Thursday, January 31, 2008

ഈഡിപ്പസ്

ജീവിതവഴിയില്‍ ഒറ്റപ്പെട്ടു പോയപ്പോള്‍ ,തളരാതെ, എന്നെയും,സഹോദരിയേയും ഇരു കൈകളില്‍ ചേര്‍ത്തുപിടിച്ച്, ഇരുകണ്ണുകളെപ്പോലെ പരിപാലിച്ചു വളര്‍ത്തി വലുതാക്കിയ, ഇപ്പോള്‍ നാട്ടില്‍ സ്വസ്ഥ്മമായി റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന എന്റെ മാതാവ് ഒരു രണ്ടുവര്‍ഷം മുന്‍പെന്നോട് ഒരാഗ്രഹം പറഞ്ഞു.അതൊന്നു പൂര്‍ത്തീകരിച്ചു കൊടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലേര്‍പ്പെടാനാണ്, ഒരാറുമാസം ബൂലോകത്തുനിന്നും വിട്ടു നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചത്.എന്നിട്ടും പോകാനാകാതെ ഞാന്‍ ഇവിടെത്തന്നെ കറങ്ങിനടക്കുന്നത്, മറുമൊഴികള്‍ വഴി മനസ്സിലാക്കിയ എന്റെ നല്ല സുഹൃത്തുക്കള്‍ വിളിച്ചുപദേശിച്ചതിന്റെ ഫലമായി ,അതും നിര്‍ത്തി ഞാനിങ്ങനെ നല്ലനടപ്പിലായിരുന്നു.

അങ്ങനെ കാര്യമായി മുന്നോട്ടുപോകവേയാണ് ഇവിടെ മഴതുടങ്ങിയത്.നമ്മുടെ ഇടവപ്പാതീം,തുലാവര്‍ഷോം,കര്‍ക്കിടക മാരീം,മകരക്കുളിരും ഒക്കെ എന്റെ വീക്ക്നെസ്സുകളാണെങ്കിലും ,ഈ ഐക്യ അറബ് സാമ്രാജ്യത്തിലെ തണുപ്പിനോടെനിക്കത്ര അനുരാഗം തോന്നീട്ടില്ല.മഴകൂടെ തുടങ്ങിയാല്‍ പറയേണ്ട.ഒന്നു പുറത്തിറങ്ങാന്‍ കൂടെ കഴിയാതെ..പിന്നെ അസഹനീയമായ തണുപ്പും എല്ലാം കൂടെ ഹോ‍ാ‍ാ‍ാ‍ാ‍ാ‍ാഒ..!


എന്നാലും മഴ മഴതന്നെയല്ലേ?പെയ്യുന്നത് കണ്ടാല്‍ സഹിക്കാന്‍ പറ്റുമോ?ഇവിടെ ഞങ്ങളുടെ വില്ല തല്ലിപ്പൊളിയാണെങ്കിലും നല്ലൊന്നാന്തരംഒരു മുറ്റം ഉണ്ട്.കയ്യില്‍ കിട്ടിയ മുഴുവന്‍ സ്വെറ്ററുകളും,ലെതര്‍ ജാക്കറ്റും ,തൊപ്പീം,സോക്സും എല്ലാം ഒന്നിനുമീതെ ഒന്നായി ഇട്ട് ,വാതിലും തുറന്ന് നല്ല ചൂടുള്ള കോഫിയും,മൊരിഞ്ഞ ഫ്രഞ്ച് ഫ്രൈസുമായി ഞാനും മോളും ഇരിപ്പായി.വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഇവിടുത്തെ മഴയൊന്നു കൊണ്ട് നോക്കിയിട്ടുണ്ട്...എല്ലിനുള്ളിലേക്ക് തുളഞ്ഞുകയറുന്ന,വല്ല്ലാത്തൊരു വേദനയുള്ള തണുപ്പ്.!പിന്നൊരിക്കലും ആ പണിക്കു പോയിട്ടില്ല.

മുറ്റത്തൊരു സുന്ദരിക്കുട്ടിയുണ്ട്..നിറയെ ഓറഞ്ച് പൂക്കളും,പച്ചയും,ചുവപ്പും കായ്കളുമുള്ള മാതളം.പിന്നെ മുരിങ്ങ,ഞാവല്‍,സ്വീറ്റ് ലെമണ്‍,പപ്പായ അങ്ങനെ...മഴയെ വകവക്കാതെ അവയിലിരിന്നു ബഹളം വക്കുന്ന കിളികളെപ്പറ്റിയായി മോളുടെ ചോദ്യം..സ്പാരോ,ബുള്‍ബുള്‍,ക്രിംസന്‍ ഹാര്‍ട്ട് ,സ്റ്റെര്‍ളിങ് ,അങ്ങാടി മൈന ,പ്രാവ് തുടങ്ങി എനിക്കറിയാവുന്നവരെ അങ്ങനെയും,ബാക്കിയുള്ളവയെ ഗിരീഷ് പുത്തന്‍ചേരിയെപ്പോലെ അമ്മിണിമൈന,ആറ്റില്‍മൂളുംകിളി ,ചിങ്കാരിവാലി എന്നും പരിചയപ്പടുത്തിക്കൊടുത്തു.എനിക്കറിയവുന്നപോലെ രണ്ട് പടം എടുത്ത് അഗ്രജനും,ആഷക്കും അയച്ചുകൊടുക്കാം എന്നുകരുതി ക്യാമറ എടുത്തു(അവര് കഷ്ടപ്പെട്ടിരുന്നെഡിറ്റി, കട് എനിക്കാക്കി പോസ്റ്റട്ടെ.അവര്‍ക്കാണെങ്കില് പ്രത്യേകിച്ചു പണിയൂല്ല.)എന്നാല്‍ ദേഹം മുഴുവന്‍ മെറ്റാലിക്-ബ്ലൂ നിറവും, വളഞ്ഞകൊക്കുമുള്ള കുഞ്ഞു സുന്ദരിയെ ഹീറോ ഹൊണ്ടക്കിളി, നീലിഭൃംഗാതിമൈന എന്നൊക്കെ പറഞ്ഞുകൊടുത്തതു ഇഷ്ടപ്പെടാതിരുന്ന മോള്‍ കൊന്നാലും ക്യാമറ തരൂല്ലെന്ന ലൈനില്‍ അതുവാങ്ങി കയ്യില്‍ വച്ചു.

ഗേയ്റ്റിനു പുറത്തുകൂടെ ഒച്ചവച്ചു അറബിവീടുകളിലെ ഭൃത്യമാര്‍ പോകുന്നുണ്ട്..തണുപ്പുകാലം അവര്‍ക്കു സന്തോഷത്തിന്റേയും,സമാധാനത്തിന്റേയും കാലമാണ്...മിക്ക അറബികളും ആട്,മാട് ഒട്ടകങ്ങളുമായി മരുഭൂമിയില്‍ ടെന്റ് കെട്ടി “സുഖവാസത്തിനു ”പോകും ഒന്നോ രണ്ടോ പരിചാരകരേയേ കൂടെക്കൊണ്ടുപോകൂ. ബാക്കിയുള്ളവരുടെ കാര്യം പരമസുഖം.അവര്‍തിരിച്ചെത്തും വരെ അര്‍മാദിക്കാം..എന്നെക്കണ്ടതും അവര്‍ നിന്നു..കൂട്ടത്തില്‍ പരിചയമില്ലാത്ത ഒരു മുഖം..
“ഇതാരാ? ”
“ഇത്താക്കോര്‍മ്മേണ്ടാ റെഫീനാനെ?ഓള്‍ടെ പെങ്ങളാ. ”


വാ വിട്ട വാക്ക് തിരിച്ചെടുക്കാനാവില്ലല്ലോ..വിധിയെ തടുക്കാനും!എന്നാലും നമ്മുടെ ഒരു വാക്കിന്, എന്തിന്, ഒരു മൂളലിനു പോലും ,ജീവനെടുക്കാനും,കൊടുക്കാനുമുള്ള കഴിവുണ്ടെന്നു തോന്നിപ്പോകാറില്ല്ലേ പലപ്പോഴും?അറിയാതെയാണെങ്കിലും, ചില ദുരന്തങ്ങള്‍ക്കു കാരണക്കാരായതിനെപ്പറ്റി നേര്‍ത്ത കുറ്റബോധത്തോടെ നമ്മളിടക്കൊക്കെ ഓര്‍ക്കാറില്ലേ?സ്വയം ശപിക്കാറില്ലേ?അങ്ങനെയൊരു നോവോടെ ,അതിനേക്കാളുപരി അവിശ്വസനീയതോടെ,ഞെട്ടലോടെ ഞാനോര്‍ക്കുന്ന ഒരു രൂപമാണ് റെഫീന.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെത്തുമ്പോള്‍ ലോകമെന്തെന്നറിയാത്തവളായിരുന്നു ഞാന്‍.ഒരു നാട്ടിന്‍പുറത്ത് ,ഒരു യാഥാസ്തിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന,കോളേജും,വീടുമല്ലാതെ വേറൊരുലോകവും അറിയാത്ത മണുങ്ങൂസ്..ടീന്‍ ഏയ്ജ് ,ഞാന്‍ നിക്കണോ അതോ പോണോ എന്നു ചോദിച്ചു നില്‍ക്കുന്ന പ്രായം.ഇവിടെ വന്നു ഇവിടുത്തെ ഹൌസ് മെയ്ഡുകളുമായി അടുപ്പമായ കഥയൊക്കെ പറഞ്ഞതാണല്ലോ .പലരും ഫോണ്‍ ചെയ്തിരുന്നതൊക്കെ എന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നുമാണ്..അതില്‍ പലരും എനിക്കിട്ടു പല പാരയും പണിഞ്ഞ കാരണം, മൊത്തത്തില്‍ എല്ലാവരോടും എനിക്കു വെറുപ്പായിത്തുടങ്ങി .ഒരു നാട്ടിന്‍പുറത്തെ മണ്ടൂസിനു നല്ലതും, ചീത്തയും അത്രപെട്ടെന്നു മനസ്സിലാകില്ലല്ലോ.എന്നാലും വെറുക്കാന്‍ കഴിയാത്ത ചിലരുണ്ടായിരുന്നു..അതിലെ ഒരാളായിരുന്നു റെഫീനയും.(സാങ്കല്പിക നാമം)


നിലമ്പൂര്‍ സ്വദേശിനിയാണ് റെഫീന.പറക്കമുറ്റാത്ത സ്വന്തം മക്കള്‍,അവിവാഹിതരായ മൂന്ന് അനിയത്തിമാര്‍ ,മഞ്ഞും,മാരിയും, വെയിലും യഥേഷ്ടം വീടിനുള്ളിലെക്കെത്തിക്കുന്ന സ്വന്തം വീടിന്റെ മേല്‍ക്കൂര അങ്ങനെ ഒന്നര ദശകത്തിനുമുന്‍പേ റെഫീനയെ കടല്‍ കടക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ പലതായിരുന്നു.വൃദ്ധരായ മാതാപിതാക്കളും, മക്കളുടെ വര്‍ദ്ധിച്ചുവരുന്നആവശ്യങ്ങളും ഇന്നും വിവാഹമോചിതയായ റെഫീനയെ മണലാരണ്യങ്ങളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതയാക്കിയിരിക്കുന്നു. ഇതിനിടയില്‍ നാട്ടില്‍ പോയത് ഒന്നോ രണ്ടോ തവണ.അവസാനമായിപോയത് ആറുമാസം മുന്‍പാരുന്നെന്നു പറഞ്ഞു. ഒരു വിസ തീരുമ്പോളേക്കും അടുത്തത് വേറേതെങ്കിലും നാട്ടില്‍ ശരിയാക്കി, അങ്ങനെയങ്ങനെയുള്ള പ്രയാണം...


ഇവിടെ നിന്നും റോഡ് മാര്‍ഗ്ഗം സൌദിയിലെത്താന്‍ വെറും ഒന്നര മണിക്കൂര്‍ മതി.അതു പോലെ ഖത്തറിലേക്ക് രണ്ടര മണിക്കൂറും..ഇവിടെയുള്ള വീട്ടുജോലിക്കാര്‍ വിസക്കാലാവധി പൂര്‍ത്തിയായാല്‍ ഈ രാജ്യങ്ങളിലേക്ക് പോകാറുണ്ട്.തിരിച്ചും..അതിന്റെ നിയമ-സാങ്കേതിക വശങ്ങളെക്കുറിച്ച് ഞാന്‍ തീര്‍ത്തും അജ്ഞയാണ്.ഇവരെ അങ്ങോട്ടും ഇങ്ങോട്ടും എത്തിക്കുന്ന ആള്‍ക്കാരും ഉണ്ടെന്നു തോന്നുന്നു..വല്ലപ്പോളും യജമാനന്മാരുടെ അടുത്തുനിന്നും ചാടി വരുന്ന ഇവര്‍ പറയുന്ന പലതും എനിക്കു മനസിലാക്കാന്‍ കഴിയാറില്ല..അധികം നേരം ഇരിക്കാന്‍ അവര്‍ക്കു സാധിക്കാറുമില്ല. ഇവിടെ ആകെയുള്ള മാര്‍ക്കറ്റ് ദൂരെയാണ്..അവിടെ മാത്രമേ പേഫോണ്‍ ഉള്ളൂ..അതുകൊണ്ടാണ് ഫോണ്‍ ചെയ്യാനായി ആരെയെങ്കിലും വിട്ടു വാങ്ങിപ്പിച്ച കാര്‍ഡുമായി ഞങ്ങളുടെ അടുത്തേക്കോടി വരുന്നത്.

ജൂലായിലെ ഒരു എരിയുന്ന പകല്‍.എറ്റിസലാത്ത് ജീവനക്കാരനായ എന്റെ ഭര്‍ത്താവ് ഫീല്‍ഡുവര്‍ക്കും കഴിഞ്ഞു, ക്ഷീണിച്ചു വന്നു നല്ല ഉറക്കമായിരുന്നു..ടൌണിലെപ്പോലല്ല ഇവിടെ .അമ്പതു ഡിഗ്രിയിലും ഉയര്‍ന്ന ചൂടില്‍ നൂറുകണക്കിനു കിലോമീറ്ററുകള്‍ മരുഭൂമിയുടെ ഉള്ളിലേക്കു പോകേണ്ടിവരും പലപ്പോഴും.അവിടെ , മുകളില്‍ എരിയുന്ന സൂര്യനും,താഴെ ചുട്ടുപഴുത്തുകിടക്കുന്ന മണല്‍ക്കുന്നുകള്‍ക്കും മധ്യേ മണിക്കൂറുകളോളം നില്‍ക്കേണ്ടിയും വരും


അല്പസമയം കഴിഞ്ഞപ്പോള്‍ വാതിലില്‍ മുട്ടു കേട്ടു...സമയം 5:00..ഞാന്‍ വാതില്‍ തുറന്നു നോക്കി.ജമീലയാണ്.മലപ്പുറംകാരി...ഞാന്‍ തെല്ലൊരു ഈര്‍ഷ്യയോടെ കാരണം ആരാഞ്ഞു.

“ഒന്നു ഫോണ്‍ ചെയ്യാനാ..ഇന്നാ ശമ്പളം കിട്ടീത്..മക്കടെ ശബ്ദം കേട്ടിട്ടൊത്തിരിയായി.”
എന്റെ വീട്ടില്‍ ലാന്റ് ഫോണ്‍ ബെഡ്രൂമിലാണ്..എക്സ്റ്റന്‍ഷനുമില്ല.എന്നു വച്ചാല്‍ വേറൊരു മുറിയിലും പോയിന്റും ഇല്ലെന്ന്.( ഞാന്‍ ഗയാത്തീലാണേ!)

“ഇക്ക നാലുമണിക്കാ വന്നത്..ഇപ്പോ കിടന്നിട്ടേ ഉള്ളൂ..ഇപ്പോ ശല്യം ചെയ്യാന്‍ പറ്റില്ല.ജമീലാത്ത പോയി പിന്നെ വാ”


“ഫോണുള്ള വീട് കുറേ ദൂരെയാടീ...തോടും,ഇടവഴീം ഒക്കെ ചാടിക്കടന്നു വേണം മക്കള്‍ വരാന്‍..ഇപ്പൊ നാട്ടില്‍ നല്ല ഇടീം മഴേം അല്ലേ?ഇപ്പൊത്തന്നെ അവിടെ രാത്രിയായിക്കാണും..ഇനീം വൈകിയാല്‍.പോരാത്തേനു വെഷപ്പാമ്പൂള്ള വഴീം. മക്കളില്ലാത്ത നിനക്കൊന്നും എന്റെ ദെണ്ണം മനസ്സിലാകൂല്ല”.

അക്കാലത്ത് എന്നെ ഏറ്റവും കൂടുതല്‍ ചൊടിപ്പിച്ചിരുന്ന പാരാമര്‍ശമായിരുന്നു അത്.എന്റെ പ്രായം പോലും ഓര്‍ക്കാതെ പലരും ഈ വിഷയം പറഞ്ഞ് ,എന്നേയും ഭര്‍ത്താവിനേയും പരിഹസിക്കുകയും, വേദനിപ്പിക്കുകയും ചെയ്തു പോന്നിരുന്നു.വിദ്യാസമ്പന്നരും പരിഷ്ക്കാരികളുമായവര്‍ പോലും!എന്നാല്‍ ആ പാവം മനസ്സില്ൊന്നും കരുതിയാവില്ല അങ്ങിനെ പറഞ്ഞത് “പറ്റില്ല.” എല്ലാവരോടുമുള്ള ദേഷ്യം ഒരു ഞൊടിയിടെ മനസ്സിലേക്കൊടിയെത്തിയപ്പോള്‍ ഞാന്‍ ജമീലയോട് തറപ്പിച്ചു പറഞ്ഞു.പിന്നെ അവരുടെ മറുപടിക്കു കാക്കാതെ വാതിലടച്ചു വന്നു കിടന്നു.

വീണ്ടും തട്ടുന്നു..ഞാന്‍ വര്‍ദ്ധിച്ച കോപത്തോടെ വാതില്‍ വലിച്ചു തുറന്നു..റെഫീനയാണ്.

“ഉം?”ഞാന്‍ ചോദിച്ചു.

“ഒരാളേ വിളിക്കാനാ. എനിക്കിനി ഇന്നാട്ടില് നിക്കാമ്പറ്റൂല്ല. അറബിനേയിട്ട് ഒരു പ്രശ്നം.അയാള് എന്നെ നാട്ടീക്കേറ്റി വിടും..വേറൊരു വിസ ശര്യാക്കണം..നിക്കു നാട്ടീപ്പോവാനിപ്പോ പറ്റൂല്ല. ഒരാളെ വിളിക്കാനാ.. ഇന്നിവിടുന്നു മുങ്ങിയില്ലെങ്കില്‍ ശര്യാവൂല്ലാ.ഞാന്‍ അറബി കാണാതെ വന്നതാ..പുറത്തുപോയി ഫോണ്‍ ചെയ്യാന്‍ കയ്യൂല്ലാന്നു മോള്‍ക്കറിയാല്ലോ”.

എനിക്കൊന്നും മനസിലായില്ല..ഒന്നാമതേ ദേഷ്യം വന്നാല്‍ എനിക്കു കണ്ണു കണ്ടു കൂടാ..പിന്നെ അദ്ദേഹത്തെ ഉണര്‍ത്താന്‍ വയ്യ..പിന്നെ അറബി ഇനി ഇതിന്റെ പേരില്‍ ഞങ്ങള്‍ക്കു വല്ല പ്രശ്നവും ഉണ്ടാക്കിയാല്‍?


“ഇപ്പൊ പറ്റില്ല. നിങ്ങളു പിന്നെ വാ”


“അയ്യൊ അങ്ങനെ പറേല്ലേ മോളേ...നിനക്കു മനസ്സിലാവാഞ്ഞിട്ടാ..ആ വിസക്കാരനെ ഇന്നു തന്നെ വിളിക്കണം.സൌദിക്കു കടക്കാന്‍ നോക്കണം.എങ്ങനേങ്കിലും ന്റെ പാസ്സ്പോര്‍ട്ട് ഇവിടുന്ന് കൈക്കലാക്കണം”.


അതോടെ എനിക്കു പേടിയായി“നിങ്ങളോടു പോകാനല്ലേ പറഞ്ഞത്?”എന്റെ സ്വരം വല്ലാതെ ഉയര്‍ന്നു..“നാട്ടീപ്പോയി മക്കളെയൊക്കെ കണ്ട് പതുക്കെ സൌദിക്കു പോയാല്‍ മതി.”

പ്രതീക്ഷിക്കാതെയുള്ള എന്റെ ഭാവമാറ്റം കണ്ട് അവര്‍ അമ്പരന്നു..എന്നെ ഒരിക്കലും അവര്‍ ദേഷ്യപ്പെട്ടു കണ്ടിട്ടുണ്ടായിരുന്നില്ല.

ഞാന്‍ വാതിലടച്ചു തിരിച്ചു വന്നു കിടന്നു.അന്നു ബുധനാഴ്ച്ചയായിരുന്നു.അന്നൊക്കെ ഇവിടെ വ്യാഴം, വെള്ളി ആയിരുന്നു അവധി ദിനങ്ങള്‍..ഭര്‍ത്താവ് ഉറങ്ങിയെണീറ്റതും ഞങ്ങള്‍ ഷാര്‍ജയിലുള്ള എന്റെ സഹോദരിയുടെ അടുത്തേക്കു പോയി.ഭര്‍ത്താവു വെള്ളിയാഴ്ച തിരികെയെത്തിയെങ്കിലും, ഞാന്‍ രണ്ടാഴ്ച കഴിഞ്ഞാണ് വന്നത്.

കുറച്ചു ദിവസം കഴിഞ്ഞ് വീണ്ടും ഫോണ്‍ ചെയ്യാന്‍ വന്ന ജമീലയില്‍ നിന്നും ഞാനാ വാര്‍ത്തയറിഞ്ഞു.

പതിനഞ്ചാം വയസ്സില്‍ വിവാഹിതയായി,പതിനേഴാം വയസ്സില്‍ അമ്മയായി,ജീവിതത്തിലെ നല്ലപ്രായം മുഴുവന്‍ മറ്റുള്ളവര്‍ക്കു വേണ്ടി അന്യനാട്ടില്‍ വന്ന് അറബികളുടെ ആട്ടും തുപ്പും സഹിച്ച റെഫീന ,തന്റെ മുപ്പത്തെട്ടാം വയസ്സില്‍, മകന്റെ ലൈംഗിക പീഢനം സഹിക്കാനാകാതെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി സ്വയം അവസാനിപ്പിച്ചു.


പ്രാ‍ണന്‍ പറിഞ്ഞുപോകുമ്പോളും ദേഹത്താളിപ്പടരുന്ന അഗ്നിയേക്കാള്‍ ആ മാതൃ ഹൃദയത്തെ ചുട്ടുപൊള്ളിച്ചത് മനസ്സിനേറ്റ മുറിവായിരുന്നിരിക്കണം.

56 comments:

ആഗ്നേയ said...

കുറ്റബോധത്തോടെ,അവിശ്വസനീയതയോടെ, അതിനേക്കാളുപരി ഞെട്ടലോടെ ഞാനോര്‍ക്കുന്ന ഒരു മുഖം..റെഫീന.
തിരിച്ചു വരവിലേ പബ്ലിഷ് ചെയ്യുന്നുള്ളൂ എന്നു കരുതിയതാണെങ്കിലും ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നു..
വീണ്ടും തിരക്കുകളിലേക്ക്

കണ്ണൂരാന്‍ - KANNURAN said...

ഞെട്ടിച്ചു കളഞ്ഞല്ലോ ആഗ്നേയാ...

പ്രയാസി said...

“പ്രാ‍ണന്‍ പറിഞ്ഞുപോകുമ്പോളും ദേഹത്താളിപ്പടരുന്ന അഗ്നിയേക്കാള്‍ ആ മാതൃ ഹൃദയത്തെ ചുട്ടുപൊള്ളിച്ചത് മനസ്സിനേറ്റ മുറിവായിരുന്നിരിക്കണം.“

:(

G.manu said...

പതിനഞ്ചാം വയസ്സില്‍ വിവാഹിതയായി,പതിനേഴാം വയസ്സില്‍ അമ്മയായി,ജീവിതത്തിലെ നല്ലപ്രായം മുഴുവന്‍ മറ്റുള്ളവര്‍ക്കു വേണ്ടി അന്യനാട്ടില്‍ വന്ന് അറബികളുടെ ആട്ടും തുപ്പും സഹിച്ച റെഫീന

നൊമ്പരപ്പെടുത്തുന്ന കുറിപ്പ്

ദില്‍ said...

എല്ലാം നേരില്‍ കണ്ട പോലെ... നന്നായിരിക്കുന്നു. ഇതു പോലെ എത്ര സ്ത്രീകള്‍ ഇപ്പോഴും ഇവിടെയുണ്ട്... ഓര്‍ക്കുമ്പോള്‍ വല്ലാത്ത ഒരു നൊമ്പരം...

അഗ്രജന്‍ said...

തുടക്കത്തില്‍ രസിപ്പിച്ച്... അവസാനത്തില്‍ സങ്കടപ്പെടുത്തിയ പോസ്റ്റ്...!

പക്ഷെ ഈഡിപ്പസെന്ന തലക്കെട്ട് - അമ്മയാണെന്ന് അറിയാതെയല്ലേ ഈഡിപ്പസ് അമ്മയെ വേള്‍ക്കുന്നതും വേഴ്ചയിലേര്‍പ്പെടുന്നതും!

ഭാര്യ തന്‍റെ അമ്മയാണെന്ന് തിരിച്ചറിയുമ്പോള്‍ മക്കള്‍ തനിക്ക് സഹോദരങ്ങളും കൂടിയാണെന്നറിയുമ്പോള്‍ ഈഡിപ്പസ് അനുഭവിക്കുന്ന വേദനയും ദുഃഖവും...!

എനിക്ക് സഹതാപം തോന്നിയിട്ടുള്ള കഥാപാത്രങ്ങളില്‍ ഈഡിപ്പസിന്‍റെ സ്ഥാനം മുന്‍നിരയില്‍ തന്നെ!

മഴത്തുള്ളി said...

അഗ്രജന്‍ പറഞ്ഞതുപോലെ തുടക്കത്തില്‍ നല്ല രസത്തോടെ വായിച്ചു വരികയായിരുന്നു. എന്നാല്‍ അവസാനത്തെ വാചകങ്ങള്‍ തീര്‍ച്ചയായും ഞെട്ടിച്ചുകളഞ്ഞു. ഒരു ജന്മം മുഴുവന്‍ സ്വന്തം മാതാപിതാക്കള്‍ക്കും അനിയത്തിമാര്‍ക്കും അതുപോലെ സ്വന്തം മക്കള്‍ക്കും വേണ്ടി കഷ്ടപ്പെട്ടിട്ടും സ്വന്തം മകന്‍ മൂലം ഇങ്ങനെ ഒരന്ത്യം ഒരിക്കലും പ്രതീക്ഷിച്ചില്ല. :(

ആഗ്നേയ said...

അഗ്രജാ...മക്കള്‍ക്ക് ,എതിര്‍ലിംഗത്തില്‍പ്പെട്ട ജനയിതാവിനോട്, അതായത് മകന് അമ്മയോട്ഓ,മകള്‍ക്ക് അച്ഛനോടോ തോന്നുന്ന ഇത്തരം വികാരത്തെ,അഥവാ മനോവൈകല്യത്തെ മനഃശാസ്ത്രം “ഈഡിപ്പസ് കോമ്പ്ലക്സ് എന്നു വിശേഷിപ്പിക്കുന്നു.അതാണു ഞാന്‍ ഉദ്ദേശിച്ചതും.
ഇത്തരം രോഗികളില്‍ സ്വലിംഗത്തില്പെട്ട പേരന്റിനു നേരെ ഒരു കൊലപാതകപ്രവണതയും കണ്ടുവരുന്നു..കണ്ണൂരാന്‍ ജീ,മനുമാഷേ,പ്രയാസീ,അഗ്രജാ,മഴതുള്ളി നന്ദി

നന്ദി.

സിമി said...

:( ഓരോ മാനസിക വൈകൃതങ്ങള്‍..

അപ്പു said...

ആഗ്നേയ നന്നായി എഴുതിയിരിക്കുന്നു ഈ കുറിപ്പ്. അവസാനം നൊമ്പരമായി.

കുറേ ഓ.ടോ. കള്‍: എഴുതിക്കഴിഞ്ഞ് പലയാവര്‍ത്തിവായിച്ചുനോക്കി തെറ്റുകള്‍ തിരുത്തി പോസ്റ്റിയതാണെന്ന് മനസ്സില്ലായി. കണ്‍ഗ്രാറ്റ്സ്. ഇതിനു മുമ്പൊരിക്കല്‍ ഞാന്‍ പറഞ്ഞ 1, 6, 5 ഇങ്ങനെ നമ്പറെഴുത്ത് ഇതില്‍ കാണാത്തതിലും സന്തോഷം.

“പെങ്ങള്‍” എന്നാല്‍ എന്താണ്? ഞങ്ങളുടെ നാട്ടില്‍ ഒരാണിന്റെ പെങ്ങള്‍ എന്നു പറയും. പക്ഷേ ഒരു പെണ്ണിന്റെ ജ്യേഷ്ഠത്തി അല്ലെങ്കില്‍ അനുജത്തി എന്നാണു പറയുക. ഈ പെങ്ങള്‍ മറ്റുവല്ല ബന്ധവുമാണോ അതോ റഫീനയുടെ അനുജത്തിയോ?

കുറുമാന്‍ said...

ഹോ, സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്നില്ല.....

നന്നായി എഴുതിയിരിക്കുന്നു ആഗ്നേയ.....

പിന്നെ ഇപ്പോഴും ദ്വേഷ്യം വന്നാല്‍ കണ്ണ് കാണാതിരിക്കാറുണ്ടോ :)

ദീപു കെ നായര്‍ said...

പി. എന്‍. മേനോന്‍ സംവിധാനം ചെയ്ത 'ചായം' എന്ന ചിത്രത്തിണ്റ്റെ ക്ളൈമാക്സും ഇതു തന്നെയായിരുന്നില്ലെ? പക്ഷെ, കഥാഗതികള്‍ക്ക്‌ മാറ്റമുണ്ടെന്നു മാത്രം. അനുമോദനങ്ങള്‍...

ആഗ്നേയ said...

അപ്പൂ..നന്ദി...ഇതു കുറേ ദിവസമായി കയ്യിലിരിക്കുന്നു...അതു കൊണ്ട് ശരിക്കെഡിറ്റി.:)
കണ്ണൂര്‍ ,കാസര്‍ഗോഡ് ഭാഗത്തുള്ളവര്‍ പലപ്പോഴും പെണ്ണുങ്ങള്‍ അനിയത്തിയെ പെങ്ങള്‍ എന്നു പറഞ്ഞുകേട്ടിട്ടുണ്ട്.എന്നോട് പറഞ്ഞ സ്ത്രീയും ആ ഭാഗത്തുനിന്നായിരുന്നു..
ആഭാഗത്തുള്ളവര്‍ ,മുസ്ലിംസ് അങ്ങനെ ഉപയോഗിക്കുന്നെന്നു തോന്നുന്നു..വേറെ പലരും അങ്ങനെ എന്നോടു പറഞ്ഞിട്ടുണ്ട്.മുസ്ലിംസ് മാത്രമാണോ എന്നറീല്ല.ദീപു ഞാണ്‍ ആ പടം കണ്ടിട്ടില്ലാട്ടൊ..ആദ്യമായി കേള്‍ക്കുവാ..
അപ്പു,കുറുമാന്‍ ജീ,ദീപു നന്ദി..
(ഇപ്പോളും ദേഷ്യം വന്നാല്‍കണ്ണുകാണില്ല:D)

ആഗ്നേയ said...

അയ്യോ സിമീനെ മറന്നു..
നന്ദി...

അപ്പു said...

ആഗ്നേയ.. ഒരു കാര്യം ഓ.ടോ. യില്‍ എഴുതാന്‍ മറന്നു. ഭര്‍ത്താവ് എത്തിസാലാത്തില്‍ ജോലിചെയ്യുന്നു എന്നല്ലേ പറഞ്ഞത്? എന്നിട്ടും ഒരു ഫോണ്‍ എക്സ്റ്റന്‍ഷന്‍ എടുത്ത് മുന്‍‌വശത്തെമുറിയില്‍ വയ്ക്കാന്‍ ഇത്രപ്രയാസമോ? കഷ്ടമേ.... ആ പാവങ്ങള്‍ വിളിച്ചോട്ടേന്നേ :)

ഓ.ടോ. ദേഷ്യം വന്ന് എന്നെ ചീത്തവിളിക്കല്ലേ :)

ആഗ്നേയ said...

ഭര്‍ത്താവ് എറ്റിസലാത്തിലായിട്ടെന്താ?ഇവിടെ ഞങ്ങളുടെ വില്ലകള്‍ കാണേണ്ട കാഴ്ചയാന്നേ...എല്ലാം ഗവര്‍ണ്മെന്റ് പൊളിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടും ഇവര്‍ അനധികൃതമായി ഞങ്ങള്‍ക്കു തരുന്നതാ...എപ്പോളാ ഒരു ഷിഫ്റ്റിംഗ് എന്നു പറയാന്‍ പറ്റില്ല..ഇപ്പോളാ ഒരു ഫ്ലാറ്റ് ഒക്കെ വന്നത്...ഞങ്ങള്‍ അപേക്ഷയും കൊടുത്ത് കണ്ണിലെണ്ണേം ഒഴിച്ചു കാത്തിരിക്കുവാ...എന്തായാലും ഇപ്പോള്‍ എക്സ്റ്റന്‍ഷന്‍ എടുത്തു..:-)..പക്ഷേ ഇപ്പോള്‍ അവരാരും വരാറില്ല...എല്ലാര്‍ക്കും മൊബൈലായി...10 വര്‍ഷം മുന്‍പത്തെ കഥയാ ഇത്.

നിരക്ഷരന്‍ said...

ഒരു ഞടുക്കം പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ് വായന തുടങ്ങിയത്. എന്നിട്ടും ആ ആഘാതത്തിന്റെ ശക്തി ഒട്ടും കുറയ്ക്കാന്‍ കഴിഞ്ഞില്ല. പ്രവാസജീവിതത്തിന്റെ വേദനിപ്പിക്കുന്ന ഇത്തരം മുഖങ്ങള്‍ ആഗ്നേയയുടെ എഴുത്തിലൂടെ ചുട്ടുപൊള്ളിക്കുന്ന ഒരു അനുഭവമായിത്തന്നെ പുറത്തേക്ക് വന്നിരിക്കുന്നു.

ഒരു അഭ്യര്‍ത്ഥനയുണ്ട്. എന്തൊക്കെ തിരക്കുണ്ടെങ്കിലും, വല്ലപ്പോഴുമൊക്കെ ഓരോ പോസ്റ്റുകള്‍ ഇടാനുള്ള സമയം കണ്ടെത്തണം. 6 മാസമെന്നൊക്കെ പറയുന്നത് വലിയ ഒരു കാലയളവാണ്.

ശ്രീ said...

അക്ഷരാര്‍‌ത്ഥത്തില്‍‌ ഞെട്ടി, വായിച്ചു കഴിഞ്ഞപ്പോള്‍‌. ശരിയ്ക്കും ഒരു നൊമ്പരപ്പെടുത്തുന്ന ഓര്‍‌മ്മ തന്നെ.
ഈ സംഭവത്തിനു യോജിച്ച തലക്കെട്ടും.

എന്തായാലും ഇടവേളയ്ക്കിടയിലെ ഈ പോസ്റ്റ് വളരെ ടച്ചിങ്ങ് ആയി.

lekhavijay said...

ബന്ധങ്ങളുടെ പവിത്രതയൊക്കെ പഴങ്കഥകള്‍ ആകുന്നു അല്ലേ?നന്നായി എഴുതി ഫെമിന.ആശംസകള്‍ !

ദീപു said...

മാനസിക വൈകൃതങ്ങള്‍ മാത്രമായ്‌ എടുക്കുക.
ഈഡിപ്പസ് എന്ന തലകെട്ട് വേണ്ടായിരുന്നു.

സുല്‍ |Sul said...

ആ ആവനാഴിയില്‍ ആഗ്നേയാസ്ത്രങ്ങള്‍ ഇനിയും ബാക്കി.

നന്നായെഴുതി ആഗ്നേയ. മനുഷ്യബന്ധങ്ങള്‍ക്ക് ഒരു വിലയുമില്ലാതാവുന്ന ഈ കാലഘട്ടത്തിന്റെ രക്തസാക്ഷി.

ഓടോ : റെഫീന നാട്ടില്‍ പോയ ശേഷമാണൊ ഇത് സംഭവിച്ചത്? അല്ലെങ്കില്‍ അറബിയുടെ വീട്ടില്‍ വച്ചൊ? റെഫീന ഈ മകനെ ഭയന്നായിരിക്കുമൊ നാട്ടില്‍ നിന്നൊഴിഞ്ഞു നിന്നിരുന്നത്?
-സുല്‍

-സുല്‍

ആഗ്നേയ said...

നിരക്ഷരാ,ശ്രീ,ദില്‍ നന്ദി..
ദിപു അറിയാതെയല്ലേ ഈ മകനും അമ്മയെ....
അയാള്‍ ഒരു മനോരോഗിയല്ലേ?സ്വബോധം വന്നാല്‍ താന്‍ അപമാനിച്ചെരിച്ചു കളഞ്ഞ അമ്മയെക്കുറിച്ചോര്‍ത്ത് ആ മകനും നീറില്ലേ?
ഒരു മകന്റെ അമ്മയായ എനിക്ക് അങ്ങനെ വിശ്വസിക്കാനാണിഷ്ടം...ഈ പേര് അര്‍ത്ഥവത്താണെന്നു തന്നെ തോന്നുന്നു.ശരിയല്ലേ?
ലേഖാ നഷ്ടപ്പെടല്ലേ എന്നു പ്രാര്‍ത്ഥിക്കാം.
സുല്‍ അവര്‍ക്കു പിറ്റേന്നു നാട്ടില്‍ പോകേണ്ടി വന്നു....നാട്ടില്‍ പോകാതിരിക്കാന്‍ ആരുടെയോ സഹായം തേടാനാണ് അവര്‍ അന്നെന്റെ വീട്ടില്‍ വന്നത്...

Noopuram said...

Excellent.... Excellaent.... Excellent.....

പ്രിയംവദ-priyamvada said...

എന്റമ്മെ!

ദ്രൗപദി said...

മനുഷ്യന്‍ ഭ്രാന്തമായ ലോകത്തിന്റെ അനിര്‍വചനീയ അതിഥികളാവാറുണ്ട്‌...അവിടെ തൃഷ്ണയുടെ ആളുന്ന അഗ്നി മനസിനെ ഉരുക്കുമ്പോള്‍ ജനനിയെന്ന വേര്‍തിരിവ്‌ പോലും അന്യമാവും...
ആര്‍ത്തിയും ആസക്തിയും പൂണ്ട ലോകത്തിന്റെ ദയനീയചിത്രം..ഇവിടെയും വരച്ചിട്ടിരിക്കുന്നു...നിലനില്‍ക്കുവാനുള്ള പാടുപെടലായി ജീവിതം മാറ്റിയെഴുതേണ്ടി വരുമ്പോഴും അസഹനീയതയുടെ മുഖമൂടി അണിയേണ്ടി വരുമ്പോഴുമെല്ലാം മുന്നില്‍ സ്വയംഹത്യയുടെ വഴി തെളിഞ്ഞുവരുന്നതില്‍ ആര്‍ക്ക്‌ തെറ്റുപറയാനാവും...
യാഥാര്‍ത്ഥ്യത്തിന്റെ ഈ നൊമ്പരകാഴ്ചക്ക്‌ മുന്നില്‍ ദ്രൗപദി നമിക്കുന്നു...

ആശംസകള്‍
ആഗ്നേ...കത്തുന്ന എഴുത്ത്‌ തുരുക...

കുട്ടന്മേനൊന്‍ said...

നന്നായി എഴുതിയിരിക്കുന്നു.

Anonymous said...

നിലവിളി.. ഒരു നിലവിളി മാത്രം :(


*******
(ആഗ്നേയ.. ഇത്രനന്നായി എഴുതാന്‍ അറിയുന്ന ആള്‍ പോസ്റ്റുകള്‍ ഇത്രകുറക്കുന്നതില്‍ പരിഭവം)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആഗ്ന്നേയാ, മനോഹരമായ്യി എഴുതിയിരിക്കുന്നു ഒരു നൊമ്പരക്കുറിപ്പ്.

ഭാവുകങ്ങള്‍

sivakumar ശിവകുമാര്‍ said...

മനസ്സിനെ ഒരുപാട്‌ വിഷമിപ്പിച്ചു....നന്ദി....

ജിഹേഷ്/ഏടാകൂടം said...

ആഗ്നേയേച്ചി, ക്ലൈമാക്സ് ഇങ്ങനെയായിരിക്കുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല....:(

വാല്‍മീകി said...

വളരെ ഹൃദ്യമായ എഴുത്ത്.

“പ്രാ‍ണന്‍ പറിഞ്ഞുപോകുമ്പോളും ദേഹത്താളിപ്പടരുന്ന അഗ്നിയേക്കാള്‍ ആ മാതൃ ഹൃദയത്തെ ചുട്ടുപൊള്ളിച്ചത് മനസ്സിനേറ്റ മുറിവായിരുന്നിരിക്കണം.“

ആ വരികള്‍ മനസ്സില്‍ ആഴ്ന്നിറങ്ങി.

Maheshcheruthana/മഹി said...

ആഗ്നേയാ,
നന്നായി എഴുതി !
മനസ്സില്‍ ഒരു നോവുപടര്‍ത്താന്‍ ഇതിനു കഴിഞ്ഞു!ഇനിയും എഴുതുക എല്ലാ ആശംസകളും!

വഴി പോക്കന്‍.. said...

ഇപ്പോഴാണ്‍ കണ്ടതു.. അഭിപ്രായമൊന്നും പറയുന്നില്ല ആഗ്നേയ. പറയാനുള്ളത് ഒരൊറ്റ ഇമോട്ടില്‍ നിറ്ത്തുന്നു...:(

ഉപാസന | Upasana said...

വായിച്ചു കഴിഞ്ഞപ്പോ പല സംശയങ്ങളും ഉണ്ടായിരുന്നു.
സുല്‍ ഭായിക്ക് കൊടുത്ത മറുപടി കണ്ടപ്പോ ഒക്കെ മാറി.

ഞാന്‍ ഈ ഈഡിപ്പസ് രോഗത്തെക്കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നത്.
ആ മകന്‍ അറിയാതെ ചെയ്തതായിരിക്കും.
നല്ല നൊമ്പരക്കഥ

എഴുത്ത് വളരെ മനോഹരം.
:)
എന്നും സ്നേഹത്തോടെ
ഉപാസന

മുരളി മേനോന്‍ (Murali Menon) said...

പോയി വരൂ.. അപ്പോള്‍ ഇതുപോലെ ചൂടുള്ള ജീവിതാനുഭവങ്ങളും ബ്ലോഗിലേക്കൊഴുകാനുണ്ടാവാതിരിക്കില്ല.

“എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍!“
എന്‍.എന്‍. കക്കാട് - സഫലമീ യാത്ര!

മൈന said...

ഹോ, സങ്കടം വരുന്നല്ലോ..കണ്ണു നിറയുന്നല്ലോ. നല്ല കുറിപ്പ്‌.
ആശംസകള്‍

Vanaja said...

ആദ്യമായാണിവിടെ. എഴുത്തിനെ പറ്റി അധികമൊന്നും പറയാന്‍ അറിയില്ല.എങ്കിലും മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു.

ഏ.ആര്‍. നജീം said...

"തന്റെ മുപ്പത്തെട്ടാം വയസ്സില്‍, മകന്റെ ലൈംഗിക പീഢനം സഹിക്കാനാകാതെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി സ്വയം അവസാനിപ്പിച്ചു."

ഇന്നും ഇങ്ങനെയൊക്കെ എന്നത് വിശ്വസനീയം ആയത് കൊണ്ട് വീണ്ടും വീണ്ടും വായിച്ചു....

എന്താ പറയുക, മനസ്സില്‍ ഒരു നൊമ്പരം, ഇപ്പോഴും...

ആഗ്നേയ said...

നൂപുരം,ദ്രൌപദി,കുട്ടമേനോന്‍,പ്രിയാ,ശിവകുമാര്‍,ജിഹേഷ്,വാല്‍മീകി,മഹേഷ്,വഴിപോക്കന്‍,ഉപാസനാ,മുരളിയേട്ടാ,മൈന,വനജാ,നജീം
നന്ദി...പ്രിയംവദേ..എന്താണിത്?
ഗുപ്താജി...എഴുതണം എന്നു കരുതിയിരുന്നാല്‍ ഒന്നും എഴുതാന്‍ കഴിയില്ല..
എപ്പോളോ തോന്നുന്നത് കോറിയിടുന്നു..
നന്ദി..

ആഗ്നേയ said...

ഉപാസനാ..ഇതു നടന്ന സംഭവം ആണ്...അത്തരം ഒരു മനോവൈകല്യത്തെപ്പറ്റി ഈ സംഭവം കേള്‍ക്കുന്നതിനും മുന്നേ ചെറിയൊരറിവുണ്ടായിരുന്നു.കോളേജില്‍ ഒരു അദ്ധ്യാപിക ഈഡിപ്പസിനെക്കുറിച്ചു പറയുന്നതിനിടയില്‍ പരാമര്‍ശിച്ചു കേട്ടതാണ്.ഈ പോസ്റ്റ് ഇടുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നതു കൊണ്ടും, മറുപടി പറയാന്‍ ബാധ്യസ്തയായതുകൊണ്ടും ഗൂഗിളില്‍ നിന്നും oedippus complex-നെക്കുറിച്ചുള്ള വിവരങ്ങള്‍ വായിച്ചു മനസ്സിലാക്കി..:-)

ചെറുശോല said...

നല്ല പോസ്റ്റ് , സന്തോഷത്തോടെ വായന തുടങ്ങി ദുഖത്തോടെ അവസാനിപിച്ചു

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ആഗ്നേയാ .. കഥ വായിച്ചിരുന്നു എന്ന് ഒരു നെടുവീര്‍പ്പോടെ പറയാന്‍ മാത്രമാണീ കമന്റ് !

വേണു venu said...

അനായാസമായ എഴുത്തു്. വായിച്ചു പോകാനും ജിജ്ഞാസ അവസാന വരി വരെ നിലനിര്‍ത്താനുമുള്ള രചനാ രീതി ഇഷ്ടമായി.
മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ജീവിതം ഹോമിക്കാന്‍‍ വിധിക്കപ്പെടുന്ന പ്രവാസിയുടെ നൊമ്പരം ശക്തമായി അവതരിപ്പിക്കാന്‍‍ ആഗ്നേയയ്ക്ക് കഴിഞ്ഞു.
ഓ.ടോ. ആ കിളികളൊക്കെ ആ പേരുകളോടെ ഇടയ്ക്കിടയ്ക്ക് ഇപ്പോഴും വരാറില്ലേ.

kaithamullu : കൈതമുള്ള് said...

-ഒറ്റയിരിപ്പിന്, വായിച്ച് തീര്‍ത്തു; വൈകിയെത്തിയതിലെ കുറ്റബോധത്തോടെ.

ഉമിത്തീയിലെരിയുന്ന മനസ്സുമായി റെഫീനയെ അടുത്തറിഞ്ഞു.നന്നായെഴുതിയിരിക്കുന്നു, ആഗ്നേ!

-ചില പ്രയോഗങ്ങള്‍ മനോഹരം:
ഉദാ:
“ഞാന്‍ നിക്കണോ അതോ പോണോ എന്നു ചോദിച്ചു നില്‍ക്കുന്ന പ്രായം“

ഇടവേളകളില്ലാതെ എഴുതൂ!
ആശംസകളോടെ-

പ്രസക്തി said...

നന്നായിരിക്കുന്നു വായിക്കാന്‍
വൈകിപോയി, തിരക്കുകൊണ്ടായിരുന്നില്ല, മടിയായിരുന്നു.
അഭിപ്രായം ഒന്നും എഴുതാനുള്ള
മാനസീക അവസ്തയില്‍ അല്ല്ല.
മരവിപ്പണു ................
ഒരുതരം ശൂന്യത........
എഴുതുക.........

ആഗ്നേയ said...

ചെറുശോല,സുകുമാരന്‍ സര്‍,കൈതെട്ടാ,വേണ്വെട്ടാ നന്ദി..വേണ്വേട്ടാ കിളികളും, ഞാനും ഇപ്പോളും അതുപോലെ:)
പ്രസക്തീ നന്ദി..
അഭിലാഷ്,വിശാല്‍ജീ,ബെര്‍ലീ ,ടെസ്സ് നന്ദി

Rajeeve Chelanat said...

റെഫീനയില്‍ മാത്രം കേന്ദ്രീകരിച്ച് എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ ഹൃദയസ്‌പൃക്കാകുമായിരുന്നു എന്നൊരു തോന്നല്‍.
മനസ്സിനെ അസ്വസ്ഥമാക്കുന്ന മുഖങ്ങളില്‍, പക്ഷേ, ഇനി ആ മുഖവും ഉണ്ടാകുമെന്നുറപ്പ്.

നവരുചിയന്‍ said...

അഭിപ്രായങ്ങള്‍ എഴുതുക വയ്യ ഇതിന് ... അവസാന വരി വല്ലാതെ വേട്ടയാടുന്നു ...

ആഗ്നേയ said...

നവരുചിയാ..നന്ദി..
രാജീവ്ജീ ശരിയാണ്..റെഫീനയെ അവതരിപ്പിക്കുന്നതിനേക്കാള്‍ ഞാന്‍ വ്യഗ്രത കാണിച്ചത് എന്നെ ന്യായീകരിക്കുന്നതിനാണെന്ന് ഇപ്പോള്‍ ഒരു തോന്നല്‍..

::സിയ↔Ziya said...

ഈ നൊമ്പരക്കുറിപ്പിനു അമ്പതാം കമന്റിടുമ്പോള്‍ വല്ലാത്തൊരു അവസ്ഥയിലാണ് മനസ്സ്.

ആഗ്നേയ, വളരെ നന്നായി എഴുതിയിരിക്കുന്നു. എങ്കിലും രാജീവ് ചേലനാട്ടിന്റെ അഭിപ്രായത്തോട് ഒട്ടു യോജിക്കുകയും ചെയ്യുന്നു.

അഭിനന്ദനങ്ങള്‍ !

ഇത്തിരിവെട്ടം said...

കണ്ണൂരാന്റെ വാക്കുകള്‍ കടമെടുക്കുന്നു... ശരിക്കും ഞെട്ടിപ്പിച്ചു കളഞ്ഞു...

ആഷ | Asha said...

വന്നു വായിക്കാന്‍ ഇത്രയും വൈകി. എനിക്കും അഗ്രജനിട്ടും ഒരു കുഞ്ഞു പാര വെച്ചു കളഞ്ഞല്ലോ എന്നൊക്കെ വിചാരിച്ചു രസിച്ചു വായിച്ചു വരികയായിരുന്നു. അപ്പഴാണ് ഗതി മാറിയത്.

വല്ലാത്ത അനുഭവം.

തല്ലുകൊള്ളി said...

ഇന്നലെ രാത്രി ഓഫീസീന്ന് ഇറങ്ങാന്‍ നേരത്താ ഇത് വായിച്ചത് . ഒരു കമന്റെ പൊസ്റ്റ് ചെയ്യാന്‍ ഒരുപാട് തവണ്‍ ശ്രമിച്ചു. എന്തോ കണക്ഷന്‍ പ്രശ്നം കാരണം പറ്റിയില്ല. പക്ഷേ പോകുന്ന വഴിയിലും, വീട്ടിലെത്തിയപ്പോഴും, രാത്രിയിലും എല്ലാം ഈഡിപ്പസ് എന്നെ അലട്ടുകയായിരുന്നു. വല്ലത്തൊരു മാനസീകാവസ്ഥ. രാത്രി തന്നെ തീരുമാനിച്ചു കാലത്ത് ഓഫീസിലെത്തിയാലുടന്‍ ഇതിനൊരു കമന്റ് ഇടണം.
ഞാന്‍ ബ്ലോഗ ലോകത്ത് വായിച്ചിട്ടുള്ള എറ്റവും നല്ല പോസ്റ്റുകളിലൊന്ന്. ഇനിയുമെഴുതുക. ആശംസകള്‍. ഇനിയും ഇതു വഴി വരും ഞാന്‍; ഇതിലും നല്ല പോസ്റ്റുകള്‍ക്കായി.

ആഗ്നേയ said...

സിയാ നന്ദി..രാജീവ്ജിയുടെ അഭിപ്രായത്തോട് ഞാനും പൂര്‍ണമായി യോജിക്കുന്നു.
ഇത്തിരിവെട്ടം നന്ദി..
ആഷാ നന്ദി..
തലുകൊള്ളീ...അത്രക്കൊക്കെയുണ്ടോ സുഹൃത്തേ?നല്ല വാക്കുകള്‍ക്കു നന്ദി.

ഇടിവാള്‍ said...

വായിച്ച് കഴിഞ്ഞപ്പോഴുല്ല വികാരമെന്തെന്ന് മനസ്സിലാവുന്നില്ല..

അവിശ്വനീയത? അമ്പരപ്പ്? വെറുപ്പ്? സഹതാപം?

എല്ലാം ചേര്‍ന്ന ഒന്ന്‌

നന്നായി എഴുതിയിരിക്കുന്നു..

എന്റെ പേര് ജസീര്‍ പുനത്തില്‍ said...

ജസീര്‍ പുനത്തില്‍. ദമാമില്‍ നിന്നും
ലാംഗ്വേജ് സ്റ്റൈല്‍ നന്നായിട്ടുണ്ട് .. വായിക്കുമ്പോള്‍ ഒരു വിര്‍ച്വല്‍ ഇമേജ് കിട്ടുന്നുണ്ട്‌ . കീപ്‌ it up