഹസംഗമം. തങ്ങളുടെ മേഖലകളിൽ പ്രശസ്തരായ കുറേപ്പേർ ഒന്നിച്ചു കൂടുന്നു, പുതിയ സൌഹൃദങ്ങൾ ഉണ്ടാക്കുന്നു, ഉള്ളതു പുതുക്കുന്നു. മര്യാദയുടെ പേരിൽ ഇങ്ങോട്ട് പരിചയപ്പെടാൻ വന്നവരോട് വളരെ ചുരുങ്ങിയ ഭാ‍ഷയിൽ സംസാരിച്ച് ഞാൻ അവിടെ നിന്ന് ഒറ്റയ്ക്കിരിക്കാൻ പറ്റിയ സ്ഥലം നോക്കി നടന്നു. ഒരു ചടങ്ങിൽ നിന്ന് സൌഹൃദങ്ങൾ ഉണ്ടാക്കുന്ന വിദ്യ എനിക്ക് അപരിചിതമാണ്. നല്ല സുന്ദരൻ ആൾക്കാർ അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലേയ്ക്ക് എവിടെ നിന്നൊക്കെയോ അങ്ങനെ അങ്ങ് കയറി വരുന്നതാണ്. പിന്നെ അവരങ്ങു പോയാലും എത്ര വേദനയ്ക്കൊടുവിലും ഒടുവിൽ ബാക്കിയാകുന്നത് ഓർത്താൽ ഒരുപാട് ഇരുന്ന് ചിരിക്കാൻ മാത്രം തോന്നുന്ന ഒരുപാട് സുന്ദരൻ നിമിഷങ്ങളും. 

എനിക്കൊന്ന് കിടക്കണം നല്ല ക്ഷീണം എന്ന് പറഞ്ഞുപോയ ലോർ അതേ വേഗത്തിൽ തിരിച്ചു വരുന്നതു കണ്ടു. ചാരനിറമുള്ള നീളൻ ജുബ്ബയിൽ നീളൻ മുടീം വിടർത്തിപ്പരത്തി ഒരവതാരം ഒഴുകിയൊഴുകിപ്പോകുന്നത് കണ്ടു വന്നതാണു. ലോറിനും അങ്ങനത്തെ കുപ്പായം വേണം. അതെവിടെക്കിട്ടും എന്ന് ഞാൻ ചോദിച്ചറിഞ്ഞ് കൊടുക്കണം. ശ്രീജ ആറങ്ങോട്ട്കര എന്നൊരു പേരു ഞാൻ അന്ന് ആദ്യമായി കേൾക്കുകയായിരുന്നു. കർഷകയാണെന്ന് സ്വയം പരിചയപ്പെടുത്തി. നെല്ലുണ്ട്, പിന്നെ കൊറെ നാടൻ പശുക്കളും ഉണ്ട്. ഇന്നൊരു പശുവിന്റെ പ്രസവമെടുക്കാൻ ഉണ്ടായിരുന്നതുകൊണ്ട് വൈകിയാണു ഇവിടെ എത്തിയത് എന്നൊക്കെ നിറുത്താതെ വിശേഷം പറഞ്ഞു. ലോറിനും കൃഷി താല്പര്യമുണ്ട്. പറഞ്ഞുപറഞ്ഞ് അവരൊന്നായി. ഞാൻ പുറത്തായി :). ലോർ നർത്തകിയാ‍ണെന്ന് അറിഞ്ഞപ്പോൾ വിഷയം നൃത്തമായി. ബെല്ലി ഡാൻസിന്റെ മൃദുചലനങ്ങളും ഫ്ലമിംഗോയുടെ ചടുലതയും എല്ലാം ചർച്ചയിൽ വന്നുപോയി. ശ്രീജയുടെ മകൾ നൃത്തം ചെയ്യും, ലോറും അവളുമായി ചെറുതായി ഒന്നു നൃത്തം ചെയ്യണം എന്നായി പിന്നെ. ശ്രീജയുടെ മിടുക്കി മകൾ വന്നു. അല്പനേരം മടിച്ചുനിന്ന ലോർ പിന്നെ ലാസ്യചലനങ്ങളുടെ വിസ്മയ നദിയായി ഒഴുകിപ്പരന്നു. 

“ഷി ഈസ് നോട്ട് ഡാൻസിംഗ്, ഷി ഈസ് ഡാൻസ്” ശ്രീജ മന്ത്രിച്ചു ശ്രീജയുടെ വീടിനോട് ചേർന്ന് നാട്ടുകാരെല്ലാം കൂടി നടത്തുന്ന “പാഠശാല” എന്നൊരു നൃത്തവിദ്യാലയം ഉണ്ട്. അവിടെ കൊയ്ത്തുത്സവം സാംസ്കാരികോത്സവം ആയാണു(കൾചർ ആൻഡ് അഗ്രികൾചർ) നടത്താറ്. അതിലു പങ്കെടുക്കാനുള്ള ക്ഷണവും കിട്ടി. 

ശ്രീജ ആറങ്ങോട്ടുകര പ്രമുഖ തിയറ്റർ പേഴ്സണാലിറ്റി ആണെന്ന് ഞാൻ മനസ്സിലാക്കിയത് പിന്നെ ആണു. പാഠശാല അവരുടേത് ആണെന്നും. 

പിന്നീട് പോകും വരെ ഉള്ള സമയം ഞാൻ കൃഷ്ണനാട്ടം കലാകാരന്മാർ വേഷമിടുന്നിടത്ത് ആയിരുന്നു. ചുട്ടി കുത്തൽ ആദ്യമായി കാണുകയായിരുന്നു, പേപ്പർ വെട്ടി പശ വച്ച് ചുരുട്ടി മുഖത്തെ കോപ്പ് ഉണ്ടാക്കുന്നത് പരിശീലിക്കാൻ ഏഴുവർഷം എടുത്തു എന്ന്! നാലുമണിയ്ക്ക് പോരുമ്പോൾ ലോർ മുൻ‌നിരയിൽ ഇരുന്ന് മിഴാവ് കൊട്ടുന്നത് ആസ്വദിക്കുകയാണ്. യാത്ര പറയണമെന്ന് തോന്നിയില്ല. തിരിച്ച് വരുമ്പോൾ നിളയോ വഴികളോ മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നും ഇല്ല. ഞാനും ബാവുൾ ആയതുപോലെ. പിന്നീട് മാസങ്ങൾക്കുശേഷം വനിതയിൽ ശ്രീജയേയും പാഠശാലയേയും കണ്ടു. അഡ്രസ് ഒന്നും അറിയില്ലെങ്കിലും ആറങ്ങോട്ടുകര പാഠശാല ലക്ഷ്യമാക്കി വണ്ടി വിട്ടു. കൊയ്തുകാലം ഒക്കെ ആയതുകൊണ്ട് ശ്രീജ അവിടെ കാണുമായിരിക്കാം എന്ന കണക്കുകൂട്ടൽ ആയിരുന്നു. നൂറുകിലോമീറ്റർ യാത്ര ചെയ്തു ചെന്നപ്പോൾ ശ്രീജയില്ല. അവർ ഇൻ‌കം റ്റാക്സ് സെർവ്വിസിൽ ഉദ്യോഗസ്ഥയാണു, ഇപ്പോൾ വാളയാർക്കു ട്രാൻസ്ഫറായി, ഇനി കൊയ്തിനേ വരൂ. എന്തായാലും അവിടെ നിന്ന് നമ്പർ സംഘടിപ്പിച്ച് ശ്രീജയെ വിളിച്ചു, വീടന്വേഷിച്ചു പിടിച്ച് ചെന്ന് വീടും, വയലും,പശൂം പാഠശാലേം ഒക്കെ കണ്ടു. 

ഈ മാസം ആയിരുന്നു ഉത്സവം. ആദ്യദിവസം മുസാഫിർ അഹമ്മദിന്റെ പുസ്തക പ്രകാശനം. പിറ്റേന്ന്”പെണ്ണൊളി” യിൽ പെൺ കഥകളിഗ്രൂപ്, നാടകം, ബാവുൾ തുടങ്ങി ഒരുപാട് ആകർഷണങ്ങൾ ഉണ്ടായിരുന്നു എങ്കിലും ആരോഗ്യം പോകാൻ അനുവദിച്ചില്ല. കൊയ്ത്തു നടക്കുന്നിടത്തെ പൊടി ചെസ്റ്റ് ഇൻഫെക്ഷനെ കൂട്ടും എന്ന് പേടി. ഇനി എന്നെങ്കിലും പോകാനും പങ്കെടുക്കാനും പറ്റുമായിരിക്കും. ഇല്ലെങ്കിലും സാരല്ല. 

നല്ല സുന്ദരൻ ആൾക്കാർ അപ്രതിക്ഷിതമായി ജീവിതത്തിലേയ്ക്ക് കടന്നുവരുന്നതിനെപ്പറ്റി മുൻപ് പറഞ്ഞു അല്ലേ? ഒന്നും ചെയ്യാൻ കഴിയാതെ ഇരിക്കുന്ന മരവിപ്പിന്റെ തണുപ്പിനോളം പൊള്ളുന്നതായി യാതൊന്നുമില്ല എന്ന് അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴും സ്വപ്നങ്ങളുടെ കൊട്ടാരങ്ങളിൽ അടച്ചുപൂട്ടി ചടഞ്ഞിരിക്കാതെ പുറംയാത്രകൾ നടത്താൻ എനിക്ക് തോന്നിക്കൊണ്ടിരിക്കുന്നതും അതുകൊണ്ടാണു 
Pour your cascades of happiness 
Bathing, steeping me in glee, 
Let my selfness wash away 
Let my stupor sink and flee 
The seed of sublime song within, 
Silent, wordless, rhyme-less, still, 
Stir awake that sleeping score; 
Sway me, bend me 
With a flow of song 
Daft, keen, rapt with life 
Surging from the earthly core