Saturday, January 22, 2011

നിരാശകളുടെയും മറന്നുവക്കലുകളുടേയും നീട്ടിയെഴുത്തുകൾ

രണ്ട് മാസം മുൻപ്, നർത്തകിയും അഭിനേത്രിയുമായിരുന്ന പ്രൊതിമാബേഡിയുടെ ആത്മകഥ “ടൈംപാസ്സ്”വായിക്കാനിരിക്കുകയായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ മുതൽ സൌന്ദര്യറാണി, മോഡൽ, വിവാദനായിക, പ്രശസ്ത നർത്തകി എന്ന രീതിയിൽ അവരെക്കുറിച്ച് വലിയൊരു ചിത്രം മനസ്സിലുണ്ട്. ആദ്യമൊക്കെ അവരുടെ ശരീരത്തിന്റെയും മനസ്സിന്റെയും ഉന്മാദം നിറഞ്ഞ സ്വാതന്ത്ര്യപ്രഖ്യാപനങ്ങൾ മനസ്സിനൂർജ്ജമായെങ്കിൽ വായനമുന്നോട്ട് നീങ്ങുംതോറും ആത്മാവിൽ സ്വതന്ത്ര എന്ന മുൻധാരണമാറി മനസ്സിൽ സഹതാപം നിറയാൻ തുടങ്ങി.എന്നാൽ ഇടക്കുവച്ചെപ്പോഴോ വായന അവരിൽ നിന്നും മകൻ സിദ്ധാർത്ഥിലേക്ക് വഴിമാറിപ്പോയി. എപ്പോൾ എവിടെ വച്ച് എന്നറിയില്ല.എപ്പോഴൊ.

മകൾ പൂജാബേഡിയെക്കുറിച്ച് എനിക്ക് മുൻപേ അറിയാം..(പ്രൊതിമയെപ്പറ്റി ഞാൻ ആദ്യം കേൾക്കുന്നതെ പൂജാബേഡിയുടെ അമ്മ എന്നരീതിയിലാണ്)ഈ ആത്മകഥയില്പോലും കോണ്ഡം ഗേളും, മാദകാഭിനേത്രിയുമായിരുന്നുവെന്നും, പിന്നീട് വിവാഹിതയുമായി കഴിയുന്നുവെന്നും ഉള്ള പരാമർശം മാത്രമേ ഉള്ളുവെങ്കിലും ഹൈസ്കൂൾ, കോളേജ് കാലഘട്ടങ്ങളിൽ സ്റ്റാർ ഡസ്റ്റും, ഫിലിംഫെയറും, ഇന്ത്യാ ടുഡെയുടെ അവസാന രണ്ടുപേജുമെല്ലാം വഴിപാടുപോലെ മുടങ്ങാതെ വായിച്ചിരുന്ന എനിക്ക് മാത്സിലും സോഷ്യോളാജിയിലും ഉയർന്ന റാങ്കോടെ ബിരുദവും ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ മിടുക്കിയെ അറിയാം, അക്കാലത്തെ ഒന്നാംനിര നായികമാരായിരുന്ന ദിവ്യഭാരതി, രവീണ, പൂജാഭട്ട് എന്നിവരെപ്പോലെ അഭിമുഖങ്ങളിൽ വിഡ്ഢിത്തങ്ങളും, ബാലിശമായ പുലമ്പലുകളും എഴുന്നള്ളിക്കാതെ ജീവിതത്തെക്കുറിച്ചും, സ്വന്തം കരിയറിനെക്കുറിച്ചും, രതിയെക്കുറിച്ചുമെല്ലാം പ്രായത്തിൽ കവിഞ്ഞവിവേകത്തോടെ സംസാരിച്ചിരുന്ന കൌമാരക്കാരിയെ അറിയാം,വിവാഹിതയാകുന്ന സമയത്ത് അവർ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് രംഗത്തെ മുൻനിര ഷെയർ ബ്രോക്കർമാരിൽ ഒരാളായിരുന്നുവെന്നുമറിയാം. നിക്കിയുമായുള്ള കബീർബേഡിയുടെ വിവാഹത്തിന് അമ്മയും മകളും കൂടെ പുഞ്ചിരിയൊടെ സാക്ഷിയായി നിൽക്കുന്ന രംഗം പല മാസികത്താളുകളിലും കണ്ട് കൌതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട്. അമ്മയുടെ സ്നേഹിതരിൽ നിന്നും കാമുകന്മാരിൽ നിന്നും വിവരങ്ങളും കത്തുകളും ശേഖരിച്ച് പ്രൊതിമയുടെ ആത്മകഥ പൂർത്തിയാക്കിയതും പൂജയാണ്. പക്ഷേ സിദ്ധാർത്ഥിനെക്കുറിച്ച് ഞാനൊന്നും മുൻപ് കേട്ടിട്ടില്ല. അവനെക്കുറിച്ച് എനിക്കൊന്നുമറിയില്ല. ആദ്യമായി കേൾക്കുന്നത് “ടൈം പാസ്സി”ലൂടെ. എന്നിട്ടും പിന്നീടങ്ങോട്ട് കണ്ണുകൾ തിരഞ്ഞതുമുഴുവൻ സിദ്ധാർത്ഥിനെ. കഥ മുന്നോട്ട് ചെല്ലുംതോറും പൂജ പലയിടത്തും വരുന്നുണ്ട്. അപ്പോഴും സിദ്ധാർത്ഥിനെ അത്രകാര്യമായി കാണുന്നേയില്ല. പ്രൊതിമയെ ഞാൻ ഓടിച്ചുവായിച്ചു വിട്ടുകളയാൻ തുടങ്ങി. കബീറിന്റെ അവഗണനയിൽ അവരുടെ മനസ്സുനോവുമ്പോൾ ഭീരുവും സ്വാർത്ഥനും അരക്ഷിതനുമായ ഒരുവനെ മനസ്സുനിറഞ്ഞ് പ്രണയിക്കുന്ന ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയുടേയും അനിവാര്യവിധിയെന്ന് ഞാൻ സ്വയം സമാധാനിപ്പിച്ചു. നൃത്യഗ്രാം തുടങ്ങാനുള്ള കഷ്ടപ്പാടുകൾ, പിന്നീട് ജീവിതത്തിലങ്ങോളമിങ്ങോളമുണ്ടാവുന്ന തിക്താനുഭവങ്ങൾ, കാമുകന്റെ മരണം എവിടെയും എന്റെ മനസ്സുടക്കുന്നില്ല. ഒടുവിൽ സിദ്ധാർത്ഥ് കടന്നുവന്നു. അതിബുദ്ധിശാലിയായിരുന്ന യുവാവ്. പക്ഷേ ഏതൊക്കെയോ അരക്ഷിതകളിൽ കുടുങ്ങിയവൻ ഞാൻ ഭയപ്പെട്ടതുപോലെ സ്വയം അവസാനിപ്പിക്കുന്നു.

എന്തോ കഥയവസാനിപ്പിച്ച് പുസ്തകം മടക്കിവച്ചപ്പോഴും എന്റെ കണ്ണുനിറഞ്ഞത് സിദ്ധാർത്ഥിനെയോർത്ത്. പ്രൊതിമയുടെ മരണം പോലും എന്നിലാശ്വാസമാണുണർത്തിയത്. സ്വന്തം സ്വത്വം അറിഞ്ഞുകഴിഞ്ഞഒരു സ്ത്രീയുടെ മനസ്സിലും മറ്റൊരു പ്രണയം പിന്നെയുണ്ടാകില്ല. സ്വന്തം ശക്തിയെ നേരിട്ടറിയാനുള്ള യാത്രയ്ക്കിടയിലാണു പ്രൊതിമ അപകടത്തിൽപ്പെട്ട് മരിക്കുന്നതും. ഒരു സ്ത്രീയെ സംബന്ധിച്ച് സ്വയം അറിയാതെ മരിച്ചു പോകുന്നതിനേക്കാൾ നൂറിരട്ടി ഭയാനകമാണ് സ്വയം അറിഞ്ഞുകഴിഞ്ഞും ജീവിതം തുടരുക എന്ന് വിശ്വസിക്കുന്ന ആളാണു ഞാൻ. അതുകൊണ്ടുതന്നെ പ്രൊതിമ തികച്ചും ഭാഗ്യവതിയാണെന്ന് തോന്നിയതിനാലാവാം മനസ്സിലൊരു ഭാരമായി അവരവശേഷിക്കാഞ്ഞത്. മുന്നൂറു പേജിലധികമുള്ള ആ പുസ്തകത്തിൽ കഷ്ടിപത്തുപേജിലേ സിദ്ധാർത്ഥ് കാര്യമായി ഉള്ളുവായിരിക്കാം. പക്ഷേ താനനുഭവിച്ച ഏതുദുഃഖത്തെ വിവരിക്കുന്നതിനേക്കാൾ മനസ്സുരുകി പ്രൊതിമ എഴുതിയത് അവനെക്കുറിച്ചാണെന്ന് എനിക്ക് തോന്നി. “ഞാനവനെ സ്നേഹിച്ചിരുന്നു മറ്റാരെക്കാളെന്ന് “നിസ്സഹായയായവർ ആണയിടുന്നുണ്ടായിരുന്നു. പുസ്തകത്തിലെവിടെയും അങ്ങനെയൊരു സൂചനയില്ലെങ്കിലും അമ്മയെ ഒരുപാടു സ്നേഹിച്ച് സ്നേഹിച്ച് അവർ തന്നെ ഇട്ടിട്ടുപോയതിൽ വെറുക്കാൻ ശ്രമിച്ചിട്ടും അതിനാകാതെ സ്നേഹവും പകയും ഒന്നിച്ച് കത്തിപ്പുകഞ്ഞ് അവൻ സ്വയം നശിപ്പിച്ച് അവസാനിപ്പിച്ചു കളഞ്ഞതാണെന്നൊരു തോന്നൽ വലിയൊരു സങ്കടം പോലെ എന്റെയുള്ളിൽക്കിടന്നു. എത്രയാലോചിച്ചിട്ടും ആ ഒരു തോന്നലിന്റെ കാരണം മനസ്സിലായില്ല. ഒരു കൂട്ടുകാരനോട് ഇതുപറഞ്ഞപ്പോൾ ടൈംപാസ്സ് വായിച്ചാൽ സങ്കടം തോന്നേണ്ടത് പ്രൊതിമയോടുതന്നെയാണെന്നവൻ തർക്കിച്ചു. അമ്മയും മുത്തശ്ശിയും എഴുത്തുകാരിയുമായ കൂട്ടുകാരിയോട് പറഞ്ഞപ്പോൾ അതെ എന്ന് സമ്മതിക്കുക മാത്രമല്ല അല്പനിമിഷം മൌനമായി നിൽക്കുകകൂടി ചെയ്തു. എന്തായിരിക്കാം ഞങ്ങൾക്കങ്ങനെ തോന്നാനെന്ന് എനിക്കപ്പോഴും മനസ്സിലായതുമില്ല.

ഇന്നലെ യാദൃശ്ചികമായി “സംഘടിത” മാസികയിൽ ഡോ.ഖദീജാ മുംതാസ് സ്വന്തം ഉമ്മയെക്കുറിച്ചെഴുതിയ സ്മരണിക വായ്ച്ചപ്പോൾ അമ്പരന്നിരുന്നുപോയി. എന്റെ ഉമ്മയെക്കുറിച്ച് ഞാനോ ഏകസഹോദരിയൊ എന്നെങ്കിലും എഴുതിയാൽ പേരും ജീവിതസാഹചര്യങ്ങളുമൊഴിച്ചാൽ അതാകുറിപ്പിൽ നിന്നും ഒട്ടും വ്യത്യസ്തമാകാനിടയില്ല. ഉമ്മയെക്കുറിച്ച് ഇടക്കെല്ലാം ബ്ലോഗ്ഗിലെഴുതിയിടണമെന്ന് ഓർക്കാറുണ്ടെങ്കിലും ഡോ.ഖദീജാ മുംതാസിനെപ്പോലെ ഉമ്മയെപ്പറ്റി ഇല്ലാക്കഥകൾ എഴുതിയിട്ടേക്കുമോ എന്നുള്ള ഭയം എന്നെയും അതിൽനിന്നും വിലക്കുന്നുണ്ട്. മനസ്സിൽ വലിയൊരു വിഗ്രഹമാണെങ്കിലും സ്നേഹം, ത്യാഗം, സഹനം എന്നിവയിലൂന്നിയൊരു കുറിപ്പ് ഉമ്മയെക്കുറിച്ച് എനിക്കോ എന്റെ ഇത്തക്കോ എഴുതാനാകില്ല.

ഡോക്ടറുടെ ഉമ്മ ഫാത്തിമ ബന്ധുക്കൾക്കും അയൽവാസികൾക്കും അങ്ങേയറ്റം പ്രിയങ്കരിയാണ്. കാരുണയ്ത്തിന്റെ,സ്നേഹത്തിന്റെ പ്രതീകമാണ്. വെറുമൊരു മുസ്ലിം വിധവയായിരിക്കേ ഒൻപതു പെൺകുട്ടികളെ നേരാം വണ്ണം വളർത്തി അവരെ അസൂയാവഹമായ നിലയിൽ എത്തിക്കാൻ കഴിഞ്ഞവളാണ്. ഇതിഹാസസമാനമായ ജീവിതം നയിച്ച ഫാത്തിമയെപ്പറ്റി അവർക്കൊക്കെ നല്ലതേ പറയാനുള്ളൂ. എന്നാൽ മക്കൾക്ക് അവർ വലിയൊരു ദേഷ്യക്കാരി. ഉമ്മയുടെ അടിയുടേയും പരിഹാസങ്ങളുടേയും പോറലുകൾ ഏറെപ്പതിഞ്ഞ ശരീരങ്ങളുമായാണ് അവർ വളർന്നുവന്നത്. സ്നേഹം, ത്യാഗം, സഹനം എന്നിവയിൽ തളച്ചിടപ്പെടാനുള്ള ജന്മമായിരുന്നില്ല അവരുടേത്. ഒമ്പത് പെണ്മക്കളുടെ ഉമ്മയാകുന്നതിനപ്പുറം അവർ പൂർണ്ണവ്യക്തിയായിരുന്നു. അതീവസങ്കീർണ്ണമായ സ്വന്തം വ്യക്തിത്വത്തെ നിരന്തരം പ്രകാശിപ്പിച്ചു പടവെട്ടി മുന്നേറിയ പോരാളി. സ്വന്തം വ്യക്തിത്വത്തെ നിരാകരിച്ചുകൊണ്ടുള്ളൊരു സമരസപ്പെടലിനോ, സ്നേഹത്തിനോ, സൌഹൃദത്തിനോ ഒരിക്കലും തയ്യാറാകാതിരുന്ന ഒരുവൾ.

ഒരെഴുത്തുകാരിയും ഡോക്ടറുമാകണമെന്നതായിരുന്നു ഫാത്തിമയുടെ സ്വപ്നം. പക്ഷേ മെഡിസിൻ പഠനം ഇടക്കുവച്ച് നിറുത്തി ഒരിടത്തരം വീട്ടമ്മയായി മാറേണ്ടിവന്നു അവർക്ക്. മുപ്പതുവയസ്സുതികയും മുൻപേ ഒന്നും രണ്ടും വയസ്സു വ്യത്യാസത്തിൽ എട്ടുമക്കൾ. ആ നിരാശകളും അടക്കിവച്ച സ്വാതന്ത്ര്യദാഹവും അഭിമാനബോധവുമായിരിക്കണം അവരെ ഒരു സ്ഥിരം വഴക്കാളിയാക്കിയത്. അമ്മയായിരിക്കുന്നിടത്തോളം തന്നെ തികഞ്ഞ ഒരു സ്ത്രീകൂടി ആയിരിക്കാൻ അവർ ധൈര്യം കാട്ടി. പക്ഷേ മക്കളാഗ്രഹിച്ചത് എല്ലാ അമ്മമാരെയും‌പോലെ ക്ഷമയോടെ സഹനത്തോടെ, നിശ്ശബ്ദതമായി തങ്ങളെ പരിപാലിക്കുന്നവളെ. തങ്ങളുടെ ഉമ്മ മാത്രമായി അവർ ശിഷ്ടജീവിതം ജീവിച്ചുതീർക്കാത്തതിൽ അല്പം മുതിർന്നപ്പോഴും അവർക്ക് അസംതൃപ്തിയും ലജ്ജയുമുണ്ടായിരുന്നു.
പതിനാറുവയസ്സുമുതൽ ഉമ്മുമ്മയും ആറുസഹോദരങ്ങളുമടങ്ങിയ കുടുംബത്തെ പരിപാലിച്ചുവന്നവളാണ് എന്റെ ഉമ്മ സൈനാബി. ഇരുപത്തിനാലാം വയസ്സിൽ വിവാഹിതയായ ശേഷവും ഉമ്മ സ്വന്തം വീട്ടിൽത്തന്നെ താമസിച്ചു. ഉപ്പ മെഹറുകൊടുത്ത സ്വർണ്ണം കൊടുത്ത് ഒരനിയത്തിയെ വിവാഹം കഴിപ്പിച്ചയച്ചു. ഒടുവിൽ ഉപ്പുപ്പയും മാമമാരും ഗൾഫിൽ പോയശേഷമാണ് ഉമ്മ സ്വന്തം ജീവിതം ഭദ്രമാക്കാൻ തുടങ്ങിയത്.

ബാങ്കിൽ ഉയർന്ന‌ഉദ്യോഗമുണ്ടായിരുന്നെങ്കിലും ഭർത്താവുപേക്ഷിച്ചുപോയപ്പോൾ സ്വന്തമായി വീടുവച്ചതും, ഞങ്ങൾ രണ്ട് പെണ്മക്കളെ വളർത്തിയതും, പഠിപ്പിച്ചതും, വിവാഹം കഴിപ്പിച്ചയച്ചതുമെല്ലാം അങ്ങേയറ്റം ബുദ്ധിമുട്ടിയാകണം. ഒന്നുമല്ലെങ്കിലും പലസമയത്തും അവശ്യം ലഭിക്കേണ്ട വൈകാരിക പിന്തുണ ലഭിക്കാതെ വന്നപ്പോഴെങ്കിലും പലപ്പോഴുമവർ പതറിപ്പോയിട്ടുണ്ടാവണം. എന്നിട്ടും ഉമ്മ ജീവിച്ചത് സ്വയം നിറവുള്ള വ്യക്തിയായിട്ടായിരുന്നു. ഉമ്മയെ കരഞ്ഞുപിഴിഞ്ഞ് ഞാനധികം കണ്ടിട്ടില്ല. ഉല്ലാസവും പ്രസരിപ്പുമുള്ള ദീപ്തമായ സാന്നിധ്യമായിരുന്നു എപ്പോഴുമവർ. തന്റെ ഒരിഷ്ടവും വാശിയും ഒന്നിനുവേണ്ടിയുമവർ വേണ്ടെന്നുവച്ചില്ല. അങ്ങനെ മുഴുവൻ പറയാൻ പറ്റില്ല. ബാങ്കിലെ അസിസ്റ്റന്റ് സെക്രട്ടറിയിൽ നിന്നും സെക്രട്ടറിയായുള്ള സ്ഥാനക്കയറ്റമവർ മക്കൾക്കായി വേണ്ടെന്നുവച്ചിരുന്നു. തിരക്കുകളും യാത്രകളും ഒഴിവാക്കാനായി മാത്രം.

എങ്കിലും സ്വന്തം ഇഷ്ടങ്ങളുടെ നിറവിലവർ ആരെയും അസൂയപ്പെടുത്തുന്ന വ്യക്തിത്വമായി ജീവിച്ചു. ആ വാശികളും ഇഷ്ടങ്ങളും നിറവേറാ‍നവർ സ്വന്തം മാതൃത്വവുമായി നിരന്തരം കലഹിച്ചു. ക്രൂരമുഖം കാണിച്ചു ഭയപ്പെടുത്തി മക്കളെ നിശ്ശബ്ദരാക്കി. ഇന്നും ഈ അറുപത്തിമൂന്നാം വയസ്സിലും സ്വന്തം വാശികൾക്കായി ആറുവയസ്സുള്ള പേരക്കിടാവിനൊടുപോലും ഉമ്മ നിരന്തരം വഴക്കിടുന്നു, വാശികാണിക്കുന്നു. ഇന്നും അസൂയയുളവാക്കും വിധം ജീവിക്കുന്നു. അപ്പോഴും മക്കളുടെ ഓരോ കുഞ്ഞുസങ്കടങ്ങളും തൊട്ടറിയുന്നു. വിദേശത്തായിരിക്കുമ്പോൾ പോലും മക്കളപകടത്തില്പെടുന്ന പാതിരാവുകളിൽ ഉറക്കത്തിൽനിന്നും ഞെട്ടിയെണീറ്റ് മക്കളെക്കാണാൻ വാശിപിടിക്കുന്നു.
ഒമ്പതും പെണ്മക്കളായതുകൊണ്ടാവാം ഫാത്തിമയെ അവർ തിരിച്ചറിഞ്ഞതും, അലിവോടെ കൂടുതൽ സ്നേഹിച്ചതും, ഉൾക്കരുത്തോടെ മുന്നോട്ട് നടന്നത് സ്വന്തം സ്വപ്നങ്ങൾ കയ്യെത്തിപ്പിടിച്ചതും. പ്രൊതിമയെ പൂജക്കുമാത്രം ഉൾക്കൊള്ളാനായതും അതാവണം.എല്ലാ പെണ്മക്കളും അവരവരുടെ അമ്മമാരുടെ വ്യഥകളുടെ, നഷ്ടങ്ങളുടെ, സ്വപ്നങ്ങളുടെ, പൂർത്തിയാക്കാൻ കഴിയാതെപോയ നിയോഗങ്ങളുടെ നീട്ടിയെഴുത്തുകളാണെന്ന് ഖദീജാ മുംതാസ്. ഞാനും അവളുമതേ. അതുകൊണ്ടാണ് ഇന്നുഞങ്ങൾ ഉമ്മയെ തിരിച്ചറിയുന്നതും ഞങ്ങളുടെ സ്വാർത്ഥതയും പരിഭവം നിറഞ്ഞ എണ്ണിപ്പെറുക്കലുകളും എത്രയോ വിലകുറഞ്ഞതായിരുന്നെന്ന് കുറ്റബോധത്തോടെ ഓർക്കുന്നതും.

ഒരമ്മയും അമ്മ മാത്രമായിരിക്കുന്നില്ല,പ്രകടിപ്പിക്കാൻ കഴിഞ്ഞതും, കഴിയാത്തതുമായ വികാരങ്ങളുള്ള പൂർണ്ണവ്യക്തികൾ തന്നെയാണ് അവരോരോരുത്തരും എന്ന് പറഞ്ഞാണ് ഡോ. ഖദീജാമുംതാസ് സ്മരണിക അവസാനിപ്പിക്കുന്നത്. ശരിയാണ്. പുറകോട്ട് വിളിക്കുന്നതും, മുന്നോട്ട് നയിക്കുന്നതുമായ സകല വഴികളുടേയും പ്രലോഭനങ്ങളേയും, സാധ്യതകളേയും കടമകളുടെ, നിയോഗങ്ങളുടെ പൊള്ളന്യായങ്ങളിൽ പൊതിഞ്ഞ് കണ്ടില്ലെന്ന് നടിക്കാനാകും. പക്ഷേ സദാനൃത്തം ചെയ്യാൻ പ്രേരിപ്പിച്ച് ഉള്ളിൽനിന്നുയരുന്ന വിളികളെ എല്ലായ്പ്പൊഴും കണ്ടില്ലെന്ന് എനിക്കും നടിക്കാനാകാറില്ല. മറന്നു‌വച്ചിടങ്ങളിൽ നിന്നെല്ലാം വല്ലപ്പോഴുമൊന്ന് പൊടിതട്ടി സ്വയം കണ്ടെക്കാനുള്ള തത്രപ്പാടിനിടയിൽ വേണ്ടെന്നുവച്ചാലും കരഞ്ഞുപ്രാർത്ഥിച്ചാലും ഒഴിഞ്ഞുപോകാത്ത ചില നിമിഷങ്ങളും ചെയ്തികളും മുന്നിൽ‌വരാറുണ്ട്.

നാളെ സ്വയം കണ്ടെടുക്കലുടെ വഴിയിൽ‌വച്ച് എന്റെ മകളും അലിവോടെ ഉമ്മയുടെ ഭ്രാന്തുകൾക്കും ക്രൂരതകൾക്കും മാപ്പുതരുമായിരിക്കാം. എല്ലാ അർത്ഥത്തിലും അവൾക്കെന്നെ മനസ്സിലാക്കാനും എന്നിൽ നിന്നും ശക്തിയും ഊർജ്ജവും സംഭരിക്കാനും അവൾക്കാകുമായിരിക്കാം. അല്ലെങ്കിലും ഇപ്പോഴേ “മോൾക്കിന്നു ചിക്കനുണ്ടാക്കിത്തരാം ന്നു പ്രോമിസ് ചെയ്തത് ഉമ്മ മറന്നുപോയല്ലോ“ എന്ന് സങ്കടപ്പെട്ടാൽ “ഞാൻ ഒന്നൂടി ഓർമ്മിപ്പിക്കാൻ വിട്ടുപോയതോണ്ടല്ലേ ഉമ്മ മറന്നുപോയതെന്ന്“ സ്വയം കുറ്റമേറ്റെടുത്ത് കവിളിലുമ്മതന്ന് ഉമ്മാനെ ഹാപ്പിഗേളാക്കി വക്കും എന്റെ ആറുവയസ്സുകാരി.

അവനോ? അവളേക്കാൾ അല്പം സ്നേഹക്കൂടുതൽ എനിക്കില്ലേ എന്ന് ഞാൻ സംശയിക്കുന്ന, ഉമ്മ എന്റെ ബെസ്റ്റ് ഫ്രെണ്ടല്ലേന്ന് കൂടെക്കൂടെ പറയുന്ന, ഒൻപതുവയസ്സായിട്ടും ഇന്നും രാത്രി അനിയത്തി ഉറങ്ങാൻ കാത്തിരുന്ന് അവളെ എന്റടുത്തുനിന്നും തള്ളിമാറ്റി എന്റെ നെഞ്ചിൽ മുഖം‌പൂഴ്ത്തി മാത്രം ഇപ്പോഴും ഉറങ്ങുന്ന എന്റെ മകൻ.
നാളെ ചിന്തകൾകൊണ്ട് പൂർണ്ണമായും ആൺലോകത്തിലേക്ക് കൂടുമാറിക്കഴിഞ്ഞാൽ പിന്നെ എന്നെങ്കിലും അവനെന്നെ മനസ്സിലാകുമോ?