Monday, July 25, 2011

ഭൂമിയെ വായിക്കുമ്പോൾ

നിരന്തരമായ സ്വയം കലഹത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കാത്ത കലകളെല്ലാം വെറും നേരമ്പോക്കുകൾ മാത്രമായി കെട്ടുപോകും എന്നു പറയാറുണ്ട്.തന്റെയുള്ളിലെ, ജീവിതസാക്ഷാത്കാരം നേടാൻ സദാപ്രേരണ നൽകിക്കൊണ്ടിരിക്കുന്ന സദാചാരവാദിയുമായി, ജീവിതത്തിന്റെ ആകസ്മികതകളെക്കുറിച്ച് തിരിച്ചറിവുണ്ടായിരുന്ന കലാകാരൻ നിരന്തരകലഹത്തിൽ ആയിരുന്നതു കൊണ്ടാവണം ടോൾസ്റ്റോയ് എക്കാലത്തേയും മികച്ച നോവലിസ്റ്റുകളിൽ ഒരാളായി തുടരുന്നത്.

1859 ൽ എഴുതപ്പെട്ട ടോൾസ്റ്റോയ് നോവലാണ് ഫാമിലി ഹാപ്പിനെസ്സ്. നായികാ കഥാപാത്രമായ മരിയാ അലക്സാണ്ടർനോവ എന്ന മാഷ കഥപറയുന്ന രീതിയിലാണ് നോവൽ മുന്നോട്ട്പോകുന്നത്. പതിനേഴുകാരിയായ മാഷക്ക് തന്നേക്കാൾ ഇരട്ടിയിലധികം പ്രായമുള്ള സെർജിമിഖലേയ്ചിനൊടു തോന്നുന്ന പ്രണയവും, വിവാഹത്തിനുശേഷം നേരിടേണ്ടിവരുന്ന ബന്ധങ്ങളിലെ സങ്കീർണ്ണതയുമാണ് ഇതിന്റെ പ്രമേയം.

പൂർത്തിയാക്കി പ്രസിദ്ധീകരണത്തിനു കൊടുത്തതിൽപ്പിന്നെ “ഫാമിലി ഹാപ്പിനെസ് ” എന്ന നോവലിനോട് അദ്ദേഹത്തിന് വൈമുഖ്യമായിരുന്നു എന്നും അതിന്റെ രണ്ടാം പതിപ്പ് താൻ ജീവിച്ചിരിക്കുന്ന കാലത്ത് ഇറക്കാൻ അദ്ദേഹം അനുമതി നൽകിയിട്ടില്ലായിരുന്നുവെന്നും പറയപ്പെടുന്നു. “വെറുപ്പിക്കുന്ന അബദ്ധം” എന്നായിരുന്നു ആ കൃതിയെ അദ്ദേഹം വിശേഷിപ്പിച്ചത്. തന്റെ വെറുപ്പിനു അദ്ദേഹം നിരത്തിയിരുന്ന കാരണങ്ങളും വിചിത്രമായിരുന്നു. അതൊരു “കെട്ടിച്ചമച്ച കഥ” ആയിരുന്നു എന്നതായിരുന്നു അതിലെ ഒരു കാരണം. നോവലിൽ വസ്തുതകൾ സംഭവിക്കുന്നത് സ്വാഭാവികവും അനിവാര്യവുമായാണോ അതോ കൃത്രിമവും വസ്തുതാവിരുദ്ധവുമായിട്ടോ എന്നതിലാണ് ഒരു എഴുത്തുകാരൻ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടിവരികയെന്ന് അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു. “തങ്ങളുടെ പ്രകൃതം ആവശ്യപ്പെടാത്തത് ഒരു നോവലിലെ കഥാപാത്രങ്ങൾക്ക് ചെയ്യേണ്ടി വരിക എന്നത് എത്ര ദുഷ്കരമാണ്” എന്ന് സംഗീതജ്ഞനും ചിത്രകാരനുമായ അലക്സാണ്ടർ ഗോൾഡൻവീസർക്ക് ഒരിക്കൽ അദ്ദേഹം എഴുതിയിരുന്നു. ട്രെയിനിനടിയിലേക്ക് ചാടാനുള്ള തീരുമാനം അന്നയെക്കൊണ്ട് താൻ എടുപ്പിച്ചതല്ല, മറിച്ച് അത് അന്നതന്നെ എടുത്തതാണെന്ന് വരുത്തിത്തീർക്കാൻ അന്നാകരെനീനയിൽ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്.

തന്റെ യൌവ്വനാരംഭത്തിൽ , ആളുകൾക്ക് ലൈംഗികപരമായി ഒരേസമയം സംതൃപ്തരും വിശുദ്ധരും ആയിരിക്കുക സാദ്ധ്യമാണെന്ന് ടോൾസ്റ്റോയ് വിശ്വസിച്ചിരുന്നു. വിശുദ്ധിയെന്നാൽ അദ്ദേഹത്തെ സംബന്ധിച്ച് വിവാഹവും അതിന്റെ വിശ്വാസ്യതയുമായിരുന്നു. “ഫാമിലിഹാപ്പിനെസ്സി”ലെ സെർജിയെപ്പോലെ സ്ത്രീകളോട് ആഭിമുഖ്യമുണ്ടായിരുന്നുവെങ്കിലും അവരുടെ മേൽ തന്റെ ആധിപത്യം സ്ഥാപിച്ചെടുക്കാൻ ആയിരുന്നു അദ്ദേഹത്തിനു താല്പര്യം. ലൈംഗികതയെപ്പോലും അതിനായി വിനിയോഗിക്കാൻ ആയിരുന്നു അദ്ദേഹം ശ്രമിച്ചിരുന്നതെങ്കിലും തന്നിലെ കാമതല്പരതയിൽ അദ്ദേഹം ലജ്ജിക്കുകയും, ലൈംഗികതയിൽ സംഭവിച്ചേക്കാവുന്ന ആത്മനിയന്ത്രണം നഷ്ടമാകലിനെ ഭയക്കുകയും ചെയ്തിരുന്നു. സാമൂഹ്യ നിരൂപകനും കടുത്ത സദാചാരവാദിയുമായിരുന്ന അദ്ദേഹം സ്വന്തം അനുഭവങ്ങളിൽ നിന്നും മനസ്സിലാക്കിയിരുന്നത് ഏറ്റവും ശക്തമായ അടിസ്ഥാനവികാരമെന്ന നിലയിൽ, വ്യക്തിപരമായ ലൈംഗിക താല്പര്യങ്ങളെ സാമൂഹികതാല്പര്യങ്ങൾക്കു വേണ്ടി അടിച്ചമർത്തേണ്ടതായി ഉണ്ടെന്നാണ്. ഇതു സാധ്യമെന്ന് ചിന്തിച്ചിരുന്ന കാലത്തോളം അദ്ദേഹം പ്രണയവും വിവാഹവും പ്രമേയമാക്കി മഹത്തായ കാവ്യങ്ങൾ രചിച്ചിരുന്നു. എന്നാൽ സാമൂഹികനന്മക്കായി ലൈംഗിക മോഹങ്ങളെ തളച്ചിടാൻ കഴിയുമെന്നുള്ള വിശ്വാസം നിലച്ചതോടെ അദ്ദേഹം ലൈംഗികതക്കും, വിവാഹത്തിനുപോലും എതിരായി.

പിൽക്കാലത്ത് ലൈംഗികതയേയും സ്ത്രീപുരുഷബന്ധങ്ങളേയും പറ്റി ആദ്ധ്യാത്മികവും മതപരവുമായ നിലപാടുകളോടു കൂടി അനവധി ലേഖനങ്ങളെഴുതിയ ടോൾസ്റ്റോയുടെ മനസ്സിന് ഫാമിലി ഹാപ്പിനെസ്സ് കളങ്കമായി തോന്നിയതിൽ അതിശയിക്കാനില്ല. പിൽക്കാലത്ത് തീവ്രമായിത്തീർന്ന ആ സദാചാരബോധത്തിന്റെ നിഴലുകൾ അന്നേ അദ്ദേഹത്തിൽ ഉണ്ടായിരുന്നിരിക്കണം. വർഷങ്ങൾക്കുശേഷം എഴുതപ്പെട്ട ,സാഹിത്യ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകളഞ്ഞ, ഒരു സെക്ഷ്വൽ മോറൽ പെവേട്ട് എന്നു ടോൾസ്റ്റോയെ വിളിക്കാൻ ഒരു അമേരിക്കൻ പ്രസിഡന്റിനെ പ്രേരിപ്പിച്ച “ക്രറ്റ്സർ സൊനാറ്റ“ എന്ന നോവലിലെ കേന്ദ്ര കഥാപാത്രമായിരുന്ന പൊസ്ഡ്നിഷേവ് താൻ തന്നെയാണെന്ന് തുറന്നുപറഞ്ഞ അദ്ദേഹം, പിൽക്കാലത്ത് “ക്രറ്റ്സർ സൊനാറ്റയിലെ“ തന്റെ വാദങ്ങൾക്ക് അടിവരയിട്ടുകൊണ്ട്, പല ലേഖനങ്ങളിലും വിവാഹിതനായാലും അവിവാഹിതനായാലും ശരി മനുഷ്യൻ ബ്രഹ്മചര്യം പാലിക്കാൻ സദാ യത്നിച്ചുകൊണ്ടിരിക്കണം എന്നതാണ് ക്രിസ്തു അനുശാസിക്കുന്നതെന്നും, പൂർണ്ണമായും ബ്രഹ്മചര്യം അനുഷ്ഠിക്കുവാൻ സാധിക്കാത്തവർ അതു തങ്ങളുടെ പരമമായ ജീവിതലക്ഷ്യമായി കരുതണമെന്നും, പൂർണ്ണസംയമനം പാലിക്കാനാകാത്തവർ അതു തങ്ങളുടെ ദുർബലതയായി കണക്കാക്കി ജീവിക്കണമെന്നും പറയുന്നുണ്ട്. സേവനമാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്നും കുടുംബജീവിതവും ധാർമ്മികജീവിതവും കൂട്ടിയിണക്കി കൊണ്ടുപോകാൻ കഴിയാതെ വന്നാൽ സർവ്വശക്തിയും ഉപയോഗിച്ച് ബ്രഹ്മചര്യം അനുഷ്ഠിക്കണമെന്നും ഭാര്യയെ സഹോദരിയായി കണക്കാക്കാൻ ശീലിക്കണമെന്നും കൂടെ അദ്ദേഹം പറയുന്നുണ്ട്. ഒരുപക്ഷേ ഈ നിലപാടുകളെ ന്യായീകരിക്കാനോ സ്ഥാപിക്കാനോ ആയി ഉദ്ദേശിച്ച് നിർമ്മിച്ച കഥാപാത്രമായിരിക്കാം ഫാമിലി ഹാപ്പിനെസ്സിലെ “സെർജി മിഖലേയ്ച്.” എന്നാൽ കഥാപാത്രങ്ങളെ, തന്റെ വീക്ഷണവുമായി മനഃപ്പൂർവ്വം ബന്ധിപ്പിക്കുകയോ അവരിൽ വിധിന്യായങ്ങൾ നടത്തുകയോ ചെയ്യാതെ, സ്വയം പരിണാമത്തിനും വികസനത്തിനും വിട്ടുകൊടുത്ത് നോക്കിക്കാണുക മാത്രം ചെയ്യുന്ന ടോൾസ്റ്റോയിലെ കഴിവുറ്റ പ്രതിഭയിലൂടെ പുറത്തുവന്നത് സാമൂഹികമാറ്റങ്ങളെയും ആധുനികതയേയും ഉൾക്കൊള്ളാൻ വിമുഖത കാണിക്കുന്ന, സ്വയം ആഘോഷിക്കുന്ന സ്ത്രീയേയും അവളുടെ കത്തിപ്പടരുന്ന പ്രണയത്തേയും ഭയത്തോടെയും സംശയത്തോടെയും മാത്രം കാണാനാകുന്ന പുരുഷ അപകർഷതയാണ്. ഈയൊരു വസ്തുതയിലായിരിക്കാം “ഫാമിലി ഹാപ്പിനെസ്” അദ്ദേഹത്തിനു വെറുപ്പിക്കുന്ന അബദ്ധമായി മാറിയതും.

1852-ൽ തന്റെ ഡയറിയിൽ അദ്ദേഹം ഇങ്ങനെ കുറിച്ചിട്ടിരുന്നു. “പ്രണയം എന്നൊന്നില്ല. പകരം അവിടെയുള്ളത് കേവലം ശരീരത്തിലധിഷ്ഠിതമായ ലൈംഗിക താല്പര്യങ്ങളും, ജീവിതപങ്കാളിക്കായുള്ള യുക്തിയിൽ അധിഷ്ടിതമായ ആഗ്രഹവുമാണ്. ഒന്നു വേർതിരിച്ച് വിശകലനം ചെയ്തു നോക്കിയാൽ ശാരീരികാഭിനിവേശം കാമാസക്തിയേയും ജീവിതപങ്കാളിക്കായുള്ള യുക്തിപരമായ ആഗ്രഹം സൌഹൃദം കലർന്ന പ്രണയത്തേയും പ്രതിനിധീകരിക്കുന്നതായി കാണാം.“ ഒരിക്കൽ രൂപീകൃതമായ ആ പ്രണയ സങ്കല്പത്തിനു ജീവിതാവസാനം വരെ ഗണ്യമായ മാറ്റമൊന്നും വന്നതുമില്ല. പക്ഷേ തന്റെ പ്രമുഖരചനകളിലെ കേന്ദ്ര കഥാപാത്രങ്ങളെയെല്ലാം ശാരീരികവും മാനസികവും ആത്മീയവുമായ പ്രണയം ഉൾക്കൊള്ളുന്നവരായിമാത്രമേ ചിത്രീകരിക്കാൻ അദ്ദേഹത്തിനു സാധിച്ചതുമുള്ളൂ. എന്നാൽ ശരീരവും മനസ്സും തമ്മിലോ കാമവും സ്നേഹവും തമ്മിലോ ഉണ്ടായിരിക്കേണ്ട ബന്ധം എന്താണെന്നോ ഒന്നു മറ്റൊന്നിനു വേണ്ടി ത്യജിക്കേണ്ടതായുണ്ടോ എന്നോ ഇതു സാധ്യമാണോ എന്നുപോലും നിശ്ചയിക്കുവാൻ അദ്ദേഹത്തിനു സാധിച്ചിരുന്നതുമില്ല. അവസാനം ഈ രണ്ടും ഒന്നിച്ച് താളാത്മകമാക്കി ഇണക്കിച്ചേർത്തു കൊണ്ടുപോകുന്നതാവും അഭികാമ്യം എന്നു അദ്ദേഹം തീർച്ചപ്പെടുത്തി. “ഫാമിലി ഹാപ്പിനെസ്സ് “ മുതൽ അദ്ദേഹം ചിത്രീകരിക്കാൻ നോക്കിയത് ഇതായിരുന്നു.

കഥാരംഭത്തിൽ അങ്ങേയറ്റം ദുഃഖിതയും മൌനിയുമായ മാഷ യെ കാണാം. മരണത്തിന്റെ മൂകതയും വിലാപാന്തരീക്ഷവും തങ്ങിനിൽക്കുന്ന ആ അന്തരീക്ഷത്തിൽ മാഷയെ ദുഃഖിതയാക്കുന്നത് അമ്മയുടെ മരണത്തോടൊപ്പം അമ്മ ഉദ്ദേശിച്ചിരുന്നതുപോലെ നഗരത്തിലേക്കു പോകാനും ആളുകളുമായി ഇടപഴകാനും കഴിയാതെ തന്റെ യൌവ്വനം നശിച്ചുപോകുമോ എന്ന ഭീതിയും കൂടെ ആണെന്നുകാണാം. പിന്നീട് സെർജി മിഖലേയ്ചുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയിലേ അവൾ ആകെ മാറിപ്പോകുന്നുണ്ട്. തങ്ങളുടെ കാര്യങ്ങളെല്ലാം ഇനി സുഗമമായേക്കും എന്ന ചിന്തയും ആശ്രയിക്കാൻ ഒരു രക്ഷിതാവിനെ കിട്ടിയതിലുള്ള സുരക്ഷയുമാണ് ആദ്യം ആ മാറ്റത്തിനു പിന്നിൽ. എന്നാൽ പിന്നീടാ ആശ്രിതത്വം പ്രണയത്തിലേക്കു വഴിമാറുമ്പോൾ പ്രണയത്തിൽ ഒരുപക്ഷേ സ്ത്രീക്കുമാത്രം കൈവരുന്ന ആ അപാരധൈര്യവും സാഹസികതയും മാഷ വളരെ വേഗത്തിൽ കൈവരിക്കുന്നുമുണ്ട്..

ആറുവർഷത്തെ ഇടവേളക്കുശേഷം, വീണ്ടും മാഷയെകാണുമ്പോൾ മുപ്പത്താറുകാരനായ സെർജിയാകട്ടെ ജീവിതത്തിലെ അനവധി ബുദ്ധിമോശങ്ങൾക്കും നിരാശകൾക്കുമൊടുവിൽ തന്റെ ജീവിതത്തിൽ പ്രണയം വിവാഹം എന്നിവക്കൊന്നിനും ഇനി സ്ഥാനമില്ല എന്ന തിരിച്ചറിവിലാണ്. എന്നാൽ മാഷയെ കാണുന്നതോടെ അദ്ദേഹം ദുർബലനായിപ്പോകുന്നു. അങ്ങേയറ്റം പ്രൌഢഗംഭീരമായ വ്യക്തിത്വത്തിനു ഉടമയായിരുന്ന ആൾക്ക് തന്റെ സാമീപ്യത്തിൽ സംഭവിക്കുന്ന ദൌർബല്യം ശ്രദ്ധയില്പെടുന്നതാണ് ആദ്യം മാഷയെ ആകർഷിക്കുന്നതും. എന്നാൽ തുറന്നുപറയാത്ത ഏതോ ഒരു ഭയത്തോടെ സെർജി അവിടെനിന്നും വിട്ടുപോകാൻ ഒരുങ്ങുന്നുമുണ്ട്. ഫാമിലി ഹാപ്പിനെസ്സ് അടക്കമുള്ള കഥകൾ അന്നകരെനീന എഴുതുവാനുള്ള തയ്യാറെടുപ്പുകൾ മാത്രമായിരുന്നു എന്ന് ഒരിക്കൽ ടോൾസ്റ്റോയ് തന്നെ പറഞ്ഞിട്ടുള്ള സ്ഥിതിക്ക് സെർജിയുമായി വിദൂരഛായയുള്ള അന്നാകരനീനയിലെ ലെവിൻ എന്ന കഥാപാത്രം അന്നയുടെ സഹോദരനുമായി നടത്തുന്ന സംഭാഷണത്തിലെ ഒരു വാചകം ഈ ഭയത്തിനെ വിവരിക്കുന്നതായി കണക്കാക്കാം. “നമ്മളെപ്പോലെ പ്രണയത്തിന്റേതു മാത്രമല്ലാതെ പാപത്തിന്റേതു കൂടിയായ ഒരു ഭൂതകാലമുണ്ടായിരുന്ന മുതിർന്ന പുരുഷന്മാർക്ക് നിഷ്കളങ്കയും പരിശുദ്ധയുമായ ഒരു പെൺകുട്ടിയോട് പെട്ടെന്ന് ഇടപഴകേണ്ടിവരുന്നത് അരോചകമായി തോന്നും, അതുകൊണ്ടുതന്നെ സ്വയം വിലകുറഞ്ഞവനായി അനുഭവപ്പെടുകയും ചെയ്യും.” എന്നത്.

ആദ്യത്തെ ഭ്രമത്തിനുശേഷം ശരിയായ കടുത്ത പ്രണയത്തിലകപ്പെടുന്ന മാഷ മുഴുവനായി മാറിപ്പോകുന്നും ഉണ്ട്. എന്നാൽ ആ മാറ്റത്തിനു ചെറുതല്ലാത്തരീതിയിൽ സെർജി പ്രേരിപ്പിക്കുന്നും ഉണ്ട്. അവളിൽ കൃത്രിമമായതൊന്നും ഇല്ല എന്നുറപ്പുവരുത്താൻ. ചിറകു മുറിച്ചുകളഞ്ഞ് കൂട്ടിലടച്ചു വളർത്താനായാലും, കൊല്ല്ലാനായലും ശരി ലക്ഷണമൊത്ത ഇരയേയേ എല്ലാവരും തിരഞ്ഞെടുക്കുന്നുള്ളൂ എന്ന യുക്തി ഇവിടെയും കാണാം. ലളിതമായ കർഷകജീവിതം ആഗ്രഹിക്കുന്നസെർജിയോ ലെവിനോ ലാളിത്യം നിറഞ്ഞ, മറ്റു കഴിവുകൾ ഒന്നുമില്ലാത്ത, നിഷ്കളങ്കയും അപരിഷ്കൃതയും ആയ ഒരു കർഷകയുവതിയിൽ ആകൃഷ്ടരാകുന്നില്ല എന്നുകാണാം. ഈയൊരു വൈരുദ്ധ്യം അല്പംകൂടെ വ്യക്തമായി വിശാലമായ കാൻവാസിൽ അന്നകരെനീനയിൽ ഉണ്ട്. മൂന്നുസഹോദരിമാരിൽ ലെവിൻ ആകൃഷ്ടനാകുന്നത് അവരുടെ സാധാരണയിൽ കവിഞ്ഞ പ്രത്യേകതകൾ കാരണമാണ്. നൃത്തവും സംഗീതവും ചിത്രകലയും അഭ്യസിക്കുന്ന, ഉന്നതവും ശ്രേഷ്ഠവുമായി കണക്കാക്കുന്ന കായിക വിനോദങ്ങളിൽ ഏർപ്പെടുന്ന, ഒന്നിടവിട്ട ദിവസങ്ങളിൽ ഇംഗ്ലിഷും ഫ്രെഞ്ചും മാറിമാറി സംസാരിക്കുന്ന അവരുടെ കുലീനമായ അസാധാരണത്വം കൊണ്ടുതന്നെയാണ്. ഡോളിയിൽ തുടങ്ങുന്ന പ്രണയം അഥവാ ഭ്രമം കിറ്റിയിൽ അവസാനിക്കുന്നു എന്നുമാത്രം. ഒടുവിൽ പ്രണയനൈരാശ്യം പൂണ്ട് തെറ്റിപ്പോയ സമനില, കർഷകർക്കൊപ്പം ചിലവഴിക്കുന്ന ഒരുപകലിലൂടെ വീണ്ടെടുക്കുന്ന ലെവിൻ ഒരു കർഷകയുവതിയെ വിവാഹം ചെയ്താലോ എന്നാലോചിക്കുന്നുണ്ടെങ്കിലും ആ തീരുമാനത്തിൽ നിന്നും വളരെപ്പെട്ടെന്ന് തിരിച്ചുപോരുന്നു. അതിനുശേഷം ഒരവസരത്തിൽ കുഞ്ഞുങ്ങളോട് ഫ്രെഞ്ചിൽ സംസാരിക്കുന്ന ഡോളിയെ വെറുപ്പോടെയും അവജ്ഞയോടെയും നോക്കി ലെവിൻ, എനിക്കു കുഞ്ഞുങ്ങളുണ്ടാകുമ്പോൾ ഞാൻ അവരെ ഫ്രെഞ്ച് അഭ്യസിപ്പിക്കുകയില്ല എന്നും തീരുമാനമെടുക്കുന്നുണ്ട്.

ഫാമിലി ഹാപ്പിനെസ്സ് ലൈംഗികതയാൽ ഉത്തേജിക്കപ്പെട്ടതെങ്കിലും കളങ്കപ്പെട്ടിട്ടില്ലാത്ത ഒരു കൃതിയാണെന്നുപറയാം. പരസ്പരബന്ധത്തിന്റെ അത്യുന്നതരൂപം കൈവരിക്കാൻ വേണ്ടിയെങ്കിലും ലൈംഗികതയെ ഉന്നതവൽക്കരിക്കുന്നും ഉണ്ട്. മാഷയുടെ രക്ഷാധികാരിയും മരിച്ചുപോയ അച്ഛന്റെ സുഹൃത്തുമായി രംഗത്തു പ്രത്യക്ഷപ്പെടുന്ന സെർജി പിന്നീട് തന്നിൽ ഉളവാകുന്ന ആ പ്രത്യേകതാല്പര്യത്തെ മറച്ചുവക്കാൻ പാടുപെട്ടുകൊണ്ട് -സെർജിയുടെ ആ മാറ്റവും അയാളിൽ തനിക്കുള്ള സ്വാധീനവും ആണ് മാഷയെ ആദ്യം ഭ്രമിപ്പിക്കുന്നത്- ആ വേനലിൽ ഉടനീളം അയാൾ ഒരു കൊച്ചു കൂട്ടുകാരനോട് എന്നപോലെയാണ് മാഷയുമായി ഇടപഴകുന്നതും. അപ്പോൾ പ്രണയത്തിനും മുൻപ് വരുന്നത് സൌഹൃദമാണ്. ഏതു രീതിയിലെന്ന് വ്യക്തമാകുന്നില്ലെങ്കിലും സെർജിക്ക് തന്നോടുള്ള ആ പ്രത്യേക താല്പര്യത്തെ തിരിച്ചറിയുമ്പോൾ അദ്ദേഹത്തെ കൂടുതൽ സന്തോഷിപ്പിക്കുന്നതിനായി അവൾ സ്വയം കൂടുതൽ മികച്ചവളാകാൻ പരിശ്രമിക്കുകയും ആ പരിശ്രമത്തിനിടയിൽ സ്വയം കൂടുതൽ മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്. ഈ പ്രക്രിയയിൽ നടക്കുന്ന സൂക്ഷ്മ നിരീക്ഷണത്തിലൂടെ അദ്ദേഹത്തിന്റെ പ്രവൃത്തികളും, നൽകാൻ പോകുന്ന സാരോപദേശങ്ങളും മുൻകൂട്ടിക്കാണുവാനും അവൾക്കു കഴിയുന്നുണ്ട്. പ്രിയപ്പെട്ടവൾക്കു മുന്നിൽ എപ്പോഴും സദാചാരമുഖം മാത്രം മുന്നിട്ട് പ്രകടമാക്കിയിരുന്ന സെർജി പ്രണയത്തിൽ അകപ്പെട്ടതിനുശേഷം തന്റെ ഉൾപ്രേരണകളിൽ നിന്നും വ്യതിചലിക്കാനുള്ള സാധ്യത വളരെയാണെന്നതുകൊണ്ട് അതു മുതൽ മുന്നോട്ടുള്ള സ്ത്രിപുരുഷബന്ധം വർണ്ണിക്കുവാൻ ടോൾസ്റ്റോയ്ക്ക് ക്രാഫ്റ്റിങിൽ വളരെയധികം ശ്രദ്ധിക്കേണ്ടിവന്നിട്ടുണ്ടായിരിക്കാം. “വൈൽഡ് എക്സ്റ്റസി” എന്ന കോഡ് ലൈംഗികോർജ്ജത്തെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന മാഷയും സെർജിയും ആവർത്തിച്ച് കൊച്ചുകുട്ടികളോട് ഉപമിക്കപ്പെടുകയും, ലൈംഗികതയുടെ വന്യ നിർവൃതിയെ ടോൾസ്റ്റോയ് വിഭാവനം ചെയ്യുന്ന ആദർശപ്രണയത്തിലേക്ക് നിർബന്ധപൂർവ്വം കെട്ടിയിടപ്പെടുകയും ചെയ്യുന്നുണ്ട്. മനസ്സിൽ ആഗ്രഹിച്ചിട്ടുപോലും വിവാഹനിശ്ചയശേഷവും പരസ്പരം വികാരങ്ങൾ പ്രകടിപ്പിക്കാനും കൈമാറുവാനും ഇവർ മടിക്കുന്നും ഉണ്ട്. എന്നിട്ടും ഒരു ഘട്ടത്തിൽ ചുറ്റുമുള്ളതിനെയെല്ലാം മറച്ചു കളയുന്നവിധം ആ കണ്ണുകൾ തനിക്കുള്ളിലാണെന്നു തോന്നിപ്പിക്കുന്ന ആകർഷകമായ നോട്ടം സെർജി അവൾക്കു സമ്മാനിക്കുകയും ആ നോട്ടം തന്നിൽ ഉളവാക്കിയ ഭയവും നിർവൃതിയും നഷ്ടമാകാതിരിക്കാൻ അവൾ കണ്ണുകൾ അടച്ചുകളയുകയും ചെയ്യുന്നുണ്ട്.

പരിഹാസങ്ങൾകൊണ്ടും ഉപദേശങ്ങൾകൊണ്ടും വിവാഹത്തിനു മുൻപുതന്നെ മാഷയെ “നാട്യമില്ലാത്തവൾ”ആക്കിത്തീർക്കുന്നുണ്ട് സെർജി. എന്നാൽ പ്രണയത്തിൽ മുഴുകിപ്പോകുമ്പോൾ നന്മക്കും ദൈവത്തിനുമായി തന്നെ വിട്ടുകൊടുത്ത് പരിശുദ്ധയും സമ്പൂർണ്ണയും ആകാൻ നോക്കുന്ന മാഷ ആകട്ടെ വിവാഹത്തിനിപ്പുറം സ്വന്തം സ്വത്വത്തെക്കുറിച്ച് ബോധവതിയാകുന്നുണ്ട്. വിശ്രുത കവി റെയ്നർ മാരിയ റിൽകേ തന്റെ വിഖ്യാതമായ കത്തുകളിലൊന്നിൽ എഴുതിയതുപോലെ വ്യക്തിവികാസത്തിന്റെ ആദ്യപടവുകളിൽ ആൺശീലങ്ങളുടെ അനുകർത്താവും ആവർത്തകയുമായിരുന്നവൾ അവസ്ഥാന്തരങ്ങളിലെ അനിശ്ചിതത്വത്തിനുശേഷം പരിഹാസ്യമായ വേഷം കെട്ടലുകളിൽ നിന്നും സ്വഭാവ വൈകൃതങ്ങളിൽ നിന്നും സ്വന്തം സത്തയെ മോചിപ്പിക്കുവാനും പുരുഷന്റെ നല്ലപാതിയോ എതിർലിംഗമോ ആകാതെ സ്ത്രീ മാത്രം ആയിരിക്കുവാനും കൊതിക്കുന്ന ഘട്ടം. ആ ഘട്ടത്തെ തടഞ്ഞുനിർത്തുന്നതിലെ അന്യായവും തന്റെ നിസ്സഹായതയും ബോധ്യപ്പെടുന്ന സെർജി ഔദാര്യത്തോടെ അവളെ പുറംലോകവുമായി ബന്ധപ്പെടാൻ അനുവദിക്കുന്നു. അദ്ദേഹത്തെപ്പോലും അമ്പരപ്പിക്കുന്ന വിധത്തിൽ അവളുടെ സൌന്ദര്യവും വ്യക്തിത്വവും സാമൂഹിക അംഗീകാരം നേടുന്നുമുണ്ട്. എന്നാൽ സ്വന്തം വ്യക്തിത്വത്തിന്റെ ഔന്നിത്യത്തിൽ നിന്നുകൊണ്ട് തന്റെ ആരാധിക്കുന്നവർക്കിടയിൽ നിന്നുകൊണ്ട് തന്റെ പ്രണയം പ്രകടിപ്പിക്കാനുള്ള അവളുടെ ആത്മാർത്ഥയെ അദ്ദേഹത്തിനു മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ കഴിയുന്നില്ല. “വീട്ടിലേക്ക് എത്തട്ടെ, ഞാൻ സുന്ദരിയും കഴിവുറ്റവളും ഉന്നതയും ആയിരിക്കുന്നത് ആർക്കുവേണ്ടിയാണ് എന്നത് അങ്ങേക്കു ബോധ്യമാകും“ തുടങ്ങിയ വിലാപങ്ങളൊന്നും മാഷയുടെ മനസ്സിൽ നിന്നും സെർജിയിലേക്ക് എത്തുന്നതേയില്ല.

ഒടുവിൽ വ്യക്തിത്വവും സ്വത്വവുമെല്ലാം ഉപേക്ഷിച്ച് മറ്റൊരു തെത്യാന സെംയോവ്ന - സെർജിയുടേ മനസ്സിലെ സമുന്നത സ്ത്രീരൂപം- ആയി മാറാൻ ഉറച്ച് തിരികെ എത്തുമ്പോഴും സെർജിയിൽ പഴയ പ്രണയമോ സ്നേഹമോ വീണ്ടും ഉണ്ടാകുന്നുമില്ല. വികാരപരമായ രംഗങ്ങളെല്ലാം അദ്ദേഹം പരുഷമായ ഭാഷയിൽ ഒഴിവാക്കുന്നും ഉണ്ട്. സ്ത്രീകളെല്ലാം ജീവിതത്തിന്റെ അർത്ഥശൂന്യതകളിലൂടെ കടന്നുപോയിക്കൊണ്ട് വേണം ജീവിതത്തിലേക്കു തിരികെ എത്താനെന്നും അതുകൊണ്ടാണ് “ദുഷിച്ച” നഗരജീവിതത്തിനു താൻ അവളെ അനുവദിച്ചതെന്നും പറയുന്ന അദ്ദേഹം ആവശ്യമുള്ളതിൽ കൂടുതൽ സംതൃപ്തി താൻ അനുഭവിച്ചുകഴിഞ്ഞുവെന്നും ഇനി കുഞ്ഞുങ്ങൾക്കു വേണ്ടിയാണ് തങ്ങൾ ജീവിക്കേണ്ടതെന്നും മാഷയെ ബോധ്യപ്പെടുത്തുന്നു. താൻ തനി വൃദ്ധനും അവളിപ്പോഴും എത്രയോ ചെറുപ്പവും എന്നു നെടുവീർപ്പിടുന്ന സെർജി തങ്ങളിനി “സുഹൃത്തുക്കൾ” മാത്രം എന്നും പ്രസ്താവിക്കുന്നു.

അപ്പോഴും താൻ ജനിച്ചു വളർന്ന വീട്ടിലെ ഓരോ കോണിലും തന്റെ പെൺകുട്ടിക്കാല സ്വപ്നങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുന്ന , നല്ല നാളുകളും പഴയ പ്രണയവുമെല്ലാം തങ്ങളിലേക്കു തിരികെയെത്തുമെന്ന് പ്രത്യാശിക്കുന്ന മാഷ ആ ദിവസത്തോടെ തങ്ങളിലെ പ്രണയം അവസാനിച്ചുവെങ്കിലും കുട്ടികളോടും അവരുടെ അച്ഛനോടുമുള്ള വൈകാരികാനുഭവം തനിക്ക് വ്യത്യസ്തമായ കുടുംബ സന്തുഷ്ടി നൽകുന്നുണ്ടെന്ന് പറയുന്നത് തികച്ചും വൈരുദ്ധ്യാത്മകമാണെന്നു കാണാം.

കാമാവേശങ്ങളെ സൌഹൃദത്തിലേക്ക് തളച്ചിടുവാനും, താൽക്കാലികമായിട്ടെങ്കിലും അവ രണ്ടിനേയും പരസ്പര പൂരകങ്ങളാക്കി ചേർത്തുകൊണ്ടുപോകാനും ലൈംഗികാഗ്രഹങ്ങൾ ആത്മത്യാഗത്തെ പ്രോത്സാഹിപ്പിക്കുന്നതായി സ്ഥാപിക്കുവാനും ടോൾസ്റ്റോയ്ക്ക് കഴിയുന്നുണ്ടെങ്കിലും, സുന്ദരനായ മാർക്വിസ് പ്രഭുവിലേക്കുള്ള മാഷയുടെ ചായ്‌വ് സെർജിയുമായുള്ള ജീവിതത്തിൽ നേരിടുന്ന ഏതോ കുറവിനെത്തന്നെ ആണു സൂചിപ്പിക്കുന്നത്. കൂട്ടുകാരിയുടെ ശബ്ദമാണ് അവളെ വലിയൊരു “തെറ്റിൽ” നിന്നും സംരക്ഷിക്കുന്നതും പഴയജീവിതത്തിലേക്ക് തിരിച്ചു പോകാൻ അവളെ പ്രേരിപ്പിക്കുന്നതും.

“ഫാമിലി ഹാപ്പിനെസ്സിൽ “ സദാചാരത്തിന്റെ അതിരുകൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ ലൈംഗികതയെ ആഘോഷിക്കുവാനും, താൽക്കാലികമായിട്ടെങ്കിലും പ്രണയികളുടെ ആത്മീയമായ ഒന്നിച്ചു ചേരലിനെ മനഃശ്ശാസ്ത്രപരമായി അംഗീകരിപ്പിക്കാനും ടോൾസ്റ്റോയ്ക്ക് സാധിക്കുന്നുണ്ടെങ്കിലും ലൈംഗികതയുടെ സ്ത്രീപക്ഷവിവരണം ഇല്ല എന്നുള്ളതുകൊണ്ട്തന്നെ ഈ വിജയം സന്ദിഗ്ദവും ആത്യന്തികമായി അംഗീകരിക്കാൻ ആകാത്തതുമാണ്. മാഷ കഥപറയുന്നതായിട്ടാണ് അവതരണരീതിയെങ്കിലും കഥഗതിയെ നിയന്ത്രിക്കുന്നത് പക്വതയാർന്നതും സദാചാരബന്ധിതവുമായ പുരുഷവീക്ഷണമാണ്. മാഷയേയും സെർജിയേയും നോക്കിക്കാണുന്നതും മനസ്സിലാക്കുന്നതും വിലയിരുത്തുന്നതും നിയന്ത്രിക്കുന്നതും സെർജി തന്നെയാണ്. ഇക്കാരണങ്ങൾകൊണ്ടുതന്നെ ആകണം, പ്രസിദ്ധീകരിക്കപ്പെട്ട് വർഷങ്ങൾക്കുശേഷം ടോൾസ്റ്റോയ് തന്നെ ഇതിനെതിരായി തിരിഞ്ഞ് ഇതിന്റെ രണ്ടാംപതിപ്പ് ഇറങ്ങുന്നത് തടയാൻ ശ്രമിച്ചത്. ആദ്യമൊന്നും ആരാലും ശ്രദ്ധിക്കപ്പെടാതെപോയ ഈ നോവലിലെ സൂക്ഷ്മ ആഖ്യാനത്തിന്റെ മനോഹാരിത , പ്രസിദ്ധീകരിക്കപ്പെട്ട് മൂന്നുവർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ സമകാലിക നിരൂപകനായ അപോളോ ഗ്രിഗോറിയോവിന്റെ ശ്രദ്ധയിൽപ്പെടുകയും “വിസ്മരിക്കപ്പെട്ടുപോയ രത്നം “എന്ന വിശേഷണത്തോടെ അദ്ദേഹമത് ജനശ്രദ്ധയിലേക്കെത്തിക്കുകയും ചെയ്തു.

മറ്റു വികാരങ്ങളിലേക്കുള്ള അഭിനിവേശത്തിന്റെ പകർന്നാട്ടങ്ങളെ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്ന കൃതിയാണ് ഫാമിലി ഹാപ്പിനെസ്സ്. ബിംബകല്പനകളെ കഥാപാത്രങ്ങളുടെ മനോവികാരവുമായി അതിവിദഗ്ദമായി ഇണക്കിച്ചേർത്തിരിക്കുന്നുണ്ട് ടോൾസ്റ്റോയ്. മാഷായും സെർജിയും പരസ്പരപ്രണയം തിരിച്ചറിയുന്ന രാത്രിയിലെ നിഴലും വെളിച്ചവും ഇടകലർന്ന വഴിയിലൂടെ ഉള്ള നടത്തം കമിതാക്കളുടെ മനസ്സിലെ പ്രണയവും ഭയവും സമ്മിശ്രമായ മനോനിലയെ സൂചിപ്പിക്കുന്നു. വിവാഹ ദിവസമാണ് വർഷത്തിലെ ആദ്യമഞ്ഞുവീഴ്ച ഉണ്ടാകുന്നത്. നിലാവുവീണ മരവിച്ച വഴിയിലൂടെ സേർജിക്കൊപ്പം യാത്രയാകുന്ന മാഷയിൽ സ്വപ്നങ്ങളല്ല, ഭയവും അപമാനബോധവുമാണ് മുന്നിട്ടു നിൽക്കുന്നത്.


എഴുത്തുകാരനും നിരൂപകനുമായ ജോൺ ബെയ്ലി ഇങ്ങനെ പറയുന്നുണ്ട്. “ടോൾസ്റ്റോയ് കഥകളെല്ലാം ചില വൈരുദ്ധ്യാതമകസമീപനങ്ങളിൽ നിന്നാണ് ഉറവെടുക്കുന്നതെന്നു കാണാം. തന്റെ കഴിവ് പൂർണ്ണമായും ആഖ്യാനരൂപത്തിന്റെ മുറകളിലേക്ക് കൊണ്ടുവരാത്ത ഒരു പ്രതിഭ ശ്രദ്ധാപൂർവ്വം, മനോഹരമായി രചിച്ച കഥകളാണവ. ആ വൈരുദ്ധ്യങ്ങളെല്ലാം ഉത്തേജജനകമായിരുന്നു, കലാരംഗത്തെ മറ്റനവധി വൈരുദ്ധ്യങ്ങളെപ്പോലെ അവ ആകസ്മിക വൈകല്യങ്ങളോടെ ശക്തവും അവിസ്മരണീയവുമായ ഫലങ്ങൾ ഉളവാക്കുകയും ചെയ്തു.” കഥാപാത്രങ്ങളെ സ്വാഭാവികവികാസത്തിനു വിട്ടുകൊടുത്തപ്പോൾ സെർജിയിൽ ആ ഒരു “ഉപഗുപ്തൻ കോമ്പ്ലക്സ്”, കത്തിയെരിഞ്ഞുകഴിഞ്ഞ് ചാരം മാത്രമായവളെയേ സ്വന്തമാക്കാൻ ധൈര്യമുള്ളൂ എന്ന നിലപാട് വ്യക്തമായി പ്രതിഫലിച്ചതാകാം ടോൾസ്റ്റോയ്ക്ക് ഫാമിലി ഹാപ്പിനെസ്സിനെ വെറുപ്പിക്കുന്നതാക്കി മാറ്റിയതെങ്കിൽ കിറ്റി സ്വാഭാവികരീതിയിൽ കർഷകയുവതിയുടെ ചര്യകൾ സ്വീകരിച്ചതും, അന്ന പാപത്തിന്റെ ശിക്ഷയായ മരണത്തിലേക്ക് സ്വമേധയാ പോയതും ആയിരിക്കണം അന്നകരനീനയെ അദ്ദേഹത്തിന്റെ മാനസപുത്രിയാക്കിയതെന്നു വേണം അനുമാനിക്കാൻ.

വായനയിലുടനീളം ടോൾസ്റ്റോയിലെ കപട സദാചാരവാദിയുമായി നിരന്തരകലഹത്തിൽ ആയിരുന്നുവെങ്കിലും, ആ വൈരുദ്ധ്യാത്മക മനോഹാരിതയാൽ എന്നെ അകത്താക്കി ഏതോ മന്ത്രച്ചുമർ പിന്നിൽ അടയുന്നത് ഞാനും അനുഭവിച്ചറിഞ്ഞു. പലപ്പോഴും മുൻപോട്ടുള്ള സാധ്യതകളിൽ എനിക്കും വിശ്വാസം നഷ്ടമായിക്കൊണ്ടിരുന്നു.
“എഴുതുവാനുള്ള കഴിവുണ്ടായിരുന്നെങ്കി ഭൂമിയെഴുതുക ടോൾസ്റ്റോയെപ്പോലെ ആകുമായിരുന്നു എന്ന് ഇസാക് ബാബേൽ ഒരിക്കൽ അഭിപ്രായപ്പെട്ടിരുന്നു. അതുതന്നെ .

Friday, July 22, 2011

ഏകാന്തതയിൽനിന്ന് മനുഷ്യശീലങ്ങളിലേക്ക്

പണ്ടത്തെ ആ പെൺകുട്ടി എത്രയോ മാറിപ്പോയിരിക്കുന്നു, ചുറ്റുമുള്ളവരെ ഇത്രയധികം മാറ്റിമറിക്കും വിധം ഉന്മാദവും ഊർജ്ജവും പ്രസരിപ്പിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന ഈ പെൺജീവിതം നയിച്ചുകൊണ്ടിരിക്കുന്നത് ഞാൻ തന്നെയാണോ എന്നൊക്കെ അത്ഭുതപ്പെടുന്നതും അഹങ്കരിക്കുന്നതും പതിവാണെങ്കിലും മാറിനിന്ന് മറ്റൊരാളായി ജീവിതത്തെ നോക്കിക്കണ്ടാൽ വലിയ പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാത്തതും വളരെ സധാരണഗതിയിൽ പോകുന്നതുമായ ഒന്ന് എന്നുമാത്രമേ സ്വന്തം ജീവിതത്തെക്കുറിച്ച് പറയാനാകൂ. അതുകൊണ്ടുതന്നെ അവിസ്മരണീയമായ ഒരു രാത്രിയെക്കുറിച്ച് എഴുതേണ്ടി വന്നപ്പോൾ ഓർമ്മകളിലൂടെ ആഴത്തിലൊന്ന് പോയിനോക്കേണ്ടി വന്നു. ആകെയുള്ള ഇത്തിരി അനുഭവങ്ങളിൽ നിന്ന് ഏതിനെയെങ്കിലും എടുത്ത് അല്പം നുണകൂട്ടി പൊലിപ്പിച്ചുവച്ച് എഴുതിക്കളയാം എന്നോർത്ത് എത്തും പിടിയും അടുക്കും ചിട്ടയും ഇല്ലാതെ കിടന്നതിനെയെല്ലാം പല കോണുകളിലൂടെ നോക്കിക്കാണാൻ നോക്കുമ്പോളതാ മുപ്പത്തിനാലുവർഷത്തെ ജീവിതം മൂന്നായി വഴിപിരിയുന്നതുപോലെ.

രാത്രിയിലാണ് ജനിച്ചുവീണത് എന്നതൊഴിച്ചാൽ രണ്ടുദിവസങ്ങളുടെ നടുക്ക് വരുന്ന എന്തോ ഒന്ന് എന്നതിൽക്കവിഞ്ഞ് എടുത്തുപറയാൻ മാത്രം യാതൊരു പ്രത്യേകതയും പത്തൊമ്പതുവയസ്സുവരെ നീണ്ടുനിൽക്കുന്ന ഒന്നാംഘട്ടത്തിലെ യാതൊരു രാത്രിക്കുമില്ല. ഒരു ചലച്ചിത്രത്തിലെ നിശ്ചലദൃശ്യങ്ങൾക്കിടയിലെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിടവുകൾപോലെ, നിലനിൽക്കുന്നു എന്നതിനു തെളിവ് ചലനം മാത്രമാകുന്നതുപോലെ. രണ്ടുകുഞ്ഞുങ്ങളുമൊത്ത് തനിയെ താമസിക്കുന്ന സുന്ദരിയും യുവതിയുമായ പെണ്ണ് എന്റെ ഉമ്മ, കിളികൾ കൂടണയും മുൻപുതന്നെ വാതിലുകളും ജനലുകളുമെല്ലാം അടച്ചുപൂട്ടി അകത്തുകയറും.പിന്നെ കനത്തമരപ്പാളികൾ കൊണ്ടുണ്ടാക്കിയ ജനലിലെ കുഞ്ഞു ചില്ലുചതുരത്തിലൂടെ പോലും പുറംകാഴ്ചകൾ അകത്തെത്തില്ല. എട്ടുമണിക്കേ അത്താഴം കഴിച്ചു കിടക്കണം. പഠിച്ചുതീരാത്ത ഭാഗങ്ങളൊക്കെ പുലർച്ചെ എഴുന്നേറ്റ് പഠിച്ചുതീർക്കണം. അല്പം മുതിർന്നപ്പോളത് ഒമ്പതരയാക്കി നീട്ടിക്കിട്ടി. കിടക്കയിൽ കിടന്ന് സംസാരിക്കാനൊന്നും പാടില്ല. മിണ്ടാതെ കിടന്നോളണം. കിടന്നാലും അത്രപെട്ടെന്നൊന്നും ഉറക്കം വരില്ല. അപരിചിതനായ ഒരാണിനോട് എന്നപോലെ ഭയമാണു രാത്രിയെ. എന്നാൽ അയാളോടു തോന്നുന്ന കൌതുകം അല്പം പോലും ഇല്ലാതാനും. വീടിനുചുറ്റും കട്ടപിടിച്ച ഇരുട്ടിലും അകലെനിന്നും കേൾക്കുന്ന നായ്ക്കളുടെയും കാലൻ കോഴികളുടെ ഓലിയിടലുകളിൽ നിന്നുമെല്ലാം മനസ്സിൽ കൽപ്പിച്ചുകൂട്ടുന്നത് നിറയെ മരണം മാത്രമാണ്. ഭയന്ന് കണ്ണുകളിറുകെ അടച്ചുള്ള കിടപ്പിൽ അറിയാതങ്ങ് ഉറങ്ങിപ്പോകും.ഇടയ്ക്കൊന്ന് ഉണർന്നാലും ഭയമാണ് മുറിയ്ക്കുള്ളിലെ നിഴലുകളെ, വീടിനുള്ളിൽ നിന്നും കേൾക്കുന്ന എലിയുടെയോ മറ്റോ അനക്കങ്ങളെ. ചാടിവീഴാനെന്ന മട്ടിൽ ആരോ ഇരുട്ടിൽ പതുങ്ങിനിൽക്കുന്നുണ്ടെന്നു തോന്നും. അറിയാവുന്ന പ്രാർത്ഥനകൾ ചൊല്ലി വീണ്ടും പുതപ്പിനടിയിലേക്ക് നൂഴും. മാസപ്പിറ കാണുന്ന ദിവസങ്ങളിൽ മാത്രം ഉമ്മ അല്പനേരം അധികം പുറത്തുണ്ടാവും. “മാസം കണ്ടാൽ” ഉടനെ മക്കളെ വിളിച്ച് ഇലമറവിലൂടെ അല്ലാതെ ചന്ദ്രനെ നോക്കാൻ നിർദ്ദേശിക്കും. പിന്നീട് കയ്യിലുള്ള നാണയത്തിലേക്ക്കും, മാലയുടെ ലോക്കറ്റിലേക്കും കൂടെ നോക്കിയശേഷം മാസം മുഴുവൻ ഐശ്വര്യം ലഭിക്കാൻ മൌനപ്രാർത്ഥന നടത്തിയശേഷം അകത്തുകയറും. വിരലിലെണ്ണാവുന്നത്ര തവണ രാത്രി യാത്രകൾ ഉണ്ടായിട്ടുണ്ട്. എപ്പോഴൊക്കെയോ പൂർണ്ണച്നദ്രനെ കണ്ടിട്ടുണ്ട്. പെരുന്നാളിനു എല്ലാവരും കൂടെ ഉമ്മയുടെ തറവാട്ടിൽ കൂടുമ്പോൾ മാത്രം കൊതിതീരുവോളം നക്ഷത്രങ്ങളെ കണ്ടു നിന്നിട്ടുണ്ട്. അന്നൊന്നും സ്വപ്നങ്ങൾ കണ്ടിരുന്നോ എന്നുപോലും സംശയമാണ്. റേഡിയോ ടിവി പരിപാടികളിലെ സ്വയം തിരഞ്ഞെടുപ്പുകൾ, വായന, അയല്പക്കത്തുള്ള കുട്ടികളുമായി കൂട്ടുകൂടൽ, കൃത്യസമയത്തിനും വളരെ മുൻപ് സ്കൂളിലോ കോളേജിലോ ചെന്നിരിക്കൽ, കൂട്ടുകാരുടെ വീട്ടില്പോക്ക്, അവരുമൊത്തുള്ള കറക്കം എല്ലാം നിഷേധിക്കപ്പെട്ട കുട്ടികളായിരുന്നു ഞങ്ങൾ. അയൽക്കാരുമായിപോലും ഞങ്ങളുടെ വീടിനു അടുത്ത ബന്ധങ്ങളുണ്ടായിരുന്നില്ല. ഒരു തുരുത്തിൽ ഒറ്റപ്പെട്ട മൂന്നുപേർ. ആഴത്തിൽ പതിയുന്ന അനുഭവങ്ങളോ കാഴ്ചകളോ ഉപബോധമനസ്സിൽ ഇല്ലാത്തവർക്ക് എന്തു സ്വപ്നം?

രണ്ടാംകാലത്തിലേക്കു പറന്നിറങ്ങുന്നതും ഒരു രാത്രിയിലാണ്. ലക്ഷ്യമടുത്തു എന്ന അറിയിപ്പുകേട്ട് ജനലിലൂടേ നോക്കിയപ്പോൾ അതിനു മുൻപ് കഴിഞ്ഞുപോയ പതിമൂന്ന് മണിക്കൂറോളം നീണ്ട അലച്ചിലും സംഘർഷാവസ്ഥയും കാരണം ഏതാണ്ട് അർദ്ധബോധാവസ്ഥയിൽ ആയിരുന്നതുകൊണ്ടോ ജീവിതത്തിൽ ആദ്യത്തെ അനുഭവമായിരുന്നതു കൊണ്ടോ ആകാം തലകീഴായാണോ പറക്കുന്നത് എന്നൊരു വിഭ്രാന്തി ഉണ്ടായത്. മേഘങ്ങളിൽ നിന്നും നക്ഷത്രങ്ങൾക്കിടയിലേക്ക് പറന്നിറങ്ങി നിലം തൊട്ടപ്പോൾ കാര്യങ്ങളും കാഴ്ചകളും ശരിയായി ബോധത്തിലേക്കുവന്നു. തൊണ്ണൂറ്റി എട്ടിലെ ആ മാർച്ച്മാസരാത്രിയിൽ നാട്ടിലെ കടുംവേണലിൽ നിന്നും ദുബായിലെ മഞ്ഞുകാലത്തിലേക്ക് കൌതുകത്തോടെ കാലെടുത്തുവച്ചു.

വീട്,സ്കൂൾ, കോളേജ്, അടുത്തബന്ധുവീടുകൾ എന്നിവക്കപ്പുറം കാഴ്ചകളോ ലോകമോ ഇല്ലാതിരുന്ന എനിക്കു മുന്നിൽ ഇന്ദ്രിയങ്ങൾക്കു മുഴുവനായും പിടിച്ചെടുക്കാൻ കഴിയാത്ത അത്ര അത്ഭുതങ്ങളായിരുന്നു ആ ഷോപ്പിംഗ് ഫെസ്റ്റിവൽ സീസൺ ഒരുക്കിവച്ചിരുന്നത്. പുതിയ ആളുകൾ, കാഴ്ചകൾ, അനുഭവങ്ങൾ, രുചികൾ. കലണ്ടറിലോ പോസ്റ്റ്കാർഡുകളിലോ മാത്രം കണ്ടിട്ടുള്ള ഭംഗിയും കൌതുകവും ഉള്ള പൂക്കളും വാസ്തുശില്പമാതൃകകളും ചുറ്റിലും ഉണ്ടായിരുന്നിട്ടും ഇഷ്ടം മുഴുവൻ പകലിനോടായിരുന്നില്ല, അറബിക്കഥകളെ ഓർമ്മിപ്പിച്ച് ആകാശത്തും ഭൂമിയിലും വായുവിലും മരങ്ങളിലും കടലിലുമെല്ലാം നക്ഷത്രങ്ങളുമായി നിൽക്കുന്ന രാത്രിയോടായിരുന്നു. എല്ലവരും ഉറങ്ങിയാലും വലിയ കണ്ണാടിജനലിനടുത്തു നിന്ന് കർട്ടൻ മാറ്റി കൊതിയോടെ രാത്രിക്കാഴ്ചകളും സൂര്യോദയവും കണ്ട് വെളിച്ചമുദിച്ചാൽ മാത്രം കിടന്നുറങ്ങും.

ദുബായിലെ ആ പതിനഞ്ചുദിവസങ്ങൾ പെട്ടെന്നുതീർന്നുപോയി. പിന്നീട് അബുദാബിയിലെ ഒരു അതിർത്തിഗ്രാമത്തിലേക്ക്. പട്ടണത്തിൽ നിന്നും നാനൂറ്റമ്പത് കിലോമീറ്റർ അകലെയായി തികച്ചും അവികസിതമായൊരു ഗ്രാമപ്രദേശം. നഗരവാസികൾക്ക് കണ്ടാൽ ഇങ്ങനെയൊരുസ്ഥലം യു.എ.ഇയിൽ ആരെങ്കിലും തെറ്റിക്കൊണ്ടിട്ടതോ അല്ലെങ്കിൽ താനേയത് വഴിതെറ്റിവന്ന് അവിടെ ഇരിപ്പുറപ്പിച്ചതോ ആണെന്ന് തോന്നും. ജനസാന്ദ്രത തീരെക്കുറവ്. കെട്ടിടങ്ങളുമതേ. മൂന്നുവശത്തും പൂഴിപുതഞ്ഞ റോഡിനുനടുവിലെ വില്ലയിൽ രാത്രി മറ്റൊരു അനുഭവം ആയിരുന്നു. അവയില്ലായിരുന്നു എങ്കിൽ ഒരുപക്ഷേ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമായി എനിക്കുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ആന്തരികലോക്കം ഒരിക്കലും ഉണരില്ലായിരുന്നു.

ആദ്യമൊക്കെ രാത്രി ഉണർച്ചകൾ കഴിഞ്ഞനാളുകളിലെ ശീലങ്ങളുടെ ആവർത്തനമായിരുന്നു. രാവിലെ ആറുമണിക്ക് അദ്ദേഹം ജോലിക്കുപോയിക്കഴിഞ്ഞാൽ പിന്നെ ഒന്നോ രണ്ടോ മണിക്കൂറിനകത്ത് ഒരു ദിവസത്തേക്കുള്ള ജോലികൾ മുഴുവൻ ഒതുങ്ങിത്തീരും. ടിവിയിലും കാര്യമായി കാണാൻ ഒന്നുമില്ല. വീടിന്റെ മുൻവാതിൽ തുറന്നാൽ വീട്ടുടമസ്ഥരായ കാട്ടറബികളുടെ വില്ലയാണ്. പകലുറക്കവും രാത്രിസൽക്കാരങ്ങളുമായി കഴിയുന്ന അവരുടെ വീട്ടുമുറ്റത്ത് പകൽ അനക്കമൊന്നും കാണില്ല. വല്ലപ്പോഴും കുഞ്ഞുങ്ങളെ എടുത്ത് നടക്കുന്ന വീട്ടുജോലിക്കാരികളെ കാണാം. കിടപ്പുമുറിയുടെ ജനൽക്കാഴ്ചകൾ വെള്ളാമ്പിച്ച പൂഴിപുതഞ്ഞ കുഞ്ഞ് ഇടവഴിയിലൂടേ തൊട്ടപ്പുറത്തെ മതിലിൽ തട്ടി നിൽക്കും. പിന്നെ ആകെ ചെയ്യാനുള്ളത് ഉറങ്ങൽ മാത്രമായതുകൊണ്ട് സ്വാഭാവികമായും രാത്രിയിൽ ഉണർന്നിരിക്കാൻ തുടങ്ങി.

ആദ്യമൊക്കെ മുറ്റത്തിറങ്ങി നിലാവ് ഓരോദിവസവും ഉതിർക്കുന്ന നിറങ്ങളിലെ വ്യത്യസ്തതകൾ കണ്ടുപിടിക്കൽ, നൂറ്റാണ്ടുകളോളം പഴക്കമുണ്ടായിരിക്കാൻ സാധ്യതയുള്ള വന്മരങ്ങളുടെ നിഴലുകളിൽ ഒളിച്ചിരിക്കുന്ന രൂപങ്ങളെ കണ്ടെടുക്കൽ എന്നീകലാപരിപാടികളായിരുന്നു പതിവ്.പകലെല്ലാം കിണറ്റിലെ അടിമണ്ണുപോലെ വിളർത്ത് ചൈതന്യമില്ലാതെ കിടക്കുന്ന വെളുത്തമണ്ണ് രാത്രിയിൽ മറ്റൊന്നായി മാറും. നിലാവിന്റെ വെള്ളിനിറത്തെയത് സ്വർണ്ണമഞ്ഞയും ചുവപ്പും തുരിശുപച്ചയും ഇടകലർന്ന അനേകം വർണ്ണങ്ങളാക്കി ഇരട്ടിച്ച് പ്രതിഫലിപ്പിക്കും. അസ്തമയാകാശത്തോളം നിറപ്പകിട്ടുള്ള എത്രശ്രമിച്ചാലും അപ്രാപ്യവും ദുരൂഹവുമായ എന്തൊക്കെയോ ഉള്ളിലൊളിപ്പിക്കുന്ന മൺകടൽ. അമാവാസിനാളുകളിൽ കഴിഞ്ഞുപോയതും വരാനിരിക്കുന്നതും ആയ ജന്മങ്ങളിൽ നിന്നും ആരൊക്കെയോ അടുത്തുവരാൻ കഴിയാതെ നിസ്സഹായരായി ഇരുളിൽ നിൽക്കുന്നതായി സങ്കൽപ്പിച്ച് വെറുതേ ഇരുന്നു കരയും. പിന്നീട് അയൽക്കാരാണ് കാട്ടറബികളും, വർഷങ്ങളായി നാടും വിടും കാണതെ അലഞ്ഞുനടക്കുന്ന പഠാണികളും ബംഗാളികളും വിഹരിക്കുന്നിടത്തുള്ള എന്റെ രാത്രിസഞ്ചാരത്തിന്റെ അപകടം ബോധ്യപ്പെടുത്തി തന്നത്.

അതോടെ ആ പതിവ് നിന്നുപോയി. ഒരാൾ ഉറങ്ങിക്കിടക്കുന്നതിന് അടുത്ത് ഇങ്ങനെ ഉണർന്നിരിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. ടി.വി. കിടപ്പുമുറിയിൽ തന്നെ ആയതുകൊണ്ട് ആ വഴിക്ക് നേരം കളയാനും പറ്റില്ല. അല്ലെങ്കിലും ചെവിപൊട്ടുന്ന ഒച്ചയിലല്ലെങ്കിൽ ടിവി വയ്ക്കാൻ വല്യ താല്പര്യവും ഇല്ല. അങ്ങനെയാണ് രാത്രികളിൽ അപ്പുറത്തെ മുറിയിലേക്ക് കടക്കുന്നത്. അന്നൊന്നും വായനാശീലം ഇല്ല. പുസ്തകങ്ങളും കിട്ടാനില്ല. മാസങ്ങളോളം ഒന്നും ചെയ്യാതെ ലൈറ്റ് പോലും ഇടാതെ ഇരുട്ടിലേക്ക് വെറുതേ തുറിച്ചു നോക്കിയിരുന്ന് രാത്രിയുടെ നീളം ശരിക്ക് അനുഭവിച്ചറിഞ്ഞ് നേരം വെളുപ്പിച്ചു. വല്ലാത്ത ഒരു മാനസികാവസ്ഥയാണ് അന്നൊക്കെ. ഇതെന്തൊരു ജീവിതം എന്ന ഭീതി.എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടുകളയാൻ തോന്നും ഇടക്ക്. പക്ഷേ എന്തിൽ നിന്നും എന്തിലേക്ക് എന്ന ചോദ്യത്തിനു ഉത്തരം ഇല്ലല്ലോ.

ചെറുപ്പത്തിലെ ഒരേയൊരു ആശ്വാസമായിരുന്ന ഒറ്റക്കിരുന്ന് സംസാരിക്കൽ പുനരാരംഭിച്ചതോടെ ആ അവസ്ഥ മാറിത്തുടങ്ങി. ഓരോരുത്തരും ഓരോ പ്രപഞ്ചമാണെന്നു പറയുന്നതിലെ വാസ്തവം അപ്പോളാണു മനസ്സിലായിത്തുടങ്ങിയത്. എത്രയോ ജന്മങ്ങളും കഥാപാത്രങ്ങളും ഭൂഖണ്ഠങ്ങളുമാണ് ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്നത്. ചുറ്റുമുള്ളതെല്ലാം ഉറക്കമായാൽ അലീസ് പതിയെ മുയൽക്കുഴിയിലേക്ക് നൂഴ്ന്നിറങ്ങും. അതോടെ ഓരോരുത്തരായി ഇരുളിലേക്ക് ഇറങ്ങിവരും. നൃത്തം ,പ്രണയം, രതി എല്ലാതിലും മനുഷ്യപരിമിതികളെ മുഴുവൻ ലംഘിച്ചുകൊണ്ട് ഞങ്ങൾ ഒന്നിച്ച് കടൽക്കരകളിലൂടെ വൻകരകൾ ചാടിക്കടക്കും, നക്ഷത്രങ്ങളെയും സുന്ദരന്മാരായ ജിന്നുകളേയും കാഴ്ചക്കാരാക്കി പീഠഭൂമികളിൽ നൃത്തമാടും. മരുഭൂമികളുടെ വിശാലതയിൽ തട്ടുകളായി കിടക്കുന്ന മണൽപ്പർവ്വതങ്ങളുടെ വടിവുകളിൽ നഗ്നരായിക്കിടന്ന് നിലാവാസ്വദിക്കും. സൂര്യന്റെ ആദ്യകിരണം നിലംതൊടുമ്പോൾ മനസ്സില്ലാമനസ്സോടെ എല്ലാവരോടും യാത്രചോദിച്ച് രാജകുമാരി വീണ്ടും സിൻഡ്രല്ലയായി ചിമ്മിനിപ്പുരയിലേക്ക് മടങ്ങും.

മെഴുകുതിരി കത്തിച്ചുവച്ച് ഡയറിയെഴുതാൻ തുടങ്ങിയതും ഈ കാലത്താണ്. വീടും കോളേജും പൊട്ടൻകളിയും മാത്രമായി നടന്നിരുന്നവൾ ജീവിതമറിഞ്ഞുതുടങ്ങിയ നാളുകൾ ആണല്ലോ. ജീവിതമെന്നു പറയുന്നത് ഇത്രയ്ക്കും ഭാരിച്ചതും വൃത്തികെട്ടതുമായ ഉത്തരവാദിത്തം നിറഞ്ഞ ഏർപ്പാടാണെന്നും, എനിക്കതിൽ നിന്നും ഒഴിഞ്ഞുമാറാൻ ആകില്ലെന്നും ഉള്ളതിനെ ഉൾക്കൊള്ളാൻ എളുപ്പമല്ലായിരുന്നു. വികാരങ്ങളെ മറ്റുള്ളവർക്കുമുന്നിൽ പ്രകടിപ്പിക്കുന്നതു ശീലമോ ഇഷ്ടമോ അല്ല.എല്ലാം ഉള്ളിലൊതുക്കി കരിങ്കൽ മുഖത്തോടെ നിൽക്കുമ്പോൾ ഇന്നുരാത്രി ഡയറി തുറന്നുവച്ച് ഉറക്കെ പൊട്ടിത്തെറിക്കും പൊട്ടിക്കരയും എന്നെല്ലാം മനസ്സിലങ്ങുറപ്പിക്കും. രാത്രികളുണ്ടോ എന്നെ കരയാനും പരിഭവിക്കാനും സമ്മതിക്കുന്നു. എന്റെ ഡയറികലെല്ലാം എന്നും ഉന്മാദിനിയുടെ നുണപ്പുസ്തകമായിത്തന്നെ ഇരുന്നു. ഞാൻ പോലും വായിക്കാത്ത പുസ്തകങ്ങൾ ഇരുളിൽ ഇരുന്നു പെരുകി.

“ഉച്ചരിക്കുന്ന ഓരോ വാക്കും നമ്മെ ചതിക്കുകയാണ്. സത്യമായ ആത്മപ്രകശനം എന്നത് എഴുതപ്പെട്ട വാക്കുകളാണ്” എന്ന പെസോഅ വചനം എത്രശരി. എന്നോ ഒരിക്കൽ എഴുതിവച്ചവയിൽ ചിലതെല്ലാം എടുത്ത് വായിച്ചു നോക്കിയപ്പോഴാണ് എന്റെ ചിന്തകളിൽ ഞാൻ വന്നു നിറഞ്ഞത്. ലോകം മുഴുവൻ അറിഞ്ഞില്ലെങ്കിലും സാരമില്ല, പക്ഷേ ഞാൻ സ്വയം കണ്ടെടുത്തിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു എന്ന ചോദ്യം ശരിക്കും ഭയപ്പെടുത്തുന്നുണ്ട് ഇപ്പോഴും. മറ്റാർക്കൊക്കെയോ വേണ്ടി ആരൊക്കെയോ എഴുതിയിട്ട നിയമാവലികളുടെ ചരടുവലികൾക്കൊത്ത് ജീവിക്കാൻ സ്വയം പാകപ്പെടുത്തിയ ഒരുവളിൽ നിന്നും എത്രയോ വ്യത്യസ്തയാണ് രാത്രികളിൽ ഉണർന്നിരിക്കുന്നവൾ. ഒടുവിൽ ശരിയായവൾ പാകപ്പെടുത്തിയെടുത്തവളെ അതിജീവിക്കുക തന്നെ ചെയ്തു. അതൊരു വലിയ യാത്രയുടെ തുടക്കമായിരുന്നു. പകൽ മുഴുവൻ ഞാൻ രാത്രികൾക്കായി അക്ഷമയോടെ കാത്തിരിക്കുവാൻ തുടങ്ങി. ഒരുകാര്യവും ഇല്ലാഞ്ഞിട്ടും ആ കാത്തിരിപ്പിൽ അവിഹിതമായൊരു കുറ്റബോധത്തിന്റെ നിഗൂഢസന്തോഷവും കലർന്നുതുടങ്ങി. ഒഴിവുദിവസങ്ങളിൽ അഥിതികളെത്തി ഇരിപ്പുമുറി കയ്യേറുന്ന രാത്രികളിൽ ഞാൻ അസ്വസ്ഥയായി ആരും കാണാതെ കരഞ്ഞു. ഇരുളിൽ കാത്തുനിൽക്കുന്നവർ എന്നേക്കുമായി പിണങ്ങിപ്പോകുമോ എന്നു ഭയന്നു. രാവിലെ എഴുന്നേറ്റ് ചായ ഉണ്ടാക്കുമ്പോൾ അതിൽ വിഷം കലർത്തി എല്ലാവരേയും കൊന്നുകളഞ്ഞാലോ എന്നുവരെ പലപ്പോഴും ചിന്തിച്ചുപോയിട്ടുണ്ട്.

താൻ സൃഷ്ടിച്ച റോബോട്ട് കൈപ്പിടിയിലൊതുങ്ങാതെ ലോകം മുഴുവൻ നശിപ്പിക്കുന്ന സത്വമായി മാരുന്നതും നോക്കി നിസ്സഹായനായി നിൽക്കേണ്ടിവന്ന ശാസ്ത്രജ്ഞന്റെ കഥ വായിച്ചതോർക്കുന്നു. ഒരുപക്ഷേ മനുഷ്യമനസ്സിനെ നിർമ്മിച്ചുകഴിഞ്ഞപ്പോൾ പടച്ചവനും ഈ അപകടസാധ്യത മണത്തിരുന്നിരിക്കണം. വേദങ്ങളും നിയമസംഹിതകളും നൽകി മനുഷ്യപ്രവർത്തനങ്ങളെ നിയന്ത്രിച്ചതുപോലെ മറ്റൊരു കുതന്ത്രമല്ലേ മനുഷ്യജീവിതത്തിൽനിന്നും രാത്രികളെ അടർത്തിമാറ്റിയതും. ഏതുപകലിനാണ് രാത്രിയോളം ആസ്വാദ്യത ഉള്ളത്? രാത്രി വിരുന്നുകളുടെയോ ഉത്സവങ്ങളുടെയോ ഹരം പകൽ സൽക്കാരങ്ങൾക്കോ മേളങ്ങൾക്കോ ഉണ്ടോ?രാത്രി ചിന്തകളുടെ തീക്ഷ്ണത പകൽചിന്തകൾക്കുണ്ടോ? രാത്രിവായനയുടെ ലഹരി പകൽ വായനക്കു ഒരിക്കലും കിട്ടില്ല, വായിക്കാൻ താൻ രാത്രികളാണ് തെരഞ്ഞെടുക്കാറുള്ളതെന്ന് റിൽക്കേയും പറഞ്ഞിട്ടുണ്ട്. പകൽ ഓരോ കാഴ്ചക്കും തന്റേതായ രൂപവും നിർവചനവുമിടുന്നുണ്ട്.രാത്രിയിലാകട്ടെ കാഴ്ചകളും രൂപങ്ങളുമെല്ലാം കാഴ്ചക്കാരന്റെ മാത്രം തീരുമാനവും അവകാശവുമാകുന്നു. ബാഷോക്കവിതയിലേതുപോലെ മുകളിലും താഴെയും ലഹരി നിറയുകയും, മങ്ങിയ കടൽപ്പതക്കുമുകളിലൂടെ ആകാശഗംഗ ദ്വീപുകളിലേക്കോടിയെത്തുകയും ചെയ്യുന്ന നേരം. മദ്യത്തിനും മരുന്നിനും വിഷത്തിനും വീര്യം കൂടുന്നനേരം. എന്നിട്ടും സാധാരണക്കാർ രതിക്കപ്പുറം മറ്റൊന്നും രാത്രികളിൽ ആഘോഷിക്കാൻ മെനക്കെടുന്നില്ല. സൈബർയുഗത്തിനും മുൻപ് രാത്രിയുടെ കൂട്ടുകാരായിരുന്നവർ കലാകാരന്മാർ എഴുത്തുകാർ തുടങ്ങിയവരും കള്ളന്മാരും അഭിസാരികകളും ഉൾപ്പെടുന്ന സാമൂഹ്യവിരുദ്ധരും ആയിരുന്നിരിക്കണം. അതുകൊണ്ടുതന്നെയാകാം സാധാരണ മനുഷ്യരുടെ ശീലങ്ങളുമായി അവരൊത്തുപോകാതിരുന്നതും. രാത്രിയുടെ ആത്മാവറിഞ്ഞവക്ക് ഒരിക്കലും പകൽ ലോകത്തിന്റെ നിയമാവലികളിലൂടെ ചലിക്കാൻ ആകില്ല.

ഞാനുമതേ മാറിപ്പോവുകയായിരുന്നു. ഒരേസമയം ആനന്ദിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന മാറ്റം. ചുറ്റുമുള്ളവരുടെ വേദനയും അസ്വസ്ഥതയും എനിക്കു മനസ്സിലാകുന്നുണ്ടായിരുന്നു. പ്രിയപ്പെട്ടവരെല്ലാം എന്നിൽ നിന്നും അകന്ന് എങ്ങോട്ടോപോയി. മുന്നിൽ നീണ്ടുകിടക്കുന്ന കടലിനെ താണ്ടാൻ ഇരു കൂട്ടർക്കും ആകുന്നില്ലായിരുന്നു. അജ്ഞാതമായ ഏതോ ബന്ധങ്ങൾ മാത്രം ഇരു കരകളേയും വേർപെടാതെ നിർത്തി. എനിക്കെന്റെ ഏകാകിതയിൽ നിന്നും പുറത്തുകടക്കാൻ കഴിയില്ലായിരുന്നു. മറ്റുള്ളവരെ സങ്കടപ്പെടുത്താതിരിക്കാൻ വേണ്ടിയെങ്കിലും ഞാൻ അതിൽ നിന്നും പുറത്തുകടന്നാൽ സ്വയം ഇല്ലാതായിപ്പോകും എന്നു ഞാൻ ഭയന്നിരുന്നു.

പെസോഅയുടെ “ബുക് ഓഫ് ഡിസ്ക്വയറ്റ്“ ഓരോ ഏകാകിയുടേയും ഓരോ ഒറ്റപ്പെടലിന്റേയും പുസ്തകമായി കൂട്ടാം. സഹകരിക്കുമ്പോൾ സങ്കോചിക്കുന്നതായും ,കൂട്ടുചേരുമ്പോൾ മരിക്കുന്നതായും എനിക്കും തോന്നാൻ തുടങ്ങി. മായാരൂപികളും ഭാവനയിലുള്ളവരുമായ സുഹൃത്തുക്കളുമായി സ്വപ്നത്തിൽ ഞാൻ നടത്തുന്ന സംഭാഷണങ്ങളിൽ എന്റെ ധിഷണയും കണ്ണാടിയിൽ പ്രതിബിംബമെന്നപോലെ തുടിക്കുകയും യഥാർത്ഥജീവിതത്തിൽ ആളുകളുമായി ഇടപെടേണ്ടി വരുമ്പോൾ എന്റെ ബുദ്ധിക്കും മന്ദത അനുഭവപ്പെടാനും നാക്കിറങ്ങിപ്പോകാനും ശരീരം തളർന്നുപോകാനും തുടങ്ങി. സാമൂഹികമായ ഉത്തരവാദിത്തങ്ങളും കൂടിച്ചേരലുകളും എന്നെയും ഭയപ്പെടുത്തിത്തുടങ്ങി.

വർഷങ്ങൾക്കുശേഷം അമ്മയായപ്പോഴും കുഞ്ഞുങ്ങളുണർന്നിരിക്കുന്ന രാത്രികളിൽ നഷ്ടപ്പെടുന്ന ഉറക്കത്തെക്കുറിച്ചല്ലായിരുന്നു വേവലാതി. കുഞ്ഞുങ്ങൾക്കൊപ്പം ഇരുന്ന് മാതൃത്വത്തിന്റെ നിർവൃതിയുള്ള പുതിയൊരു കാൽപ്പനികലോകം തീർക്കാനുള്ള ശ്രമങ്ങളൊന്നും നടന്നില്ല. രാത്രികളിൽ എനിക്കുവേണ്ടത് എന്നെമാത്രമായിരുന്നു, എന്റെ മാത്രം ആ മായാലോകവും, ആറാമിന്ദ്രിയം കൊണ്ടു അനുഭവിച്ചിരുന്ന ആനന്ദമൂർച്ഛകളുമായിരുന്നു. മാതൃത്വത്തിൽ മാത്രം ആനന്ദം കണ്ടെത്തുന്ന മഹനീയയായ അമ്മയല്ല, തനി സ്വാർത്ഥയായ സ്ത്രീയായിരുന്നു ഞാൻ. അമ്മയായതോടെ പകലുറക്കം എന്നത് ഒരിക്കലും നടക്കാത്ത സ്വപ്നമായിത്തീർന്നു. അന്യനാട്ടിൽ ആരും സഹായത്തിനില്ലാതെ രണ്ടുവയസ്സിന്റെ മാത്രം പ്രായവ്യത്യാസമുള്ള രണ്ട് കുഞ്ഞുങ്ങളുമായി പുലർച്ചമുതൽ രാത്രിവരെയുള്ള തിരക്കുകൾക്കിടയിലും ഞാൻ കൊതിച്ചത് ഉറക്കമോ വിശ്രമമോ അല്ല, ഉണർച്ചകളായിരുന്നു. എല്ലാവരും ഉറങ്ങിയെന്നുകരുതി പതിയെ എഴുന്നേൽക്കാൻ നോക്കുമ്പോളാവും അമ്മയുടെ ചൂടുമാറിയതിൽ പ്രതിഷേധിച്ച് കുഞ്ഞുങ്ങളിൽ ആരെങ്കിലും ഉണർന്നു ബഹളം വച്ച് മുഴുവൻ ആളുകളുടേയും ഉറക്കം കളയുക. അതോടെ എല്ലാവരുടെയും ഉറക്കവും എന്റെ ആരോഗ്യവും ഇല്ലാതാക്കുന്ന രാത്രിസഞ്ചാരം നിറുത്തിക്കളയാൻ കർശനമായ ഉത്തരവിറങ്ങി. എന്നിട്ടും ആരും കാണാതെ ഞാൻ പലപ്പോഴും ഇത്തിരി രാത്രികളെ കട്ടെടുത്തു തുടങ്ങി.

ആളനക്കം കുറഞ്ഞുതുടങ്ങി. ആരൊക്കെയോ എന്നെ ഉപേക്ഷിച്ചുപോയി. ആരോടൊക്കെയോ ഞാനും പിണങ്ങി. അപ്പോഴേക്കും ഒരേ ഒരാളാണ് എന്റെ രാത്രികളുടെയെല്ലാം അവകാശിയെന്ന് മനസ്സ് പറഞ്ഞുതുടങ്ങി. ആ ഒരാളെ കരഞ്ഞുകൊണ്ട് കാത്തിരിക്കാൻ ആ ഇത്തിരിസമയം തികയാതെയായി.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക്. ജീവിതത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക്. അപ്പോഴേക്കും എന്റെ രാത്രികളുടെ അവകാശിയെ ഞാൻ കണ്ടെത്തിക്കഴിഞ്ഞിരുന്നു. ഏവരും ഉറങ്ങിയാൽ ഒരേ വൻകരയുടെ ഇരുഭാഗങ്ങളിൽ ഇരുന്ന് ഞങ്ങൾ പലപ്പോഴും വെളുക്കുവോളം സംസാരിച്ചു. രാത്രികൾ വീണ്ടും ഉന്മാദം നിറഞ്ഞതായി. എന്നാൽ ഒരു ജീവിതവും പ്രത്യേകിച്ച് പെൺജീവിതങ്ങൾ ഒരിക്കലും ജീവിച്ചുതീർക്കുന്നവരുടെ സ്വന്തം അല്ലല്ലോ. ജീവിച്ചുകൊണ്ടിരിക്കുന്നത് മറ്റാരുടെയോ ജീവിതമാണെന്നും സ്വന്തം ജീവിതം എവിടെയോ കൈവിട്ടു കിടപ്പുണ്ടെന്നും ഉള്ള തിരിച്ചറിവ് ശക്തമാകുന്ന മുപ്പതുകളുടെ നിസ്സഹായതയിലും ഉത്തരവാദിത്തങ്ങളിലുമാണ് ഞാനിന്ന്. ആ ഉത്തരവാദിത്ത്വങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്തതുകൊണ്ട് രാത്രിജീവിതം പാടേ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ആലീസ് ഉറക്കമുണർന്നു നടന്നു തുടങ്ങിയിരിക്കുന്നു. യാതൊരുവിധ പിൻനോട്ടത്തിനും സാധ്യതയില്ലാത്ത നടത്തം. അല്പം കഴിഞ്ഞാൽ ,ഉറക്കത്തിന്റെ ആഴങ്ങളിലെന്നോ കണ്ട, ഉണർച്ചയുടെ പടിവരെ വന്നിട്ട് എത്രശ്രമിച്ചാലും ഓർത്തെടുക്കാൻ കഴിയാത്തവണ്ണം മറവിയുടെ ആഴങ്ങളിലേക്ക് തിരികെ ഓടിപ്പൊയൊരു നിഗൂഢസ്വപ്നം പോലെ ഞാൻ എന്റെയാ പഴയ രാത്രികളെ മറന്നുപോയേക്കാം. ഇപ്പോൾ രാത്രിയെന്നത് വീണ്ടും രണ്ട് പകലുകൾക്ക് നടുവിലെ ശൂന്യതമാത്രം ആയിത്തീർന്നിരിക്കുന്നു. നിലനിൽക്കുന്നു എന്നതിനു തെളിവുകൾ അവശേഷിപ്പിക്കാൻ വേണ്ടിമാത്രമെന്നോണം നിശ്ചലദൃശ്യങ്ങലെ കോർത്തിണക്കി ചലച്ചിത്രമോടിച്ചുകൊണ്ടിരിക്കുന്ന വിടവുകൾ.

Saturday, January 22, 2011

നിരാശകളുടെയും മറന്നുവക്കലുകളുടേയും നീട്ടിയെഴുത്തുകൾ

രണ്ട് മാസം മുൻപ്, നർത്തകിയും അഭിനേത്രിയുമായിരുന്ന പ്രൊതിമാബേഡിയുടെ ആത്മകഥ “ടൈംപാസ്സ്”വായിക്കാനിരിക്കുകയായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ മുതൽ സൌന്ദര്യറാണി, മോഡൽ, വിവാദനായിക, പ്രശസ്ത നർത്തകി എന്ന രീതിയിൽ അവരെക്കുറിച്ച് വലിയൊരു ചിത്രം മനസ്സിലുണ്ട്. ആദ്യമൊക്കെ അവരുടെ ശരീരത്തിന്റെയും മനസ്സിന്റെയും ഉന്മാദം നിറഞ്ഞ സ്വാതന്ത്ര്യപ്രഖ്യാപനങ്ങൾ മനസ്സിനൂർജ്ജമായെങ്കിൽ വായനമുന്നോട്ട് നീങ്ങുംതോറും ആത്മാവിൽ സ്വതന്ത്ര എന്ന മുൻധാരണമാറി മനസ്സിൽ സഹതാപം നിറയാൻ തുടങ്ങി.എന്നാൽ ഇടക്കുവച്ചെപ്പോഴോ വായന അവരിൽ നിന്നും മകൻ സിദ്ധാർത്ഥിലേക്ക് വഴിമാറിപ്പോയി. എപ്പോൾ എവിടെ വച്ച് എന്നറിയില്ല.എപ്പോഴൊ.

മകൾ പൂജാബേഡിയെക്കുറിച്ച് എനിക്ക് മുൻപേ അറിയാം..(പ്രൊതിമയെപ്പറ്റി ഞാൻ ആദ്യം കേൾക്കുന്നതെ പൂജാബേഡിയുടെ അമ്മ എന്നരീതിയിലാണ്)ഈ ആത്മകഥയില്പോലും കോണ്ഡം ഗേളും, മാദകാഭിനേത്രിയുമായിരുന്നുവെന്നും, പിന്നീട് വിവാഹിതയുമായി കഴിയുന്നുവെന്നും ഉള്ള പരാമർശം മാത്രമേ ഉള്ളുവെങ്കിലും ഹൈസ്കൂൾ, കോളേജ് കാലഘട്ടങ്ങളിൽ സ്റ്റാർ ഡസ്റ്റും, ഫിലിംഫെയറും, ഇന്ത്യാ ടുഡെയുടെ അവസാന രണ്ടുപേജുമെല്ലാം വഴിപാടുപോലെ മുടങ്ങാതെ വായിച്ചിരുന്ന എനിക്ക് മാത്സിലും സോഷ്യോളാജിയിലും ഉയർന്ന റാങ്കോടെ ബിരുദവും ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ മിടുക്കിയെ അറിയാം, അക്കാലത്തെ ഒന്നാംനിര നായികമാരായിരുന്ന ദിവ്യഭാരതി, രവീണ, പൂജാഭട്ട് എന്നിവരെപ്പോലെ അഭിമുഖങ്ങളിൽ വിഡ്ഢിത്തങ്ങളും, ബാലിശമായ പുലമ്പലുകളും എഴുന്നള്ളിക്കാതെ ജീവിതത്തെക്കുറിച്ചും, സ്വന്തം കരിയറിനെക്കുറിച്ചും, രതിയെക്കുറിച്ചുമെല്ലാം പ്രായത്തിൽ കവിഞ്ഞവിവേകത്തോടെ സംസാരിച്ചിരുന്ന കൌമാരക്കാരിയെ അറിയാം,വിവാഹിതയാകുന്ന സമയത്ത് അവർ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് രംഗത്തെ മുൻനിര ഷെയർ ബ്രോക്കർമാരിൽ ഒരാളായിരുന്നുവെന്നുമറിയാം. നിക്കിയുമായുള്ള കബീർബേഡിയുടെ വിവാഹത്തിന് അമ്മയും മകളും കൂടെ പുഞ്ചിരിയൊടെ സാക്ഷിയായി നിൽക്കുന്ന രംഗം പല മാസികത്താളുകളിലും കണ്ട് കൌതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട്. അമ്മയുടെ സ്നേഹിതരിൽ നിന്നും കാമുകന്മാരിൽ നിന്നും വിവരങ്ങളും കത്തുകളും ശേഖരിച്ച് പ്രൊതിമയുടെ ആത്മകഥ പൂർത്തിയാക്കിയതും പൂജയാണ്. പക്ഷേ സിദ്ധാർത്ഥിനെക്കുറിച്ച് ഞാനൊന്നും മുൻപ് കേട്ടിട്ടില്ല. അവനെക്കുറിച്ച് എനിക്കൊന്നുമറിയില്ല. ആദ്യമായി കേൾക്കുന്നത് “ടൈം പാസ്സി”ലൂടെ. എന്നിട്ടും പിന്നീടങ്ങോട്ട് കണ്ണുകൾ തിരഞ്ഞതുമുഴുവൻ സിദ്ധാർത്ഥിനെ. കഥ മുന്നോട്ട് ചെല്ലുംതോറും പൂജ പലയിടത്തും വരുന്നുണ്ട്. അപ്പോഴും സിദ്ധാർത്ഥിനെ അത്രകാര്യമായി കാണുന്നേയില്ല. പ്രൊതിമയെ ഞാൻ ഓടിച്ചുവായിച്ചു വിട്ടുകളയാൻ തുടങ്ങി. കബീറിന്റെ അവഗണനയിൽ അവരുടെ മനസ്സുനോവുമ്പോൾ ഭീരുവും സ്വാർത്ഥനും അരക്ഷിതനുമായ ഒരുവനെ മനസ്സുനിറഞ്ഞ് പ്രണയിക്കുന്ന ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയുടേയും അനിവാര്യവിധിയെന്ന് ഞാൻ സ്വയം സമാധാനിപ്പിച്ചു. നൃത്യഗ്രാം തുടങ്ങാനുള്ള കഷ്ടപ്പാടുകൾ, പിന്നീട് ജീവിതത്തിലങ്ങോളമിങ്ങോളമുണ്ടാവുന്ന തിക്താനുഭവങ്ങൾ, കാമുകന്റെ മരണം എവിടെയും എന്റെ മനസ്സുടക്കുന്നില്ല. ഒടുവിൽ സിദ്ധാർത്ഥ് കടന്നുവന്നു. അതിബുദ്ധിശാലിയായിരുന്ന യുവാവ്. പക്ഷേ ഏതൊക്കെയോ അരക്ഷിതകളിൽ കുടുങ്ങിയവൻ ഞാൻ ഭയപ്പെട്ടതുപോലെ സ്വയം അവസാനിപ്പിക്കുന്നു.

എന്തോ കഥയവസാനിപ്പിച്ച് പുസ്തകം മടക്കിവച്ചപ്പോഴും എന്റെ കണ്ണുനിറഞ്ഞത് സിദ്ധാർത്ഥിനെയോർത്ത്. പ്രൊതിമയുടെ മരണം പോലും എന്നിലാശ്വാസമാണുണർത്തിയത്. സ്വന്തം സ്വത്വം അറിഞ്ഞുകഴിഞ്ഞഒരു സ്ത്രീയുടെ മനസ്സിലും മറ്റൊരു പ്രണയം പിന്നെയുണ്ടാകില്ല. സ്വന്തം ശക്തിയെ നേരിട്ടറിയാനുള്ള യാത്രയ്ക്കിടയിലാണു പ്രൊതിമ അപകടത്തിൽപ്പെട്ട് മരിക്കുന്നതും. ഒരു സ്ത്രീയെ സംബന്ധിച്ച് സ്വയം അറിയാതെ മരിച്ചു പോകുന്നതിനേക്കാൾ നൂറിരട്ടി ഭയാനകമാണ് സ്വയം അറിഞ്ഞുകഴിഞ്ഞും ജീവിതം തുടരുക എന്ന് വിശ്വസിക്കുന്ന ആളാണു ഞാൻ. അതുകൊണ്ടുതന്നെ പ്രൊതിമ തികച്ചും ഭാഗ്യവതിയാണെന്ന് തോന്നിയതിനാലാവാം മനസ്സിലൊരു ഭാരമായി അവരവശേഷിക്കാഞ്ഞത്. മുന്നൂറു പേജിലധികമുള്ള ആ പുസ്തകത്തിൽ കഷ്ടിപത്തുപേജിലേ സിദ്ധാർത്ഥ് കാര്യമായി ഉള്ളുവായിരിക്കാം. പക്ഷേ താനനുഭവിച്ച ഏതുദുഃഖത്തെ വിവരിക്കുന്നതിനേക്കാൾ മനസ്സുരുകി പ്രൊതിമ എഴുതിയത് അവനെക്കുറിച്ചാണെന്ന് എനിക്ക് തോന്നി. “ഞാനവനെ സ്നേഹിച്ചിരുന്നു മറ്റാരെക്കാളെന്ന് “നിസ്സഹായയായവർ ആണയിടുന്നുണ്ടായിരുന്നു. പുസ്തകത്തിലെവിടെയും അങ്ങനെയൊരു സൂചനയില്ലെങ്കിലും അമ്മയെ ഒരുപാടു സ്നേഹിച്ച് സ്നേഹിച്ച് അവർ തന്നെ ഇട്ടിട്ടുപോയതിൽ വെറുക്കാൻ ശ്രമിച്ചിട്ടും അതിനാകാതെ സ്നേഹവും പകയും ഒന്നിച്ച് കത്തിപ്പുകഞ്ഞ് അവൻ സ്വയം നശിപ്പിച്ച് അവസാനിപ്പിച്ചു കളഞ്ഞതാണെന്നൊരു തോന്നൽ വലിയൊരു സങ്കടം പോലെ എന്റെയുള്ളിൽക്കിടന്നു. എത്രയാലോചിച്ചിട്ടും ആ ഒരു തോന്നലിന്റെ കാരണം മനസ്സിലായില്ല. ഒരു കൂട്ടുകാരനോട് ഇതുപറഞ്ഞപ്പോൾ ടൈംപാസ്സ് വായിച്ചാൽ സങ്കടം തോന്നേണ്ടത് പ്രൊതിമയോടുതന്നെയാണെന്നവൻ തർക്കിച്ചു. അമ്മയും മുത്തശ്ശിയും എഴുത്തുകാരിയുമായ കൂട്ടുകാരിയോട് പറഞ്ഞപ്പോൾ അതെ എന്ന് സമ്മതിക്കുക മാത്രമല്ല അല്പനിമിഷം മൌനമായി നിൽക്കുകകൂടി ചെയ്തു. എന്തായിരിക്കാം ഞങ്ങൾക്കങ്ങനെ തോന്നാനെന്ന് എനിക്കപ്പോഴും മനസ്സിലായതുമില്ല.

ഇന്നലെ യാദൃശ്ചികമായി “സംഘടിത” മാസികയിൽ ഡോ.ഖദീജാ മുംതാസ് സ്വന്തം ഉമ്മയെക്കുറിച്ചെഴുതിയ സ്മരണിക വായ്ച്ചപ്പോൾ അമ്പരന്നിരുന്നുപോയി. എന്റെ ഉമ്മയെക്കുറിച്ച് ഞാനോ ഏകസഹോദരിയൊ എന്നെങ്കിലും എഴുതിയാൽ പേരും ജീവിതസാഹചര്യങ്ങളുമൊഴിച്ചാൽ അതാകുറിപ്പിൽ നിന്നും ഒട്ടും വ്യത്യസ്തമാകാനിടയില്ല. ഉമ്മയെക്കുറിച്ച് ഇടക്കെല്ലാം ബ്ലോഗ്ഗിലെഴുതിയിടണമെന്ന് ഓർക്കാറുണ്ടെങ്കിലും ഡോ.ഖദീജാ മുംതാസിനെപ്പോലെ ഉമ്മയെപ്പറ്റി ഇല്ലാക്കഥകൾ എഴുതിയിട്ടേക്കുമോ എന്നുള്ള ഭയം എന്നെയും അതിൽനിന്നും വിലക്കുന്നുണ്ട്. മനസ്സിൽ വലിയൊരു വിഗ്രഹമാണെങ്കിലും സ്നേഹം, ത്യാഗം, സഹനം എന്നിവയിലൂന്നിയൊരു കുറിപ്പ് ഉമ്മയെക്കുറിച്ച് എനിക്കോ എന്റെ ഇത്തക്കോ എഴുതാനാകില്ല.

ഡോക്ടറുടെ ഉമ്മ ഫാത്തിമ ബന്ധുക്കൾക്കും അയൽവാസികൾക്കും അങ്ങേയറ്റം പ്രിയങ്കരിയാണ്. കാരുണയ്ത്തിന്റെ,സ്നേഹത്തിന്റെ പ്രതീകമാണ്. വെറുമൊരു മുസ്ലിം വിധവയായിരിക്കേ ഒൻപതു പെൺകുട്ടികളെ നേരാം വണ്ണം വളർത്തി അവരെ അസൂയാവഹമായ നിലയിൽ എത്തിക്കാൻ കഴിഞ്ഞവളാണ്. ഇതിഹാസസമാനമായ ജീവിതം നയിച്ച ഫാത്തിമയെപ്പറ്റി അവർക്കൊക്കെ നല്ലതേ പറയാനുള്ളൂ. എന്നാൽ മക്കൾക്ക് അവർ വലിയൊരു ദേഷ്യക്കാരി. ഉമ്മയുടെ അടിയുടേയും പരിഹാസങ്ങളുടേയും പോറലുകൾ ഏറെപ്പതിഞ്ഞ ശരീരങ്ങളുമായാണ് അവർ വളർന്നുവന്നത്. സ്നേഹം, ത്യാഗം, സഹനം എന്നിവയിൽ തളച്ചിടപ്പെടാനുള്ള ജന്മമായിരുന്നില്ല അവരുടേത്. ഒമ്പത് പെണ്മക്കളുടെ ഉമ്മയാകുന്നതിനപ്പുറം അവർ പൂർണ്ണവ്യക്തിയായിരുന്നു. അതീവസങ്കീർണ്ണമായ സ്വന്തം വ്യക്തിത്വത്തെ നിരന്തരം പ്രകാശിപ്പിച്ചു പടവെട്ടി മുന്നേറിയ പോരാളി. സ്വന്തം വ്യക്തിത്വത്തെ നിരാകരിച്ചുകൊണ്ടുള്ളൊരു സമരസപ്പെടലിനോ, സ്നേഹത്തിനോ, സൌഹൃദത്തിനോ ഒരിക്കലും തയ്യാറാകാതിരുന്ന ഒരുവൾ.

ഒരെഴുത്തുകാരിയും ഡോക്ടറുമാകണമെന്നതായിരുന്നു ഫാത്തിമയുടെ സ്വപ്നം. പക്ഷേ മെഡിസിൻ പഠനം ഇടക്കുവച്ച് നിറുത്തി ഒരിടത്തരം വീട്ടമ്മയായി മാറേണ്ടിവന്നു അവർക്ക്. മുപ്പതുവയസ്സുതികയും മുൻപേ ഒന്നും രണ്ടും വയസ്സു വ്യത്യാസത്തിൽ എട്ടുമക്കൾ. ആ നിരാശകളും അടക്കിവച്ച സ്വാതന്ത്ര്യദാഹവും അഭിമാനബോധവുമായിരിക്കണം അവരെ ഒരു സ്ഥിരം വഴക്കാളിയാക്കിയത്. അമ്മയായിരിക്കുന്നിടത്തോളം തന്നെ തികഞ്ഞ ഒരു സ്ത്രീകൂടി ആയിരിക്കാൻ അവർ ധൈര്യം കാട്ടി. പക്ഷേ മക്കളാഗ്രഹിച്ചത് എല്ലാ അമ്മമാരെയും‌പോലെ ക്ഷമയോടെ സഹനത്തോടെ, നിശ്ശബ്ദതമായി തങ്ങളെ പരിപാലിക്കുന്നവളെ. തങ്ങളുടെ ഉമ്മ മാത്രമായി അവർ ശിഷ്ടജീവിതം ജീവിച്ചുതീർക്കാത്തതിൽ അല്പം മുതിർന്നപ്പോഴും അവർക്ക് അസംതൃപ്തിയും ലജ്ജയുമുണ്ടായിരുന്നു.
പതിനാറുവയസ്സുമുതൽ ഉമ്മുമ്മയും ആറുസഹോദരങ്ങളുമടങ്ങിയ കുടുംബത്തെ പരിപാലിച്ചുവന്നവളാണ് എന്റെ ഉമ്മ സൈനാബി. ഇരുപത്തിനാലാം വയസ്സിൽ വിവാഹിതയായ ശേഷവും ഉമ്മ സ്വന്തം വീട്ടിൽത്തന്നെ താമസിച്ചു. ഉപ്പ മെഹറുകൊടുത്ത സ്വർണ്ണം കൊടുത്ത് ഒരനിയത്തിയെ വിവാഹം കഴിപ്പിച്ചയച്ചു. ഒടുവിൽ ഉപ്പുപ്പയും മാമമാരും ഗൾഫിൽ പോയശേഷമാണ് ഉമ്മ സ്വന്തം ജീവിതം ഭദ്രമാക്കാൻ തുടങ്ങിയത്.

ബാങ്കിൽ ഉയർന്ന‌ഉദ്യോഗമുണ്ടായിരുന്നെങ്കിലും ഭർത്താവുപേക്ഷിച്ചുപോയപ്പോൾ സ്വന്തമായി വീടുവച്ചതും, ഞങ്ങൾ രണ്ട് പെണ്മക്കളെ വളർത്തിയതും, പഠിപ്പിച്ചതും, വിവാഹം കഴിപ്പിച്ചയച്ചതുമെല്ലാം അങ്ങേയറ്റം ബുദ്ധിമുട്ടിയാകണം. ഒന്നുമല്ലെങ്കിലും പലസമയത്തും അവശ്യം ലഭിക്കേണ്ട വൈകാരിക പിന്തുണ ലഭിക്കാതെ വന്നപ്പോഴെങ്കിലും പലപ്പോഴുമവർ പതറിപ്പോയിട്ടുണ്ടാവണം. എന്നിട്ടും ഉമ്മ ജീവിച്ചത് സ്വയം നിറവുള്ള വ്യക്തിയായിട്ടായിരുന്നു. ഉമ്മയെ കരഞ്ഞുപിഴിഞ്ഞ് ഞാനധികം കണ്ടിട്ടില്ല. ഉല്ലാസവും പ്രസരിപ്പുമുള്ള ദീപ്തമായ സാന്നിധ്യമായിരുന്നു എപ്പോഴുമവർ. തന്റെ ഒരിഷ്ടവും വാശിയും ഒന്നിനുവേണ്ടിയുമവർ വേണ്ടെന്നുവച്ചില്ല. അങ്ങനെ മുഴുവൻ പറയാൻ പറ്റില്ല. ബാങ്കിലെ അസിസ്റ്റന്റ് സെക്രട്ടറിയിൽ നിന്നും സെക്രട്ടറിയായുള്ള സ്ഥാനക്കയറ്റമവർ മക്കൾക്കായി വേണ്ടെന്നുവച്ചിരുന്നു. തിരക്കുകളും യാത്രകളും ഒഴിവാക്കാനായി മാത്രം.

എങ്കിലും സ്വന്തം ഇഷ്ടങ്ങളുടെ നിറവിലവർ ആരെയും അസൂയപ്പെടുത്തുന്ന വ്യക്തിത്വമായി ജീവിച്ചു. ആ വാശികളും ഇഷ്ടങ്ങളും നിറവേറാ‍നവർ സ്വന്തം മാതൃത്വവുമായി നിരന്തരം കലഹിച്ചു. ക്രൂരമുഖം കാണിച്ചു ഭയപ്പെടുത്തി മക്കളെ നിശ്ശബ്ദരാക്കി. ഇന്നും ഈ അറുപത്തിമൂന്നാം വയസ്സിലും സ്വന്തം വാശികൾക്കായി ആറുവയസ്സുള്ള പേരക്കിടാവിനൊടുപോലും ഉമ്മ നിരന്തരം വഴക്കിടുന്നു, വാശികാണിക്കുന്നു. ഇന്നും അസൂയയുളവാക്കും വിധം ജീവിക്കുന്നു. അപ്പോഴും മക്കളുടെ ഓരോ കുഞ്ഞുസങ്കടങ്ങളും തൊട്ടറിയുന്നു. വിദേശത്തായിരിക്കുമ്പോൾ പോലും മക്കളപകടത്തില്പെടുന്ന പാതിരാവുകളിൽ ഉറക്കത്തിൽനിന്നും ഞെട്ടിയെണീറ്റ് മക്കളെക്കാണാൻ വാശിപിടിക്കുന്നു.
ഒമ്പതും പെണ്മക്കളായതുകൊണ്ടാവാം ഫാത്തിമയെ അവർ തിരിച്ചറിഞ്ഞതും, അലിവോടെ കൂടുതൽ സ്നേഹിച്ചതും, ഉൾക്കരുത്തോടെ മുന്നോട്ട് നടന്നത് സ്വന്തം സ്വപ്നങ്ങൾ കയ്യെത്തിപ്പിടിച്ചതും. പ്രൊതിമയെ പൂജക്കുമാത്രം ഉൾക്കൊള്ളാനായതും അതാവണം.എല്ലാ പെണ്മക്കളും അവരവരുടെ അമ്മമാരുടെ വ്യഥകളുടെ, നഷ്ടങ്ങളുടെ, സ്വപ്നങ്ങളുടെ, പൂർത്തിയാക്കാൻ കഴിയാതെപോയ നിയോഗങ്ങളുടെ നീട്ടിയെഴുത്തുകളാണെന്ന് ഖദീജാ മുംതാസ്. ഞാനും അവളുമതേ. അതുകൊണ്ടാണ് ഇന്നുഞങ്ങൾ ഉമ്മയെ തിരിച്ചറിയുന്നതും ഞങ്ങളുടെ സ്വാർത്ഥതയും പരിഭവം നിറഞ്ഞ എണ്ണിപ്പെറുക്കലുകളും എത്രയോ വിലകുറഞ്ഞതായിരുന്നെന്ന് കുറ്റബോധത്തോടെ ഓർക്കുന്നതും.

ഒരമ്മയും അമ്മ മാത്രമായിരിക്കുന്നില്ല,പ്രകടിപ്പിക്കാൻ കഴിഞ്ഞതും, കഴിയാത്തതുമായ വികാരങ്ങളുള്ള പൂർണ്ണവ്യക്തികൾ തന്നെയാണ് അവരോരോരുത്തരും എന്ന് പറഞ്ഞാണ് ഡോ. ഖദീജാമുംതാസ് സ്മരണിക അവസാനിപ്പിക്കുന്നത്. ശരിയാണ്. പുറകോട്ട് വിളിക്കുന്നതും, മുന്നോട്ട് നയിക്കുന്നതുമായ സകല വഴികളുടേയും പ്രലോഭനങ്ങളേയും, സാധ്യതകളേയും കടമകളുടെ, നിയോഗങ്ങളുടെ പൊള്ളന്യായങ്ങളിൽ പൊതിഞ്ഞ് കണ്ടില്ലെന്ന് നടിക്കാനാകും. പക്ഷേ സദാനൃത്തം ചെയ്യാൻ പ്രേരിപ്പിച്ച് ഉള്ളിൽനിന്നുയരുന്ന വിളികളെ എല്ലായ്പ്പൊഴും കണ്ടില്ലെന്ന് എനിക്കും നടിക്കാനാകാറില്ല. മറന്നു‌വച്ചിടങ്ങളിൽ നിന്നെല്ലാം വല്ലപ്പോഴുമൊന്ന് പൊടിതട്ടി സ്വയം കണ്ടെക്കാനുള്ള തത്രപ്പാടിനിടയിൽ വേണ്ടെന്നുവച്ചാലും കരഞ്ഞുപ്രാർത്ഥിച്ചാലും ഒഴിഞ്ഞുപോകാത്ത ചില നിമിഷങ്ങളും ചെയ്തികളും മുന്നിൽ‌വരാറുണ്ട്.

നാളെ സ്വയം കണ്ടെടുക്കലുടെ വഴിയിൽ‌വച്ച് എന്റെ മകളും അലിവോടെ ഉമ്മയുടെ ഭ്രാന്തുകൾക്കും ക്രൂരതകൾക്കും മാപ്പുതരുമായിരിക്കാം. എല്ലാ അർത്ഥത്തിലും അവൾക്കെന്നെ മനസ്സിലാക്കാനും എന്നിൽ നിന്നും ശക്തിയും ഊർജ്ജവും സംഭരിക്കാനും അവൾക്കാകുമായിരിക്കാം. അല്ലെങ്കിലും ഇപ്പോഴേ “മോൾക്കിന്നു ചിക്കനുണ്ടാക്കിത്തരാം ന്നു പ്രോമിസ് ചെയ്തത് ഉമ്മ മറന്നുപോയല്ലോ“ എന്ന് സങ്കടപ്പെട്ടാൽ “ഞാൻ ഒന്നൂടി ഓർമ്മിപ്പിക്കാൻ വിട്ടുപോയതോണ്ടല്ലേ ഉമ്മ മറന്നുപോയതെന്ന്“ സ്വയം കുറ്റമേറ്റെടുത്ത് കവിളിലുമ്മതന്ന് ഉമ്മാനെ ഹാപ്പിഗേളാക്കി വക്കും എന്റെ ആറുവയസ്സുകാരി.

അവനോ? അവളേക്കാൾ അല്പം സ്നേഹക്കൂടുതൽ എനിക്കില്ലേ എന്ന് ഞാൻ സംശയിക്കുന്ന, ഉമ്മ എന്റെ ബെസ്റ്റ് ഫ്രെണ്ടല്ലേന്ന് കൂടെക്കൂടെ പറയുന്ന, ഒൻപതുവയസ്സായിട്ടും ഇന്നും രാത്രി അനിയത്തി ഉറങ്ങാൻ കാത്തിരുന്ന് അവളെ എന്റടുത്തുനിന്നും തള്ളിമാറ്റി എന്റെ നെഞ്ചിൽ മുഖം‌പൂഴ്ത്തി മാത്രം ഇപ്പോഴും ഉറങ്ങുന്ന എന്റെ മകൻ.
നാളെ ചിന്തകൾകൊണ്ട് പൂർണ്ണമായും ആൺലോകത്തിലേക്ക് കൂടുമാറിക്കഴിഞ്ഞാൽ പിന്നെ എന്നെങ്കിലും അവനെന്നെ മനസ്സിലാകുമോ?