Friday, July 22, 2011

ഏകാന്തതയിൽനിന്ന് മനുഷ്യശീലങ്ങളിലേക്ക്

പണ്ടത്തെ ആ പെൺകുട്ടി എത്രയോ മാറിപ്പോയിരിക്കുന്നു, ചുറ്റുമുള്ളവരെ ഇത്രയധികം മാറ്റിമറിക്കും വിധം ഉന്മാദവും ഊർജ്ജവും പ്രസരിപ്പിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന ഈ പെൺജീവിതം നയിച്ചുകൊണ്ടിരിക്കുന്നത് ഞാൻ തന്നെയാണോ എന്നൊക്കെ അത്ഭുതപ്പെടുന്നതും അഹങ്കരിക്കുന്നതും പതിവാണെങ്കിലും മാറിനിന്ന് മറ്റൊരാളായി ജീവിതത്തെ നോക്കിക്കണ്ടാൽ വലിയ പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാത്തതും വളരെ സധാരണഗതിയിൽ പോകുന്നതുമായ ഒന്ന് എന്നുമാത്രമേ സ്വന്തം ജീവിതത്തെക്കുറിച്ച് പറയാനാകൂ. അതുകൊണ്ടുതന്നെ അവിസ്മരണീയമായ ഒരു രാത്രിയെക്കുറിച്ച് എഴുതേണ്ടി വന്നപ്പോൾ ഓർമ്മകളിലൂടെ ആഴത്തിലൊന്ന് പോയിനോക്കേണ്ടി വന്നു. ആകെയുള്ള ഇത്തിരി അനുഭവങ്ങളിൽ നിന്ന് ഏതിനെയെങ്കിലും എടുത്ത് അല്പം നുണകൂട്ടി പൊലിപ്പിച്ചുവച്ച് എഴുതിക്കളയാം എന്നോർത്ത് എത്തും പിടിയും അടുക്കും ചിട്ടയും ഇല്ലാതെ കിടന്നതിനെയെല്ലാം പല കോണുകളിലൂടെ നോക്കിക്കാണാൻ നോക്കുമ്പോളതാ മുപ്പത്തിനാലുവർഷത്തെ ജീവിതം മൂന്നായി വഴിപിരിയുന്നതുപോലെ.

രാത്രിയിലാണ് ജനിച്ചുവീണത് എന്നതൊഴിച്ചാൽ രണ്ടുദിവസങ്ങളുടെ നടുക്ക് വരുന്ന എന്തോ ഒന്ന് എന്നതിൽക്കവിഞ്ഞ് എടുത്തുപറയാൻ മാത്രം യാതൊരു പ്രത്യേകതയും പത്തൊമ്പതുവയസ്സുവരെ നീണ്ടുനിൽക്കുന്ന ഒന്നാംഘട്ടത്തിലെ യാതൊരു രാത്രിക്കുമില്ല. ഒരു ചലച്ചിത്രത്തിലെ നിശ്ചലദൃശ്യങ്ങൾക്കിടയിലെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിടവുകൾപോലെ, നിലനിൽക്കുന്നു എന്നതിനു തെളിവ് ചലനം മാത്രമാകുന്നതുപോലെ. രണ്ടുകുഞ്ഞുങ്ങളുമൊത്ത് തനിയെ താമസിക്കുന്ന സുന്ദരിയും യുവതിയുമായ പെണ്ണ് എന്റെ ഉമ്മ, കിളികൾ കൂടണയും മുൻപുതന്നെ വാതിലുകളും ജനലുകളുമെല്ലാം അടച്ചുപൂട്ടി അകത്തുകയറും.പിന്നെ കനത്തമരപ്പാളികൾ കൊണ്ടുണ്ടാക്കിയ ജനലിലെ കുഞ്ഞു ചില്ലുചതുരത്തിലൂടെ പോലും പുറംകാഴ്ചകൾ അകത്തെത്തില്ല. എട്ടുമണിക്കേ അത്താഴം കഴിച്ചു കിടക്കണം. പഠിച്ചുതീരാത്ത ഭാഗങ്ങളൊക്കെ പുലർച്ചെ എഴുന്നേറ്റ് പഠിച്ചുതീർക്കണം. അല്പം മുതിർന്നപ്പോളത് ഒമ്പതരയാക്കി നീട്ടിക്കിട്ടി. കിടക്കയിൽ കിടന്ന് സംസാരിക്കാനൊന്നും പാടില്ല. മിണ്ടാതെ കിടന്നോളണം. കിടന്നാലും അത്രപെട്ടെന്നൊന്നും ഉറക്കം വരില്ല. അപരിചിതനായ ഒരാണിനോട് എന്നപോലെ ഭയമാണു രാത്രിയെ. എന്നാൽ അയാളോടു തോന്നുന്ന കൌതുകം അല്പം പോലും ഇല്ലാതാനും. വീടിനുചുറ്റും കട്ടപിടിച്ച ഇരുട്ടിലും അകലെനിന്നും കേൾക്കുന്ന നായ്ക്കളുടെയും കാലൻ കോഴികളുടെ ഓലിയിടലുകളിൽ നിന്നുമെല്ലാം മനസ്സിൽ കൽപ്പിച്ചുകൂട്ടുന്നത് നിറയെ മരണം മാത്രമാണ്. ഭയന്ന് കണ്ണുകളിറുകെ അടച്ചുള്ള കിടപ്പിൽ അറിയാതങ്ങ് ഉറങ്ങിപ്പോകും.ഇടയ്ക്കൊന്ന് ഉണർന്നാലും ഭയമാണ് മുറിയ്ക്കുള്ളിലെ നിഴലുകളെ, വീടിനുള്ളിൽ നിന്നും കേൾക്കുന്ന എലിയുടെയോ മറ്റോ അനക്കങ്ങളെ. ചാടിവീഴാനെന്ന മട്ടിൽ ആരോ ഇരുട്ടിൽ പതുങ്ങിനിൽക്കുന്നുണ്ടെന്നു തോന്നും. അറിയാവുന്ന പ്രാർത്ഥനകൾ ചൊല്ലി വീണ്ടും പുതപ്പിനടിയിലേക്ക് നൂഴും. മാസപ്പിറ കാണുന്ന ദിവസങ്ങളിൽ മാത്രം ഉമ്മ അല്പനേരം അധികം പുറത്തുണ്ടാവും. “മാസം കണ്ടാൽ” ഉടനെ മക്കളെ വിളിച്ച് ഇലമറവിലൂടെ അല്ലാതെ ചന്ദ്രനെ നോക്കാൻ നിർദ്ദേശിക്കും. പിന്നീട് കയ്യിലുള്ള നാണയത്തിലേക്ക്കും, മാലയുടെ ലോക്കറ്റിലേക്കും കൂടെ നോക്കിയശേഷം മാസം മുഴുവൻ ഐശ്വര്യം ലഭിക്കാൻ മൌനപ്രാർത്ഥന നടത്തിയശേഷം അകത്തുകയറും. വിരലിലെണ്ണാവുന്നത്ര തവണ രാത്രി യാത്രകൾ ഉണ്ടായിട്ടുണ്ട്. എപ്പോഴൊക്കെയോ പൂർണ്ണച്നദ്രനെ കണ്ടിട്ടുണ്ട്. പെരുന്നാളിനു എല്ലാവരും കൂടെ ഉമ്മയുടെ തറവാട്ടിൽ കൂടുമ്പോൾ മാത്രം കൊതിതീരുവോളം നക്ഷത്രങ്ങളെ കണ്ടു നിന്നിട്ടുണ്ട്. അന്നൊന്നും സ്വപ്നങ്ങൾ കണ്ടിരുന്നോ എന്നുപോലും സംശയമാണ്. റേഡിയോ ടിവി പരിപാടികളിലെ സ്വയം തിരഞ്ഞെടുപ്പുകൾ, വായന, അയല്പക്കത്തുള്ള കുട്ടികളുമായി കൂട്ടുകൂടൽ, കൃത്യസമയത്തിനും വളരെ മുൻപ് സ്കൂളിലോ കോളേജിലോ ചെന്നിരിക്കൽ, കൂട്ടുകാരുടെ വീട്ടില്പോക്ക്, അവരുമൊത്തുള്ള കറക്കം എല്ലാം നിഷേധിക്കപ്പെട്ട കുട്ടികളായിരുന്നു ഞങ്ങൾ. അയൽക്കാരുമായിപോലും ഞങ്ങളുടെ വീടിനു അടുത്ത ബന്ധങ്ങളുണ്ടായിരുന്നില്ല. ഒരു തുരുത്തിൽ ഒറ്റപ്പെട്ട മൂന്നുപേർ. ആഴത്തിൽ പതിയുന്ന അനുഭവങ്ങളോ കാഴ്ചകളോ ഉപബോധമനസ്സിൽ ഇല്ലാത്തവർക്ക് എന്തു സ്വപ്നം?

രണ്ടാംകാലത്തിലേക്കു പറന്നിറങ്ങുന്നതും ഒരു രാത്രിയിലാണ്. ലക്ഷ്യമടുത്തു എന്ന അറിയിപ്പുകേട്ട് ജനലിലൂടേ നോക്കിയപ്പോൾ അതിനു മുൻപ് കഴിഞ്ഞുപോയ പതിമൂന്ന് മണിക്കൂറോളം നീണ്ട അലച്ചിലും സംഘർഷാവസ്ഥയും കാരണം ഏതാണ്ട് അർദ്ധബോധാവസ്ഥയിൽ ആയിരുന്നതുകൊണ്ടോ ജീവിതത്തിൽ ആദ്യത്തെ അനുഭവമായിരുന്നതു കൊണ്ടോ ആകാം തലകീഴായാണോ പറക്കുന്നത് എന്നൊരു വിഭ്രാന്തി ഉണ്ടായത്. മേഘങ്ങളിൽ നിന്നും നക്ഷത്രങ്ങൾക്കിടയിലേക്ക് പറന്നിറങ്ങി നിലം തൊട്ടപ്പോൾ കാര്യങ്ങളും കാഴ്ചകളും ശരിയായി ബോധത്തിലേക്കുവന്നു. തൊണ്ണൂറ്റി എട്ടിലെ ആ മാർച്ച്മാസരാത്രിയിൽ നാട്ടിലെ കടുംവേണലിൽ നിന്നും ദുബായിലെ മഞ്ഞുകാലത്തിലേക്ക് കൌതുകത്തോടെ കാലെടുത്തുവച്ചു.

വീട്,സ്കൂൾ, കോളേജ്, അടുത്തബന്ധുവീടുകൾ എന്നിവക്കപ്പുറം കാഴ്ചകളോ ലോകമോ ഇല്ലാതിരുന്ന എനിക്കു മുന്നിൽ ഇന്ദ്രിയങ്ങൾക്കു മുഴുവനായും പിടിച്ചെടുക്കാൻ കഴിയാത്ത അത്ര അത്ഭുതങ്ങളായിരുന്നു ആ ഷോപ്പിംഗ് ഫെസ്റ്റിവൽ സീസൺ ഒരുക്കിവച്ചിരുന്നത്. പുതിയ ആളുകൾ, കാഴ്ചകൾ, അനുഭവങ്ങൾ, രുചികൾ. കലണ്ടറിലോ പോസ്റ്റ്കാർഡുകളിലോ മാത്രം കണ്ടിട്ടുള്ള ഭംഗിയും കൌതുകവും ഉള്ള പൂക്കളും വാസ്തുശില്പമാതൃകകളും ചുറ്റിലും ഉണ്ടായിരുന്നിട്ടും ഇഷ്ടം മുഴുവൻ പകലിനോടായിരുന്നില്ല, അറബിക്കഥകളെ ഓർമ്മിപ്പിച്ച് ആകാശത്തും ഭൂമിയിലും വായുവിലും മരങ്ങളിലും കടലിലുമെല്ലാം നക്ഷത്രങ്ങളുമായി നിൽക്കുന്ന രാത്രിയോടായിരുന്നു. എല്ലവരും ഉറങ്ങിയാലും വലിയ കണ്ണാടിജനലിനടുത്തു നിന്ന് കർട്ടൻ മാറ്റി കൊതിയോടെ രാത്രിക്കാഴ്ചകളും സൂര്യോദയവും കണ്ട് വെളിച്ചമുദിച്ചാൽ മാത്രം കിടന്നുറങ്ങും.

ദുബായിലെ ആ പതിനഞ്ചുദിവസങ്ങൾ പെട്ടെന്നുതീർന്നുപോയി. പിന്നീട് അബുദാബിയിലെ ഒരു അതിർത്തിഗ്രാമത്തിലേക്ക്. പട്ടണത്തിൽ നിന്നും നാനൂറ്റമ്പത് കിലോമീറ്റർ അകലെയായി തികച്ചും അവികസിതമായൊരു ഗ്രാമപ്രദേശം. നഗരവാസികൾക്ക് കണ്ടാൽ ഇങ്ങനെയൊരുസ്ഥലം യു.എ.ഇയിൽ ആരെങ്കിലും തെറ്റിക്കൊണ്ടിട്ടതോ അല്ലെങ്കിൽ താനേയത് വഴിതെറ്റിവന്ന് അവിടെ ഇരിപ്പുറപ്പിച്ചതോ ആണെന്ന് തോന്നും. ജനസാന്ദ്രത തീരെക്കുറവ്. കെട്ടിടങ്ങളുമതേ. മൂന്നുവശത്തും പൂഴിപുതഞ്ഞ റോഡിനുനടുവിലെ വില്ലയിൽ രാത്രി മറ്റൊരു അനുഭവം ആയിരുന്നു. അവയില്ലായിരുന്നു എങ്കിൽ ഒരുപക്ഷേ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമായി എനിക്കുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ആന്തരികലോക്കം ഒരിക്കലും ഉണരില്ലായിരുന്നു.

ആദ്യമൊക്കെ രാത്രി ഉണർച്ചകൾ കഴിഞ്ഞനാളുകളിലെ ശീലങ്ങളുടെ ആവർത്തനമായിരുന്നു. രാവിലെ ആറുമണിക്ക് അദ്ദേഹം ജോലിക്കുപോയിക്കഴിഞ്ഞാൽ പിന്നെ ഒന്നോ രണ്ടോ മണിക്കൂറിനകത്ത് ഒരു ദിവസത്തേക്കുള്ള ജോലികൾ മുഴുവൻ ഒതുങ്ങിത്തീരും. ടിവിയിലും കാര്യമായി കാണാൻ ഒന്നുമില്ല. വീടിന്റെ മുൻവാതിൽ തുറന്നാൽ വീട്ടുടമസ്ഥരായ കാട്ടറബികളുടെ വില്ലയാണ്. പകലുറക്കവും രാത്രിസൽക്കാരങ്ങളുമായി കഴിയുന്ന അവരുടെ വീട്ടുമുറ്റത്ത് പകൽ അനക്കമൊന്നും കാണില്ല. വല്ലപ്പോഴും കുഞ്ഞുങ്ങളെ എടുത്ത് നടക്കുന്ന വീട്ടുജോലിക്കാരികളെ കാണാം. കിടപ്പുമുറിയുടെ ജനൽക്കാഴ്ചകൾ വെള്ളാമ്പിച്ച പൂഴിപുതഞ്ഞ കുഞ്ഞ് ഇടവഴിയിലൂടേ തൊട്ടപ്പുറത്തെ മതിലിൽ തട്ടി നിൽക്കും. പിന്നെ ആകെ ചെയ്യാനുള്ളത് ഉറങ്ങൽ മാത്രമായതുകൊണ്ട് സ്വാഭാവികമായും രാത്രിയിൽ ഉണർന്നിരിക്കാൻ തുടങ്ങി.

ആദ്യമൊക്കെ മുറ്റത്തിറങ്ങി നിലാവ് ഓരോദിവസവും ഉതിർക്കുന്ന നിറങ്ങളിലെ വ്യത്യസ്തതകൾ കണ്ടുപിടിക്കൽ, നൂറ്റാണ്ടുകളോളം പഴക്കമുണ്ടായിരിക്കാൻ സാധ്യതയുള്ള വന്മരങ്ങളുടെ നിഴലുകളിൽ ഒളിച്ചിരിക്കുന്ന രൂപങ്ങളെ കണ്ടെടുക്കൽ എന്നീകലാപരിപാടികളായിരുന്നു പതിവ്.പകലെല്ലാം കിണറ്റിലെ അടിമണ്ണുപോലെ വിളർത്ത് ചൈതന്യമില്ലാതെ കിടക്കുന്ന വെളുത്തമണ്ണ് രാത്രിയിൽ മറ്റൊന്നായി മാറും. നിലാവിന്റെ വെള്ളിനിറത്തെയത് സ്വർണ്ണമഞ്ഞയും ചുവപ്പും തുരിശുപച്ചയും ഇടകലർന്ന അനേകം വർണ്ണങ്ങളാക്കി ഇരട്ടിച്ച് പ്രതിഫലിപ്പിക്കും. അസ്തമയാകാശത്തോളം നിറപ്പകിട്ടുള്ള എത്രശ്രമിച്ചാലും അപ്രാപ്യവും ദുരൂഹവുമായ എന്തൊക്കെയോ ഉള്ളിലൊളിപ്പിക്കുന്ന മൺകടൽ. അമാവാസിനാളുകളിൽ കഴിഞ്ഞുപോയതും വരാനിരിക്കുന്നതും ആയ ജന്മങ്ങളിൽ നിന്നും ആരൊക്കെയോ അടുത്തുവരാൻ കഴിയാതെ നിസ്സഹായരായി ഇരുളിൽ നിൽക്കുന്നതായി സങ്കൽപ്പിച്ച് വെറുതേ ഇരുന്നു കരയും. പിന്നീട് അയൽക്കാരാണ് കാട്ടറബികളും, വർഷങ്ങളായി നാടും വിടും കാണതെ അലഞ്ഞുനടക്കുന്ന പഠാണികളും ബംഗാളികളും വിഹരിക്കുന്നിടത്തുള്ള എന്റെ രാത്രിസഞ്ചാരത്തിന്റെ അപകടം ബോധ്യപ്പെടുത്തി തന്നത്.

അതോടെ ആ പതിവ് നിന്നുപോയി. ഒരാൾ ഉറങ്ങിക്കിടക്കുന്നതിന് അടുത്ത് ഇങ്ങനെ ഉണർന്നിരിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. ടി.വി. കിടപ്പുമുറിയിൽ തന്നെ ആയതുകൊണ്ട് ആ വഴിക്ക് നേരം കളയാനും പറ്റില്ല. അല്ലെങ്കിലും ചെവിപൊട്ടുന്ന ഒച്ചയിലല്ലെങ്കിൽ ടിവി വയ്ക്കാൻ വല്യ താല്പര്യവും ഇല്ല. അങ്ങനെയാണ് രാത്രികളിൽ അപ്പുറത്തെ മുറിയിലേക്ക് കടക്കുന്നത്. അന്നൊന്നും വായനാശീലം ഇല്ല. പുസ്തകങ്ങളും കിട്ടാനില്ല. മാസങ്ങളോളം ഒന്നും ചെയ്യാതെ ലൈറ്റ് പോലും ഇടാതെ ഇരുട്ടിലേക്ക് വെറുതേ തുറിച്ചു നോക്കിയിരുന്ന് രാത്രിയുടെ നീളം ശരിക്ക് അനുഭവിച്ചറിഞ്ഞ് നേരം വെളുപ്പിച്ചു. വല്ലാത്ത ഒരു മാനസികാവസ്ഥയാണ് അന്നൊക്കെ. ഇതെന്തൊരു ജീവിതം എന്ന ഭീതി.എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടുകളയാൻ തോന്നും ഇടക്ക്. പക്ഷേ എന്തിൽ നിന്നും എന്തിലേക്ക് എന്ന ചോദ്യത്തിനു ഉത്തരം ഇല്ലല്ലോ.

ചെറുപ്പത്തിലെ ഒരേയൊരു ആശ്വാസമായിരുന്ന ഒറ്റക്കിരുന്ന് സംസാരിക്കൽ പുനരാരംഭിച്ചതോടെ ആ അവസ്ഥ മാറിത്തുടങ്ങി. ഓരോരുത്തരും ഓരോ പ്രപഞ്ചമാണെന്നു പറയുന്നതിലെ വാസ്തവം അപ്പോളാണു മനസ്സിലായിത്തുടങ്ങിയത്. എത്രയോ ജന്മങ്ങളും കഥാപാത്രങ്ങളും ഭൂഖണ്ഠങ്ങളുമാണ് ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്നത്. ചുറ്റുമുള്ളതെല്ലാം ഉറക്കമായാൽ അലീസ് പതിയെ മുയൽക്കുഴിയിലേക്ക് നൂഴ്ന്നിറങ്ങും. അതോടെ ഓരോരുത്തരായി ഇരുളിലേക്ക് ഇറങ്ങിവരും. നൃത്തം ,പ്രണയം, രതി എല്ലാതിലും മനുഷ്യപരിമിതികളെ മുഴുവൻ ലംഘിച്ചുകൊണ്ട് ഞങ്ങൾ ഒന്നിച്ച് കടൽക്കരകളിലൂടെ വൻകരകൾ ചാടിക്കടക്കും, നക്ഷത്രങ്ങളെയും സുന്ദരന്മാരായ ജിന്നുകളേയും കാഴ്ചക്കാരാക്കി പീഠഭൂമികളിൽ നൃത്തമാടും. മരുഭൂമികളുടെ വിശാലതയിൽ തട്ടുകളായി കിടക്കുന്ന മണൽപ്പർവ്വതങ്ങളുടെ വടിവുകളിൽ നഗ്നരായിക്കിടന്ന് നിലാവാസ്വദിക്കും. സൂര്യന്റെ ആദ്യകിരണം നിലംതൊടുമ്പോൾ മനസ്സില്ലാമനസ്സോടെ എല്ലാവരോടും യാത്രചോദിച്ച് രാജകുമാരി വീണ്ടും സിൻഡ്രല്ലയായി ചിമ്മിനിപ്പുരയിലേക്ക് മടങ്ങും.

മെഴുകുതിരി കത്തിച്ചുവച്ച് ഡയറിയെഴുതാൻ തുടങ്ങിയതും ഈ കാലത്താണ്. വീടും കോളേജും പൊട്ടൻകളിയും മാത്രമായി നടന്നിരുന്നവൾ ജീവിതമറിഞ്ഞുതുടങ്ങിയ നാളുകൾ ആണല്ലോ. ജീവിതമെന്നു പറയുന്നത് ഇത്രയ്ക്കും ഭാരിച്ചതും വൃത്തികെട്ടതുമായ ഉത്തരവാദിത്തം നിറഞ്ഞ ഏർപ്പാടാണെന്നും, എനിക്കതിൽ നിന്നും ഒഴിഞ്ഞുമാറാൻ ആകില്ലെന്നും ഉള്ളതിനെ ഉൾക്കൊള്ളാൻ എളുപ്പമല്ലായിരുന്നു. വികാരങ്ങളെ മറ്റുള്ളവർക്കുമുന്നിൽ പ്രകടിപ്പിക്കുന്നതു ശീലമോ ഇഷ്ടമോ അല്ല.എല്ലാം ഉള്ളിലൊതുക്കി കരിങ്കൽ മുഖത്തോടെ നിൽക്കുമ്പോൾ ഇന്നുരാത്രി ഡയറി തുറന്നുവച്ച് ഉറക്കെ പൊട്ടിത്തെറിക്കും പൊട്ടിക്കരയും എന്നെല്ലാം മനസ്സിലങ്ങുറപ്പിക്കും. രാത്രികളുണ്ടോ എന്നെ കരയാനും പരിഭവിക്കാനും സമ്മതിക്കുന്നു. എന്റെ ഡയറികലെല്ലാം എന്നും ഉന്മാദിനിയുടെ നുണപ്പുസ്തകമായിത്തന്നെ ഇരുന്നു. ഞാൻ പോലും വായിക്കാത്ത പുസ്തകങ്ങൾ ഇരുളിൽ ഇരുന്നു പെരുകി.

“ഉച്ചരിക്കുന്ന ഓരോ വാക്കും നമ്മെ ചതിക്കുകയാണ്. സത്യമായ ആത്മപ്രകശനം എന്നത് എഴുതപ്പെട്ട വാക്കുകളാണ്” എന്ന പെസോഅ വചനം എത്രശരി. എന്നോ ഒരിക്കൽ എഴുതിവച്ചവയിൽ ചിലതെല്ലാം എടുത്ത് വായിച്ചു നോക്കിയപ്പോഴാണ് എന്റെ ചിന്തകളിൽ ഞാൻ വന്നു നിറഞ്ഞത്. ലോകം മുഴുവൻ അറിഞ്ഞില്ലെങ്കിലും സാരമില്ല, പക്ഷേ ഞാൻ സ്വയം കണ്ടെടുത്തിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു എന്ന ചോദ്യം ശരിക്കും ഭയപ്പെടുത്തുന്നുണ്ട് ഇപ്പോഴും. മറ്റാർക്കൊക്കെയോ വേണ്ടി ആരൊക്കെയോ എഴുതിയിട്ട നിയമാവലികളുടെ ചരടുവലികൾക്കൊത്ത് ജീവിക്കാൻ സ്വയം പാകപ്പെടുത്തിയ ഒരുവളിൽ നിന്നും എത്രയോ വ്യത്യസ്തയാണ് രാത്രികളിൽ ഉണർന്നിരിക്കുന്നവൾ. ഒടുവിൽ ശരിയായവൾ പാകപ്പെടുത്തിയെടുത്തവളെ അതിജീവിക്കുക തന്നെ ചെയ്തു. അതൊരു വലിയ യാത്രയുടെ തുടക്കമായിരുന്നു. പകൽ മുഴുവൻ ഞാൻ രാത്രികൾക്കായി അക്ഷമയോടെ കാത്തിരിക്കുവാൻ തുടങ്ങി. ഒരുകാര്യവും ഇല്ലാഞ്ഞിട്ടും ആ കാത്തിരിപ്പിൽ അവിഹിതമായൊരു കുറ്റബോധത്തിന്റെ നിഗൂഢസന്തോഷവും കലർന്നുതുടങ്ങി. ഒഴിവുദിവസങ്ങളിൽ അഥിതികളെത്തി ഇരിപ്പുമുറി കയ്യേറുന്ന രാത്രികളിൽ ഞാൻ അസ്വസ്ഥയായി ആരും കാണാതെ കരഞ്ഞു. ഇരുളിൽ കാത്തുനിൽക്കുന്നവർ എന്നേക്കുമായി പിണങ്ങിപ്പോകുമോ എന്നു ഭയന്നു. രാവിലെ എഴുന്നേറ്റ് ചായ ഉണ്ടാക്കുമ്പോൾ അതിൽ വിഷം കലർത്തി എല്ലാവരേയും കൊന്നുകളഞ്ഞാലോ എന്നുവരെ പലപ്പോഴും ചിന്തിച്ചുപോയിട്ടുണ്ട്.

താൻ സൃഷ്ടിച്ച റോബോട്ട് കൈപ്പിടിയിലൊതുങ്ങാതെ ലോകം മുഴുവൻ നശിപ്പിക്കുന്ന സത്വമായി മാരുന്നതും നോക്കി നിസ്സഹായനായി നിൽക്കേണ്ടിവന്ന ശാസ്ത്രജ്ഞന്റെ കഥ വായിച്ചതോർക്കുന്നു. ഒരുപക്ഷേ മനുഷ്യമനസ്സിനെ നിർമ്മിച്ചുകഴിഞ്ഞപ്പോൾ പടച്ചവനും ഈ അപകടസാധ്യത മണത്തിരുന്നിരിക്കണം. വേദങ്ങളും നിയമസംഹിതകളും നൽകി മനുഷ്യപ്രവർത്തനങ്ങളെ നിയന്ത്രിച്ചതുപോലെ മറ്റൊരു കുതന്ത്രമല്ലേ മനുഷ്യജീവിതത്തിൽനിന്നും രാത്രികളെ അടർത്തിമാറ്റിയതും. ഏതുപകലിനാണ് രാത്രിയോളം ആസ്വാദ്യത ഉള്ളത്? രാത്രി വിരുന്നുകളുടെയോ ഉത്സവങ്ങളുടെയോ ഹരം പകൽ സൽക്കാരങ്ങൾക്കോ മേളങ്ങൾക്കോ ഉണ്ടോ?രാത്രി ചിന്തകളുടെ തീക്ഷ്ണത പകൽചിന്തകൾക്കുണ്ടോ? രാത്രിവായനയുടെ ലഹരി പകൽ വായനക്കു ഒരിക്കലും കിട്ടില്ല, വായിക്കാൻ താൻ രാത്രികളാണ് തെരഞ്ഞെടുക്കാറുള്ളതെന്ന് റിൽക്കേയും പറഞ്ഞിട്ടുണ്ട്. പകൽ ഓരോ കാഴ്ചക്കും തന്റേതായ രൂപവും നിർവചനവുമിടുന്നുണ്ട്.രാത്രിയിലാകട്ടെ കാഴ്ചകളും രൂപങ്ങളുമെല്ലാം കാഴ്ചക്കാരന്റെ മാത്രം തീരുമാനവും അവകാശവുമാകുന്നു. ബാഷോക്കവിതയിലേതുപോലെ മുകളിലും താഴെയും ലഹരി നിറയുകയും, മങ്ങിയ കടൽപ്പതക്കുമുകളിലൂടെ ആകാശഗംഗ ദ്വീപുകളിലേക്കോടിയെത്തുകയും ചെയ്യുന്ന നേരം. മദ്യത്തിനും മരുന്നിനും വിഷത്തിനും വീര്യം കൂടുന്നനേരം. എന്നിട്ടും സാധാരണക്കാർ രതിക്കപ്പുറം മറ്റൊന്നും രാത്രികളിൽ ആഘോഷിക്കാൻ മെനക്കെടുന്നില്ല. സൈബർയുഗത്തിനും മുൻപ് രാത്രിയുടെ കൂട്ടുകാരായിരുന്നവർ കലാകാരന്മാർ എഴുത്തുകാർ തുടങ്ങിയവരും കള്ളന്മാരും അഭിസാരികകളും ഉൾപ്പെടുന്ന സാമൂഹ്യവിരുദ്ധരും ആയിരുന്നിരിക്കണം. അതുകൊണ്ടുതന്നെയാകാം സാധാരണ മനുഷ്യരുടെ ശീലങ്ങളുമായി അവരൊത്തുപോകാതിരുന്നതും. രാത്രിയുടെ ആത്മാവറിഞ്ഞവക്ക് ഒരിക്കലും പകൽ ലോകത്തിന്റെ നിയമാവലികളിലൂടെ ചലിക്കാൻ ആകില്ല.

ഞാനുമതേ മാറിപ്പോവുകയായിരുന്നു. ഒരേസമയം ആനന്ദിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന മാറ്റം. ചുറ്റുമുള്ളവരുടെ വേദനയും അസ്വസ്ഥതയും എനിക്കു മനസ്സിലാകുന്നുണ്ടായിരുന്നു. പ്രിയപ്പെട്ടവരെല്ലാം എന്നിൽ നിന്നും അകന്ന് എങ്ങോട്ടോപോയി. മുന്നിൽ നീണ്ടുകിടക്കുന്ന കടലിനെ താണ്ടാൻ ഇരു കൂട്ടർക്കും ആകുന്നില്ലായിരുന്നു. അജ്ഞാതമായ ഏതോ ബന്ധങ്ങൾ മാത്രം ഇരു കരകളേയും വേർപെടാതെ നിർത്തി. എനിക്കെന്റെ ഏകാകിതയിൽ നിന്നും പുറത്തുകടക്കാൻ കഴിയില്ലായിരുന്നു. മറ്റുള്ളവരെ സങ്കടപ്പെടുത്താതിരിക്കാൻ വേണ്ടിയെങ്കിലും ഞാൻ അതിൽ നിന്നും പുറത്തുകടന്നാൽ സ്വയം ഇല്ലാതായിപ്പോകും എന്നു ഞാൻ ഭയന്നിരുന്നു.

പെസോഅയുടെ “ബുക് ഓഫ് ഡിസ്ക്വയറ്റ്“ ഓരോ ഏകാകിയുടേയും ഓരോ ഒറ്റപ്പെടലിന്റേയും പുസ്തകമായി കൂട്ടാം. സഹകരിക്കുമ്പോൾ സങ്കോചിക്കുന്നതായും ,കൂട്ടുചേരുമ്പോൾ മരിക്കുന്നതായും എനിക്കും തോന്നാൻ തുടങ്ങി. മായാരൂപികളും ഭാവനയിലുള്ളവരുമായ സുഹൃത്തുക്കളുമായി സ്വപ്നത്തിൽ ഞാൻ നടത്തുന്ന സംഭാഷണങ്ങളിൽ എന്റെ ധിഷണയും കണ്ണാടിയിൽ പ്രതിബിംബമെന്നപോലെ തുടിക്കുകയും യഥാർത്ഥജീവിതത്തിൽ ആളുകളുമായി ഇടപെടേണ്ടി വരുമ്പോൾ എന്റെ ബുദ്ധിക്കും മന്ദത അനുഭവപ്പെടാനും നാക്കിറങ്ങിപ്പോകാനും ശരീരം തളർന്നുപോകാനും തുടങ്ങി. സാമൂഹികമായ ഉത്തരവാദിത്തങ്ങളും കൂടിച്ചേരലുകളും എന്നെയും ഭയപ്പെടുത്തിത്തുടങ്ങി.

വർഷങ്ങൾക്കുശേഷം അമ്മയായപ്പോഴും കുഞ്ഞുങ്ങളുണർന്നിരിക്കുന്ന രാത്രികളിൽ നഷ്ടപ്പെടുന്ന ഉറക്കത്തെക്കുറിച്ചല്ലായിരുന്നു വേവലാതി. കുഞ്ഞുങ്ങൾക്കൊപ്പം ഇരുന്ന് മാതൃത്വത്തിന്റെ നിർവൃതിയുള്ള പുതിയൊരു കാൽപ്പനികലോകം തീർക്കാനുള്ള ശ്രമങ്ങളൊന്നും നടന്നില്ല. രാത്രികളിൽ എനിക്കുവേണ്ടത് എന്നെമാത്രമായിരുന്നു, എന്റെ മാത്രം ആ മായാലോകവും, ആറാമിന്ദ്രിയം കൊണ്ടു അനുഭവിച്ചിരുന്ന ആനന്ദമൂർച്ഛകളുമായിരുന്നു. മാതൃത്വത്തിൽ മാത്രം ആനന്ദം കണ്ടെത്തുന്ന മഹനീയയായ അമ്മയല്ല, തനി സ്വാർത്ഥയായ സ്ത്രീയായിരുന്നു ഞാൻ. അമ്മയായതോടെ പകലുറക്കം എന്നത് ഒരിക്കലും നടക്കാത്ത സ്വപ്നമായിത്തീർന്നു. അന്യനാട്ടിൽ ആരും സഹായത്തിനില്ലാതെ രണ്ടുവയസ്സിന്റെ മാത്രം പ്രായവ്യത്യാസമുള്ള രണ്ട് കുഞ്ഞുങ്ങളുമായി പുലർച്ചമുതൽ രാത്രിവരെയുള്ള തിരക്കുകൾക്കിടയിലും ഞാൻ കൊതിച്ചത് ഉറക്കമോ വിശ്രമമോ അല്ല, ഉണർച്ചകളായിരുന്നു. എല്ലാവരും ഉറങ്ങിയെന്നുകരുതി പതിയെ എഴുന്നേൽക്കാൻ നോക്കുമ്പോളാവും അമ്മയുടെ ചൂടുമാറിയതിൽ പ്രതിഷേധിച്ച് കുഞ്ഞുങ്ങളിൽ ആരെങ്കിലും ഉണർന്നു ബഹളം വച്ച് മുഴുവൻ ആളുകളുടേയും ഉറക്കം കളയുക. അതോടെ എല്ലാവരുടെയും ഉറക്കവും എന്റെ ആരോഗ്യവും ഇല്ലാതാക്കുന്ന രാത്രിസഞ്ചാരം നിറുത്തിക്കളയാൻ കർശനമായ ഉത്തരവിറങ്ങി. എന്നിട്ടും ആരും കാണാതെ ഞാൻ പലപ്പോഴും ഇത്തിരി രാത്രികളെ കട്ടെടുത്തു തുടങ്ങി.

ആളനക്കം കുറഞ്ഞുതുടങ്ങി. ആരൊക്കെയോ എന്നെ ഉപേക്ഷിച്ചുപോയി. ആരോടൊക്കെയോ ഞാനും പിണങ്ങി. അപ്പോഴേക്കും ഒരേ ഒരാളാണ് എന്റെ രാത്രികളുടെയെല്ലാം അവകാശിയെന്ന് മനസ്സ് പറഞ്ഞുതുടങ്ങി. ആ ഒരാളെ കരഞ്ഞുകൊണ്ട് കാത്തിരിക്കാൻ ആ ഇത്തിരിസമയം തികയാതെയായി.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക്. ജീവിതത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക്. അപ്പോഴേക്കും എന്റെ രാത്രികളുടെ അവകാശിയെ ഞാൻ കണ്ടെത്തിക്കഴിഞ്ഞിരുന്നു. ഏവരും ഉറങ്ങിയാൽ ഒരേ വൻകരയുടെ ഇരുഭാഗങ്ങളിൽ ഇരുന്ന് ഞങ്ങൾ പലപ്പോഴും വെളുക്കുവോളം സംസാരിച്ചു. രാത്രികൾ വീണ്ടും ഉന്മാദം നിറഞ്ഞതായി. എന്നാൽ ഒരു ജീവിതവും പ്രത്യേകിച്ച് പെൺജീവിതങ്ങൾ ഒരിക്കലും ജീവിച്ചുതീർക്കുന്നവരുടെ സ്വന്തം അല്ലല്ലോ. ജീവിച്ചുകൊണ്ടിരിക്കുന്നത് മറ്റാരുടെയോ ജീവിതമാണെന്നും സ്വന്തം ജീവിതം എവിടെയോ കൈവിട്ടു കിടപ്പുണ്ടെന്നും ഉള്ള തിരിച്ചറിവ് ശക്തമാകുന്ന മുപ്പതുകളുടെ നിസ്സഹായതയിലും ഉത്തരവാദിത്തങ്ങളിലുമാണ് ഞാനിന്ന്. ആ ഉത്തരവാദിത്ത്വങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്തതുകൊണ്ട് രാത്രിജീവിതം പാടേ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ആലീസ് ഉറക്കമുണർന്നു നടന്നു തുടങ്ങിയിരിക്കുന്നു. യാതൊരുവിധ പിൻനോട്ടത്തിനും സാധ്യതയില്ലാത്ത നടത്തം. അല്പം കഴിഞ്ഞാൽ ,ഉറക്കത്തിന്റെ ആഴങ്ങളിലെന്നോ കണ്ട, ഉണർച്ചയുടെ പടിവരെ വന്നിട്ട് എത്രശ്രമിച്ചാലും ഓർത്തെടുക്കാൻ കഴിയാത്തവണ്ണം മറവിയുടെ ആഴങ്ങളിലേക്ക് തിരികെ ഓടിപ്പൊയൊരു നിഗൂഢസ്വപ്നം പോലെ ഞാൻ എന്റെയാ പഴയ രാത്രികളെ മറന്നുപോയേക്കാം. ഇപ്പോൾ രാത്രിയെന്നത് വീണ്ടും രണ്ട് പകലുകൾക്ക് നടുവിലെ ശൂന്യതമാത്രം ആയിത്തീർന്നിരിക്കുന്നു. നിലനിൽക്കുന്നു എന്നതിനു തെളിവുകൾ അവശേഷിപ്പിക്കാൻ വേണ്ടിമാത്രമെന്നോണം നിശ്ചലദൃശ്യങ്ങലെ കോർത്തിണക്കി ചലച്ചിത്രമോടിച്ചുകൊണ്ടിരിക്കുന്ന വിടവുകൾ.

19 comments:

ആഗ്നേയ said...

രാത്രിയുടെ ആത്മാവറിഞ്ഞവക്ക് ഒരിക്കലും പകൽ ലോകത്തിന്റെ നിയമാവലികളിലൂടെ ചലിക്കാൻ ആകില്ല.ഉത്തരവാദിത്ത്വങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്തതുകൊണ്ട് രാത്രിജീവിതം പാടേ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ആലീസ് ഉറക്കമുണർന്നു നടന്നു തുടങ്ങിയിരിക്കുന്നു. യാതൊരുവിധ പിൻനോട്ടത്തിനും സാധ്യതയില്ലാത്ത നടത്തം. അല്പം കഴിഞ്ഞാൽ ,ഉറക്കത്തിന്റെ ആഴങ്ങളിലെന്നോ കണ്ട, ഉണർച്ചയുടെ പടിവരെ വന്നിട്ട് എത്രശ്രമിച്ചാലും ഓർത്തെടുക്കാൻ കഴിയാത്തവണ്ണം മറവിയുടെ ആഴങ്ങളിലേക്ക് തിരികെ ഓടിപ്പൊയൊരു നിഗൂഢസ്വപ്നം പോലെ ഞാൻ എന്റെയാ പഴയ രാത്രികളെ മറന്നുപോയേക്കാം. ഇപ്പോൾ രാത്രിയെന്നത് വീണ്ടും രണ്ട് പകലുകൾക്ക് നടുവിലെ ശൂന്യതമാത്രം ആയിത്തീർന്നിരിക്കുന്നു. നിലനിൽക്കുന്നു എന്നതിനു തെളിവുകൾ അവശേഷിപ്പിക്കാൻ വേണ്ടിമാത്രമെന്നോണം നിശ്ചലദൃശ്യങ്ങലെ കോർത്തിണക്കി ചലച്ചിത്രമോടിച്ചുകൊണ്ടിരിക്കുന്ന വിടവുകൾ.

ചേച്ചിപ്പെണ്ണ്‍ said...

ഉറക്കത്തിന്റെ ആഴങ്ങളിലെന്നോ കണ്ട, ഉണർച്ചയുടെ പടിവരെ വന്നിട്ട് എത്രശ്രമിച്ചാലും ഓർത്തെടുക്കാൻ കഴിയാത്തവണ്ണം മറവിയുടെ ആഴങ്ങളിലേക്ക് തിരികെ ഓടിപ്പൊയൊരു നിഗൂഢസ്വപ്നം പോലെ ഞാൻ എന്റെയാ പഴയ രാത്രികളെ മറന്നുപോയേക്കാം. ഇപ്പോൾ രാത്രിയെന്നത് വീണ്ടും രണ്ട് പകലുകൾക്ക് നടുവിലെ ശൂന്യതമാത്രം ആയിത്തീർന്നിരിക്കുന്നു. നിലനിൽക്കുന്നു എന്നതിനു തെളിവുകൾ അവശേഷിപ്പിക്കാൻ വേണ്ടിമാത്രമെന്നോണം നിശ്ചലദൃശ്യങ്ങലെ കോർത്തിണക്കി ചലച്ചിത്രമോടിച്ചുകൊണ്ടിരിക്കുന്ന വിടവുകൾ. ...

അസാധ്യമായ എഴുത്ത് ഫെമി .. ഭാഷയുടെ അത് ഉപയോഗിച്ചതിന്റെ സൗന്ദര്യവും പറയാതെ വയ്യ .. നന്ദി ഈ എഴുത്തിനു .. വിരലുകള്‍ക്ക് ഉമ്മ .

Manoraj said...

നല്ല എഴുത്ത് ഫെമി. തീരെ മുഷിയാതെ വായിച്ചു. എനിക്കിഷ്ടമായത് 19 വയസ്സുവരെയുള്ള ആദിപര്‍വ്വം ആണ്. വളരെ തീക്ഷ്ണമായ രീതിയില്‍ ഫെമി അത് എഴുതുകയും ചെയ്തു.

jaya said...

ഒന്നോ രണ്ടോ തവണ ആഴത്തില്‍ ശ്വസിക്കാനോ, രാവിന്റെ ദൃശ്യവും ശബ്ദവും അറിയാനോ ഭാഗ്യമുണ്ടായ സ്ത്രീകളുടെ ആകുലതകള്‍ . ഒരിക്കലെങ്കിലും , ജനലില്‍ കൂടെയെന്കിലും കാണുന്നതെ ഭാഗ്യമായി കരുതണം.

Unknown said...

ഫെമീ ..ഇഷ്ടപ്പെട്ടു..നാല് പേര്‍ താമസിക്കുന്ന സ്റ്റുഡിയോ ഫ്ലാറ്റില്‍ പത്തുമണിക്ക് ലൈറ്റ്‌ കെടുത്തുമ്പോള്‍ പുസ്തകവും ഡയറിയും എടുത്ത് റൂഫില്‍ കുടിയേറാറുള്ള ഒരു കാലഘട്ടം ഓര്‍മ്മ വന്നു..അഭിനന്ദനങള്‍ ഈ എഴുത്തിന്..എന്ന് അന്നത്തെയും ഇന്നത്തെയും എന്നത്തെയും ഒരു രാത്രി പ്രേമി..

ജയന്‍

സ്വപ്നാടകന്‍ said...

കൊള്ളാം..ഇഷ്ടപ്പെട്ടു..ഇടയ്ക്കെവിടെയൊക്കെയോ കോമ ഇല്ലാത്തത് കാരണം ആശയം മനസ്സിലാക്കാൻ ബുദ്ധിമുട്ടി..

vayal said...

മായ്ച്ചു കളയപ്പെടുന്ന വാക്കുകള്‍ എന്നാ ധാരണയില്‍ തന്നെ എഴുതാതിരിക്കാന്‍ ആവാത്തത് കൊണ്ടും രാത്രിയെ,അപരന്റെ ഏകാന്തതയെ ഉപാധികളില്ലാതെ അംഗീകരിക്കുന്ന സുഹൃത്തായി കരുതുന്നത് കൊണ്ടും പ്രതികരിക്കേണ്ടി വരുന്നു.ഏകാന്തതയുടെ രുചിയും മണവും നിര്മമതയും ഈ എഴുത്തില്‍ ഉള്ളത് കൊണ്ട് തന്നെ മറ്റൊരു രാത്രിഞ്ചരന്റെ വാക്കുകള്‍ ആയി എടുത്താല്‍ മതി.....ജീവിതത്തില്‍ തെറ്റിദ്ധരിക്കപ്പെടുന്നവര്‍ക്കും ഒറ്റപ്പെടുന്നവര്‍ക്കും രാത്രി ആശ്വാസകരം ആണ്...മറ്റുള്ളവരാകാനുള്ള ഓരോ യത്നവും അപകടകരമാം വിധം പരിഹാസ്യം ആയിരിക്കുമെന്ന ചിന്ത എനിക്കിഷ്ടായീ.....ആശംസകള്‍.....

yousufpa said...

ഒരു നല്ല വായനയുടെ ആത്മാവിനെ ഞാൻ കണ്ടെടുത്തു ഈ വായനയിലൂടെ, വൈകിയാണെങ്കിലും. എന്തേ ഇനിയും എഴുതുന്നില്ല...?

Manickethaar said...

ഇഷ്ടപ്പെട്ടു...ആശംസകള്‍.....

Anonymous said...

ഉറക്കത്തിന്റെ വില ഉറക്കാമില്ലാത്തവര്‍ക്കെ പറഞ്ഞു തരാന്‍ കഴിയൂ .

നിലാവ്‌ said...

റുവൈസ്-ഗയാത്തി റോഡിൽ ടാങ്കർ ലോറിക്കടിയിൽ പെട്ട് ചതഞ്ഞ ഒരു പാകിസ്താനിയുടെ കാറും അതിൽനിന്നും ഒഴുകിയിറങ്ങുന്ന് ചോരയും ഇപ്പോഴും മനസ്സിൽ നിന്നും മായുന്നില്ല..പിന്നീട് രാത്രികളിൽ ആ വഴിക്കു പോകുമ്പോൽ ഒരു പ്രേതവഴിയിലൂടെ സഞ്ചരിക്കുന്ന ഭീതിയായിരുന്നു..

Arif Zain said...

ഇരുണ്ടതും വരണ്ടതുമായ ഇരുളിന് ഇത്രമാത്രം സൌന്ദര്യവും ഊര്‍ജ്ജവും ഉണ്ടല്ലേ? നിലാവൊഴിഞ്ഞ രാത്രികളെ ഡ്രാക്കുള പ്രഭുവല്ലാതെ ആരും ഇഷ്ടപ്പെടുകയില്ല എന്ന് കരുതിയേടത്തിതാ നിശയുടെ ഒരു കാമുകി; അതും പകലിനെ പറ്റെ വെറുക്കുന്ന ഒരു പെണ്ണ്. ഇരുള്‍ ഒന്നും നല്‍കുന്നില്ല ഭയമാല്ലാതെ എന്ന തോന്നലിന് ഈ പോസ്റോടെ തിരുത്ത് വേണ്ടി വരും എന്ന് തോന്നുന്നു.

kaattu kurinji said...

എഴുത്തിന്റെ സൌന്ദര്യം മാത്രമോ? തുറന്നെഴുത്ത്തിന്റെ ധൈര്യം കൂടെ കാണാന്‍ സാധിച്ചല്ലോ കൂട്ടുകാരി!! പല വാക്കുകളും ഒരു കണ്ണാടി യില്‍ എന്നാ പോലെ ഉള്ളിലേക്ക് പ്രതിഫലിക്കുന്നു.. ശക്തമായ എഴുത്തിനു ആശംസകള്‍.....

Shameem said...

എനിക്കു പരിചയമുള്ള മണ്ണ് റുവൈസ്,നാലുവര്‍ഷം ഞാനുണ്ടായിരുന്നു , ഗയത്തിയില്‍ ഇപ്പോഴും ജ്യേഷ്ടനും കുടുംബവുമുണ്ട് , ഇനിയും എഴുതുക ആശംസകള്‍

ushakumari said...

ഇപ്പോഴാണ് ഫെമിന,ഇതു കാണുന്നത്.. അടഞ്ഞ ലോകത്തെക്കുറിച്ചുള്ള ഉള്ളുചുടുന്ന വാക്കുകള്‍... ഇനിയും എഴുതൂ..ആശംസകള്‍..

Jo जो جو ജോ said...

ഇരുത്തി വായിപ്പിച്ചു കളഞ്ഞു, നന്നായി എഴുതി.

Jo जो جو ജോ said...
This comment has been removed by the author.
ഇസാദ്‌ said...

ഒരുപാട് ഇഷ്ടപ്പെട്ടു . വളരെ നല്ല അവതരണ ശൈലിയും ശക്തവും മനോഹരവുമായ ഭാഷയും. ചില ഭാഗങ്ങൾ വീണ്ടും വീണ്ടും വായിച്ചു.
അസ്സലായി . അഭിനന്ദനങ്ങൾ .. ഇനിയും ഒരുപാട് എഴുതുക.

ഇസാദ്‌ said...

ഒരുപാട് ഇഷ്ടപ്പെട്ടു . വളരെ നല്ല അവതരണ ശൈലിയും ശക്തവും മനോഹരവുമായ ഭാഷയും. ചില ഭാഗങ്ങൾ വീണ്ടും വീണ്ടും വായിച്ചു.
അസ്സലായി . അഭിനന്ദനങ്ങൾ .. ഇനിയും ഒരുപാട് എഴുതുക.