Monday, July 25, 2011

ഭൂമിയെ വായിക്കുമ്പോൾ

നിരന്തരമായ സ്വയം കലഹത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കാത്ത കലകളെല്ലാം വെറും നേരമ്പോക്കുകൾ മാത്രമായി കെട്ടുപോകും എന്നു പറയാറുണ്ട്.തന്റെയുള്ളിലെ, ജീവിതസാക്ഷാത്കാരം നേടാൻ സദാപ്രേരണ നൽകിക്കൊണ്ടിരിക്കുന്ന സദാചാരവാദിയുമായി, ജീവിതത്തിന്റെ ആകസ്മികതകളെക്കുറിച്ച് തിരിച്ചറിവുണ്ടായിരുന്ന കലാകാരൻ നിരന്തരകലഹത്തിൽ ആയിരുന്നതു കൊണ്ടാവണം ടോൾസ്റ്റോയ് എക്കാലത്തേയും മികച്ച നോവലിസ്റ്റുകളിൽ ഒരാളായി തുടരുന്നത്.

1859 ൽ എഴുതപ്പെട്ട ടോൾസ്റ്റോയ് നോവലാണ് ഫാമിലി ഹാപ്പിനെസ്സ്. നായികാ കഥാപാത്രമായ മരിയാ അലക്സാണ്ടർനോവ എന്ന മാഷ കഥപറയുന്ന രീതിയിലാണ് നോവൽ മുന്നോട്ട്പോകുന്നത്. പതിനേഴുകാരിയായ മാഷക്ക് തന്നേക്കാൾ ഇരട്ടിയിലധികം പ്രായമുള്ള സെർജിമിഖലേയ്ചിനൊടു തോന്നുന്ന പ്രണയവും, വിവാഹത്തിനുശേഷം നേരിടേണ്ടിവരുന്ന ബന്ധങ്ങളിലെ സങ്കീർണ്ണതയുമാണ് ഇതിന്റെ പ്രമേയം.

പൂർത്തിയാക്കി പ്രസിദ്ധീകരണത്തിനു കൊടുത്തതിൽപ്പിന്നെ “ഫാമിലി ഹാപ്പിനെസ് ” എന്ന നോവലിനോട് അദ്ദേഹത്തിന് വൈമുഖ്യമായിരുന്നു എന്നും അതിന്റെ രണ്ടാം പതിപ്പ് താൻ ജീവിച്ചിരിക്കുന്ന കാലത്ത് ഇറക്കാൻ അദ്ദേഹം അനുമതി നൽകിയിട്ടില്ലായിരുന്നുവെന്നും പറയപ്പെടുന്നു. “വെറുപ്പിക്കുന്ന അബദ്ധം” എന്നായിരുന്നു ആ കൃതിയെ അദ്ദേഹം വിശേഷിപ്പിച്ചത്. തന്റെ വെറുപ്പിനു അദ്ദേഹം നിരത്തിയിരുന്ന കാരണങ്ങളും വിചിത്രമായിരുന്നു. അതൊരു “കെട്ടിച്ചമച്ച കഥ” ആയിരുന്നു എന്നതായിരുന്നു അതിലെ ഒരു കാരണം. നോവലിൽ വസ്തുതകൾ സംഭവിക്കുന്നത് സ്വാഭാവികവും അനിവാര്യവുമായാണോ അതോ കൃത്രിമവും വസ്തുതാവിരുദ്ധവുമായിട്ടോ എന്നതിലാണ് ഒരു എഴുത്തുകാരൻ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടിവരികയെന്ന് അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു. “തങ്ങളുടെ പ്രകൃതം ആവശ്യപ്പെടാത്തത് ഒരു നോവലിലെ കഥാപാത്രങ്ങൾക്ക് ചെയ്യേണ്ടി വരിക എന്നത് എത്ര ദുഷ്കരമാണ്” എന്ന് സംഗീതജ്ഞനും ചിത്രകാരനുമായ അലക്സാണ്ടർ ഗോൾഡൻവീസർക്ക് ഒരിക്കൽ അദ്ദേഹം എഴുതിയിരുന്നു. ട്രെയിനിനടിയിലേക്ക് ചാടാനുള്ള തീരുമാനം അന്നയെക്കൊണ്ട് താൻ എടുപ്പിച്ചതല്ല, മറിച്ച് അത് അന്നതന്നെ എടുത്തതാണെന്ന് വരുത്തിത്തീർക്കാൻ അന്നാകരെനീനയിൽ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്.

തന്റെ യൌവ്വനാരംഭത്തിൽ , ആളുകൾക്ക് ലൈംഗികപരമായി ഒരേസമയം സംതൃപ്തരും വിശുദ്ധരും ആയിരിക്കുക സാദ്ധ്യമാണെന്ന് ടോൾസ്റ്റോയ് വിശ്വസിച്ചിരുന്നു. വിശുദ്ധിയെന്നാൽ അദ്ദേഹത്തെ സംബന്ധിച്ച് വിവാഹവും അതിന്റെ വിശ്വാസ്യതയുമായിരുന്നു. “ഫാമിലിഹാപ്പിനെസ്സി”ലെ സെർജിയെപ്പോലെ സ്ത്രീകളോട് ആഭിമുഖ്യമുണ്ടായിരുന്നുവെങ്കിലും അവരുടെ മേൽ തന്റെ ആധിപത്യം സ്ഥാപിച്ചെടുക്കാൻ ആയിരുന്നു അദ്ദേഹത്തിനു താല്പര്യം. ലൈംഗികതയെപ്പോലും അതിനായി വിനിയോഗിക്കാൻ ആയിരുന്നു അദ്ദേഹം ശ്രമിച്ചിരുന്നതെങ്കിലും തന്നിലെ കാമതല്പരതയിൽ അദ്ദേഹം ലജ്ജിക്കുകയും, ലൈംഗികതയിൽ സംഭവിച്ചേക്കാവുന്ന ആത്മനിയന്ത്രണം നഷ്ടമാകലിനെ ഭയക്കുകയും ചെയ്തിരുന്നു. സാമൂഹ്യ നിരൂപകനും കടുത്ത സദാചാരവാദിയുമായിരുന്ന അദ്ദേഹം സ്വന്തം അനുഭവങ്ങളിൽ നിന്നും മനസ്സിലാക്കിയിരുന്നത് ഏറ്റവും ശക്തമായ അടിസ്ഥാനവികാരമെന്ന നിലയിൽ, വ്യക്തിപരമായ ലൈംഗിക താല്പര്യങ്ങളെ സാമൂഹികതാല്പര്യങ്ങൾക്കു വേണ്ടി അടിച്ചമർത്തേണ്ടതായി ഉണ്ടെന്നാണ്. ഇതു സാധ്യമെന്ന് ചിന്തിച്ചിരുന്ന കാലത്തോളം അദ്ദേഹം പ്രണയവും വിവാഹവും പ്രമേയമാക്കി മഹത്തായ കാവ്യങ്ങൾ രചിച്ചിരുന്നു. എന്നാൽ സാമൂഹികനന്മക്കായി ലൈംഗിക മോഹങ്ങളെ തളച്ചിടാൻ കഴിയുമെന്നുള്ള വിശ്വാസം നിലച്ചതോടെ അദ്ദേഹം ലൈംഗികതക്കും, വിവാഹത്തിനുപോലും എതിരായി.

പിൽക്കാലത്ത് ലൈംഗികതയേയും സ്ത്രീപുരുഷബന്ധങ്ങളേയും പറ്റി ആദ്ധ്യാത്മികവും മതപരവുമായ നിലപാടുകളോടു കൂടി അനവധി ലേഖനങ്ങളെഴുതിയ ടോൾസ്റ്റോയുടെ മനസ്സിന് ഫാമിലി ഹാപ്പിനെസ്സ് കളങ്കമായി തോന്നിയതിൽ അതിശയിക്കാനില്ല. പിൽക്കാലത്ത് തീവ്രമായിത്തീർന്ന ആ സദാചാരബോധത്തിന്റെ നിഴലുകൾ അന്നേ അദ്ദേഹത്തിൽ ഉണ്ടായിരുന്നിരിക്കണം. വർഷങ്ങൾക്കുശേഷം എഴുതപ്പെട്ട ,സാഹിത്യ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകളഞ്ഞ, ഒരു സെക്ഷ്വൽ മോറൽ പെവേട്ട് എന്നു ടോൾസ്റ്റോയെ വിളിക്കാൻ ഒരു അമേരിക്കൻ പ്രസിഡന്റിനെ പ്രേരിപ്പിച്ച “ക്രറ്റ്സർ സൊനാറ്റ“ എന്ന നോവലിലെ കേന്ദ്ര കഥാപാത്രമായിരുന്ന പൊസ്ഡ്നിഷേവ് താൻ തന്നെയാണെന്ന് തുറന്നുപറഞ്ഞ അദ്ദേഹം, പിൽക്കാലത്ത് “ക്രറ്റ്സർ സൊനാറ്റയിലെ“ തന്റെ വാദങ്ങൾക്ക് അടിവരയിട്ടുകൊണ്ട്, പല ലേഖനങ്ങളിലും വിവാഹിതനായാലും അവിവാഹിതനായാലും ശരി മനുഷ്യൻ ബ്രഹ്മചര്യം പാലിക്കാൻ സദാ യത്നിച്ചുകൊണ്ടിരിക്കണം എന്നതാണ് ക്രിസ്തു അനുശാസിക്കുന്നതെന്നും, പൂർണ്ണമായും ബ്രഹ്മചര്യം അനുഷ്ഠിക്കുവാൻ സാധിക്കാത്തവർ അതു തങ്ങളുടെ പരമമായ ജീവിതലക്ഷ്യമായി കരുതണമെന്നും, പൂർണ്ണസംയമനം പാലിക്കാനാകാത്തവർ അതു തങ്ങളുടെ ദുർബലതയായി കണക്കാക്കി ജീവിക്കണമെന്നും പറയുന്നുണ്ട്. സേവനമാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്നും കുടുംബജീവിതവും ധാർമ്മികജീവിതവും കൂട്ടിയിണക്കി കൊണ്ടുപോകാൻ കഴിയാതെ വന്നാൽ സർവ്വശക്തിയും ഉപയോഗിച്ച് ബ്രഹ്മചര്യം അനുഷ്ഠിക്കണമെന്നും ഭാര്യയെ സഹോദരിയായി കണക്കാക്കാൻ ശീലിക്കണമെന്നും കൂടെ അദ്ദേഹം പറയുന്നുണ്ട്. ഒരുപക്ഷേ ഈ നിലപാടുകളെ ന്യായീകരിക്കാനോ സ്ഥാപിക്കാനോ ആയി ഉദ്ദേശിച്ച് നിർമ്മിച്ച കഥാപാത്രമായിരിക്കാം ഫാമിലി ഹാപ്പിനെസ്സിലെ “സെർജി മിഖലേയ്ച്.” എന്നാൽ കഥാപാത്രങ്ങളെ, തന്റെ വീക്ഷണവുമായി മനഃപ്പൂർവ്വം ബന്ധിപ്പിക്കുകയോ അവരിൽ വിധിന്യായങ്ങൾ നടത്തുകയോ ചെയ്യാതെ, സ്വയം പരിണാമത്തിനും വികസനത്തിനും വിട്ടുകൊടുത്ത് നോക്കിക്കാണുക മാത്രം ചെയ്യുന്ന ടോൾസ്റ്റോയിലെ കഴിവുറ്റ പ്രതിഭയിലൂടെ പുറത്തുവന്നത് സാമൂഹികമാറ്റങ്ങളെയും ആധുനികതയേയും ഉൾക്കൊള്ളാൻ വിമുഖത കാണിക്കുന്ന, സ്വയം ആഘോഷിക്കുന്ന സ്ത്രീയേയും അവളുടെ കത്തിപ്പടരുന്ന പ്രണയത്തേയും ഭയത്തോടെയും സംശയത്തോടെയും മാത്രം കാണാനാകുന്ന പുരുഷ അപകർഷതയാണ്. ഈയൊരു വസ്തുതയിലായിരിക്കാം “ഫാമിലി ഹാപ്പിനെസ്” അദ്ദേഹത്തിനു വെറുപ്പിക്കുന്ന അബദ്ധമായി മാറിയതും.

1852-ൽ തന്റെ ഡയറിയിൽ അദ്ദേഹം ഇങ്ങനെ കുറിച്ചിട്ടിരുന്നു. “പ്രണയം എന്നൊന്നില്ല. പകരം അവിടെയുള്ളത് കേവലം ശരീരത്തിലധിഷ്ഠിതമായ ലൈംഗിക താല്പര്യങ്ങളും, ജീവിതപങ്കാളിക്കായുള്ള യുക്തിയിൽ അധിഷ്ടിതമായ ആഗ്രഹവുമാണ്. ഒന്നു വേർതിരിച്ച് വിശകലനം ചെയ്തു നോക്കിയാൽ ശാരീരികാഭിനിവേശം കാമാസക്തിയേയും ജീവിതപങ്കാളിക്കായുള്ള യുക്തിപരമായ ആഗ്രഹം സൌഹൃദം കലർന്ന പ്രണയത്തേയും പ്രതിനിധീകരിക്കുന്നതായി കാണാം.“ ഒരിക്കൽ രൂപീകൃതമായ ആ പ്രണയ സങ്കല്പത്തിനു ജീവിതാവസാനം വരെ ഗണ്യമായ മാറ്റമൊന്നും വന്നതുമില്ല. പക്ഷേ തന്റെ പ്രമുഖരചനകളിലെ കേന്ദ്ര കഥാപാത്രങ്ങളെയെല്ലാം ശാരീരികവും മാനസികവും ആത്മീയവുമായ പ്രണയം ഉൾക്കൊള്ളുന്നവരായിമാത്രമേ ചിത്രീകരിക്കാൻ അദ്ദേഹത്തിനു സാധിച്ചതുമുള്ളൂ. എന്നാൽ ശരീരവും മനസ്സും തമ്മിലോ കാമവും സ്നേഹവും തമ്മിലോ ഉണ്ടായിരിക്കേണ്ട ബന്ധം എന്താണെന്നോ ഒന്നു മറ്റൊന്നിനു വേണ്ടി ത്യജിക്കേണ്ടതായുണ്ടോ എന്നോ ഇതു സാധ്യമാണോ എന്നുപോലും നിശ്ചയിക്കുവാൻ അദ്ദേഹത്തിനു സാധിച്ചിരുന്നതുമില്ല. അവസാനം ഈ രണ്ടും ഒന്നിച്ച് താളാത്മകമാക്കി ഇണക്കിച്ചേർത്തു കൊണ്ടുപോകുന്നതാവും അഭികാമ്യം എന്നു അദ്ദേഹം തീർച്ചപ്പെടുത്തി. “ഫാമിലി ഹാപ്പിനെസ്സ് “ മുതൽ അദ്ദേഹം ചിത്രീകരിക്കാൻ നോക്കിയത് ഇതായിരുന്നു.

കഥാരംഭത്തിൽ അങ്ങേയറ്റം ദുഃഖിതയും മൌനിയുമായ മാഷ യെ കാണാം. മരണത്തിന്റെ മൂകതയും വിലാപാന്തരീക്ഷവും തങ്ങിനിൽക്കുന്ന ആ അന്തരീക്ഷത്തിൽ മാഷയെ ദുഃഖിതയാക്കുന്നത് അമ്മയുടെ മരണത്തോടൊപ്പം അമ്മ ഉദ്ദേശിച്ചിരുന്നതുപോലെ നഗരത്തിലേക്കു പോകാനും ആളുകളുമായി ഇടപഴകാനും കഴിയാതെ തന്റെ യൌവ്വനം നശിച്ചുപോകുമോ എന്ന ഭീതിയും കൂടെ ആണെന്നുകാണാം. പിന്നീട് സെർജി മിഖലേയ്ചുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയിലേ അവൾ ആകെ മാറിപ്പോകുന്നുണ്ട്. തങ്ങളുടെ കാര്യങ്ങളെല്ലാം ഇനി സുഗമമായേക്കും എന്ന ചിന്തയും ആശ്രയിക്കാൻ ഒരു രക്ഷിതാവിനെ കിട്ടിയതിലുള്ള സുരക്ഷയുമാണ് ആദ്യം ആ മാറ്റത്തിനു പിന്നിൽ. എന്നാൽ പിന്നീടാ ആശ്രിതത്വം പ്രണയത്തിലേക്കു വഴിമാറുമ്പോൾ പ്രണയത്തിൽ ഒരുപക്ഷേ സ്ത്രീക്കുമാത്രം കൈവരുന്ന ആ അപാരധൈര്യവും സാഹസികതയും മാഷ വളരെ വേഗത്തിൽ കൈവരിക്കുന്നുമുണ്ട്..

ആറുവർഷത്തെ ഇടവേളക്കുശേഷം, വീണ്ടും മാഷയെകാണുമ്പോൾ മുപ്പത്താറുകാരനായ സെർജിയാകട്ടെ ജീവിതത്തിലെ അനവധി ബുദ്ധിമോശങ്ങൾക്കും നിരാശകൾക്കുമൊടുവിൽ തന്റെ ജീവിതത്തിൽ പ്രണയം വിവാഹം എന്നിവക്കൊന്നിനും ഇനി സ്ഥാനമില്ല എന്ന തിരിച്ചറിവിലാണ്. എന്നാൽ മാഷയെ കാണുന്നതോടെ അദ്ദേഹം ദുർബലനായിപ്പോകുന്നു. അങ്ങേയറ്റം പ്രൌഢഗംഭീരമായ വ്യക്തിത്വത്തിനു ഉടമയായിരുന്ന ആൾക്ക് തന്റെ സാമീപ്യത്തിൽ സംഭവിക്കുന്ന ദൌർബല്യം ശ്രദ്ധയില്പെടുന്നതാണ് ആദ്യം മാഷയെ ആകർഷിക്കുന്നതും. എന്നാൽ തുറന്നുപറയാത്ത ഏതോ ഒരു ഭയത്തോടെ സെർജി അവിടെനിന്നും വിട്ടുപോകാൻ ഒരുങ്ങുന്നുമുണ്ട്. ഫാമിലി ഹാപ്പിനെസ്സ് അടക്കമുള്ള കഥകൾ അന്നകരെനീന എഴുതുവാനുള്ള തയ്യാറെടുപ്പുകൾ മാത്രമായിരുന്നു എന്ന് ഒരിക്കൽ ടോൾസ്റ്റോയ് തന്നെ പറഞ്ഞിട്ടുള്ള സ്ഥിതിക്ക് സെർജിയുമായി വിദൂരഛായയുള്ള അന്നാകരനീനയിലെ ലെവിൻ എന്ന കഥാപാത്രം അന്നയുടെ സഹോദരനുമായി നടത്തുന്ന സംഭാഷണത്തിലെ ഒരു വാചകം ഈ ഭയത്തിനെ വിവരിക്കുന്നതായി കണക്കാക്കാം. “നമ്മളെപ്പോലെ പ്രണയത്തിന്റേതു മാത്രമല്ലാതെ പാപത്തിന്റേതു കൂടിയായ ഒരു ഭൂതകാലമുണ്ടായിരുന്ന മുതിർന്ന പുരുഷന്മാർക്ക് നിഷ്കളങ്കയും പരിശുദ്ധയുമായ ഒരു പെൺകുട്ടിയോട് പെട്ടെന്ന് ഇടപഴകേണ്ടിവരുന്നത് അരോചകമായി തോന്നും, അതുകൊണ്ടുതന്നെ സ്വയം വിലകുറഞ്ഞവനായി അനുഭവപ്പെടുകയും ചെയ്യും.” എന്നത്.

ആദ്യത്തെ ഭ്രമത്തിനുശേഷം ശരിയായ കടുത്ത പ്രണയത്തിലകപ്പെടുന്ന മാഷ മുഴുവനായി മാറിപ്പോകുന്നും ഉണ്ട്. എന്നാൽ ആ മാറ്റത്തിനു ചെറുതല്ലാത്തരീതിയിൽ സെർജി പ്രേരിപ്പിക്കുന്നും ഉണ്ട്. അവളിൽ കൃത്രിമമായതൊന്നും ഇല്ല എന്നുറപ്പുവരുത്താൻ. ചിറകു മുറിച്ചുകളഞ്ഞ് കൂട്ടിലടച്ചു വളർത്താനായാലും, കൊല്ല്ലാനായലും ശരി ലക്ഷണമൊത്ത ഇരയേയേ എല്ലാവരും തിരഞ്ഞെടുക്കുന്നുള്ളൂ എന്ന യുക്തി ഇവിടെയും കാണാം. ലളിതമായ കർഷകജീവിതം ആഗ്രഹിക്കുന്നസെർജിയോ ലെവിനോ ലാളിത്യം നിറഞ്ഞ, മറ്റു കഴിവുകൾ ഒന്നുമില്ലാത്ത, നിഷ്കളങ്കയും അപരിഷ്കൃതയും ആയ ഒരു കർഷകയുവതിയിൽ ആകൃഷ്ടരാകുന്നില്ല എന്നുകാണാം. ഈയൊരു വൈരുദ്ധ്യം അല്പംകൂടെ വ്യക്തമായി വിശാലമായ കാൻവാസിൽ അന്നകരെനീനയിൽ ഉണ്ട്. മൂന്നുസഹോദരിമാരിൽ ലെവിൻ ആകൃഷ്ടനാകുന്നത് അവരുടെ സാധാരണയിൽ കവിഞ്ഞ പ്രത്യേകതകൾ കാരണമാണ്. നൃത്തവും സംഗീതവും ചിത്രകലയും അഭ്യസിക്കുന്ന, ഉന്നതവും ശ്രേഷ്ഠവുമായി കണക്കാക്കുന്ന കായിക വിനോദങ്ങളിൽ ഏർപ്പെടുന്ന, ഒന്നിടവിട്ട ദിവസങ്ങളിൽ ഇംഗ്ലിഷും ഫ്രെഞ്ചും മാറിമാറി സംസാരിക്കുന്ന അവരുടെ കുലീനമായ അസാധാരണത്വം കൊണ്ടുതന്നെയാണ്. ഡോളിയിൽ തുടങ്ങുന്ന പ്രണയം അഥവാ ഭ്രമം കിറ്റിയിൽ അവസാനിക്കുന്നു എന്നുമാത്രം. ഒടുവിൽ പ്രണയനൈരാശ്യം പൂണ്ട് തെറ്റിപ്പോയ സമനില, കർഷകർക്കൊപ്പം ചിലവഴിക്കുന്ന ഒരുപകലിലൂടെ വീണ്ടെടുക്കുന്ന ലെവിൻ ഒരു കർഷകയുവതിയെ വിവാഹം ചെയ്താലോ എന്നാലോചിക്കുന്നുണ്ടെങ്കിലും ആ തീരുമാനത്തിൽ നിന്നും വളരെപ്പെട്ടെന്ന് തിരിച്ചുപോരുന്നു. അതിനുശേഷം ഒരവസരത്തിൽ കുഞ്ഞുങ്ങളോട് ഫ്രെഞ്ചിൽ സംസാരിക്കുന്ന ഡോളിയെ വെറുപ്പോടെയും അവജ്ഞയോടെയും നോക്കി ലെവിൻ, എനിക്കു കുഞ്ഞുങ്ങളുണ്ടാകുമ്പോൾ ഞാൻ അവരെ ഫ്രെഞ്ച് അഭ്യസിപ്പിക്കുകയില്ല എന്നും തീരുമാനമെടുക്കുന്നുണ്ട്.

ഫാമിലി ഹാപ്പിനെസ്സ് ലൈംഗികതയാൽ ഉത്തേജിക്കപ്പെട്ടതെങ്കിലും കളങ്കപ്പെട്ടിട്ടില്ലാത്ത ഒരു കൃതിയാണെന്നുപറയാം. പരസ്പരബന്ധത്തിന്റെ അത്യുന്നതരൂപം കൈവരിക്കാൻ വേണ്ടിയെങ്കിലും ലൈംഗികതയെ ഉന്നതവൽക്കരിക്കുന്നും ഉണ്ട്. മാഷയുടെ രക്ഷാധികാരിയും മരിച്ചുപോയ അച്ഛന്റെ സുഹൃത്തുമായി രംഗത്തു പ്രത്യക്ഷപ്പെടുന്ന സെർജി പിന്നീട് തന്നിൽ ഉളവാകുന്ന ആ പ്രത്യേകതാല്പര്യത്തെ മറച്ചുവക്കാൻ പാടുപെട്ടുകൊണ്ട് -സെർജിയുടെ ആ മാറ്റവും അയാളിൽ തനിക്കുള്ള സ്വാധീനവും ആണ് മാഷയെ ആദ്യം ഭ്രമിപ്പിക്കുന്നത്- ആ വേനലിൽ ഉടനീളം അയാൾ ഒരു കൊച്ചു കൂട്ടുകാരനോട് എന്നപോലെയാണ് മാഷയുമായി ഇടപഴകുന്നതും. അപ്പോൾ പ്രണയത്തിനും മുൻപ് വരുന്നത് സൌഹൃദമാണ്. ഏതു രീതിയിലെന്ന് വ്യക്തമാകുന്നില്ലെങ്കിലും സെർജിക്ക് തന്നോടുള്ള ആ പ്രത്യേക താല്പര്യത്തെ തിരിച്ചറിയുമ്പോൾ അദ്ദേഹത്തെ കൂടുതൽ സന്തോഷിപ്പിക്കുന്നതിനായി അവൾ സ്വയം കൂടുതൽ മികച്ചവളാകാൻ പരിശ്രമിക്കുകയും ആ പരിശ്രമത്തിനിടയിൽ സ്വയം കൂടുതൽ മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്. ഈ പ്രക്രിയയിൽ നടക്കുന്ന സൂക്ഷ്മ നിരീക്ഷണത്തിലൂടെ അദ്ദേഹത്തിന്റെ പ്രവൃത്തികളും, നൽകാൻ പോകുന്ന സാരോപദേശങ്ങളും മുൻകൂട്ടിക്കാണുവാനും അവൾക്കു കഴിയുന്നുണ്ട്. പ്രിയപ്പെട്ടവൾക്കു മുന്നിൽ എപ്പോഴും സദാചാരമുഖം മാത്രം മുന്നിട്ട് പ്രകടമാക്കിയിരുന്ന സെർജി പ്രണയത്തിൽ അകപ്പെട്ടതിനുശേഷം തന്റെ ഉൾപ്രേരണകളിൽ നിന്നും വ്യതിചലിക്കാനുള്ള സാധ്യത വളരെയാണെന്നതുകൊണ്ട് അതു മുതൽ മുന്നോട്ടുള്ള സ്ത്രിപുരുഷബന്ധം വർണ്ണിക്കുവാൻ ടോൾസ്റ്റോയ്ക്ക് ക്രാഫ്റ്റിങിൽ വളരെയധികം ശ്രദ്ധിക്കേണ്ടിവന്നിട്ടുണ്ടായിരിക്കാം. “വൈൽഡ് എക്സ്റ്റസി” എന്ന കോഡ് ലൈംഗികോർജ്ജത്തെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന മാഷയും സെർജിയും ആവർത്തിച്ച് കൊച്ചുകുട്ടികളോട് ഉപമിക്കപ്പെടുകയും, ലൈംഗികതയുടെ വന്യ നിർവൃതിയെ ടോൾസ്റ്റോയ് വിഭാവനം ചെയ്യുന്ന ആദർശപ്രണയത്തിലേക്ക് നിർബന്ധപൂർവ്വം കെട്ടിയിടപ്പെടുകയും ചെയ്യുന്നുണ്ട്. മനസ്സിൽ ആഗ്രഹിച്ചിട്ടുപോലും വിവാഹനിശ്ചയശേഷവും പരസ്പരം വികാരങ്ങൾ പ്രകടിപ്പിക്കാനും കൈമാറുവാനും ഇവർ മടിക്കുന്നും ഉണ്ട്. എന്നിട്ടും ഒരു ഘട്ടത്തിൽ ചുറ്റുമുള്ളതിനെയെല്ലാം മറച്ചു കളയുന്നവിധം ആ കണ്ണുകൾ തനിക്കുള്ളിലാണെന്നു തോന്നിപ്പിക്കുന്ന ആകർഷകമായ നോട്ടം സെർജി അവൾക്കു സമ്മാനിക്കുകയും ആ നോട്ടം തന്നിൽ ഉളവാക്കിയ ഭയവും നിർവൃതിയും നഷ്ടമാകാതിരിക്കാൻ അവൾ കണ്ണുകൾ അടച്ചുകളയുകയും ചെയ്യുന്നുണ്ട്.

പരിഹാസങ്ങൾകൊണ്ടും ഉപദേശങ്ങൾകൊണ്ടും വിവാഹത്തിനു മുൻപുതന്നെ മാഷയെ “നാട്യമില്ലാത്തവൾ”ആക്കിത്തീർക്കുന്നുണ്ട് സെർജി. എന്നാൽ പ്രണയത്തിൽ മുഴുകിപ്പോകുമ്പോൾ നന്മക്കും ദൈവത്തിനുമായി തന്നെ വിട്ടുകൊടുത്ത് പരിശുദ്ധയും സമ്പൂർണ്ണയും ആകാൻ നോക്കുന്ന മാഷ ആകട്ടെ വിവാഹത്തിനിപ്പുറം സ്വന്തം സ്വത്വത്തെക്കുറിച്ച് ബോധവതിയാകുന്നുണ്ട്. വിശ്രുത കവി റെയ്നർ മാരിയ റിൽകേ തന്റെ വിഖ്യാതമായ കത്തുകളിലൊന്നിൽ എഴുതിയതുപോലെ വ്യക്തിവികാസത്തിന്റെ ആദ്യപടവുകളിൽ ആൺശീലങ്ങളുടെ അനുകർത്താവും ആവർത്തകയുമായിരുന്നവൾ അവസ്ഥാന്തരങ്ങളിലെ അനിശ്ചിതത്വത്തിനുശേഷം പരിഹാസ്യമായ വേഷം കെട്ടലുകളിൽ നിന്നും സ്വഭാവ വൈകൃതങ്ങളിൽ നിന്നും സ്വന്തം സത്തയെ മോചിപ്പിക്കുവാനും പുരുഷന്റെ നല്ലപാതിയോ എതിർലിംഗമോ ആകാതെ സ്ത്രീ മാത്രം ആയിരിക്കുവാനും കൊതിക്കുന്ന ഘട്ടം. ആ ഘട്ടത്തെ തടഞ്ഞുനിർത്തുന്നതിലെ അന്യായവും തന്റെ നിസ്സഹായതയും ബോധ്യപ്പെടുന്ന സെർജി ഔദാര്യത്തോടെ അവളെ പുറംലോകവുമായി ബന്ധപ്പെടാൻ അനുവദിക്കുന്നു. അദ്ദേഹത്തെപ്പോലും അമ്പരപ്പിക്കുന്ന വിധത്തിൽ അവളുടെ സൌന്ദര്യവും വ്യക്തിത്വവും സാമൂഹിക അംഗീകാരം നേടുന്നുമുണ്ട്. എന്നാൽ സ്വന്തം വ്യക്തിത്വത്തിന്റെ ഔന്നിത്യത്തിൽ നിന്നുകൊണ്ട് തന്റെ ആരാധിക്കുന്നവർക്കിടയിൽ നിന്നുകൊണ്ട് തന്റെ പ്രണയം പ്രകടിപ്പിക്കാനുള്ള അവളുടെ ആത്മാർത്ഥയെ അദ്ദേഹത്തിനു മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ കഴിയുന്നില്ല. “വീട്ടിലേക്ക് എത്തട്ടെ, ഞാൻ സുന്ദരിയും കഴിവുറ്റവളും ഉന്നതയും ആയിരിക്കുന്നത് ആർക്കുവേണ്ടിയാണ് എന്നത് അങ്ങേക്കു ബോധ്യമാകും“ തുടങ്ങിയ വിലാപങ്ങളൊന്നും മാഷയുടെ മനസ്സിൽ നിന്നും സെർജിയിലേക്ക് എത്തുന്നതേയില്ല.

ഒടുവിൽ വ്യക്തിത്വവും സ്വത്വവുമെല്ലാം ഉപേക്ഷിച്ച് മറ്റൊരു തെത്യാന സെംയോവ്ന - സെർജിയുടേ മനസ്സിലെ സമുന്നത സ്ത്രീരൂപം- ആയി മാറാൻ ഉറച്ച് തിരികെ എത്തുമ്പോഴും സെർജിയിൽ പഴയ പ്രണയമോ സ്നേഹമോ വീണ്ടും ഉണ്ടാകുന്നുമില്ല. വികാരപരമായ രംഗങ്ങളെല്ലാം അദ്ദേഹം പരുഷമായ ഭാഷയിൽ ഒഴിവാക്കുന്നും ഉണ്ട്. സ്ത്രീകളെല്ലാം ജീവിതത്തിന്റെ അർത്ഥശൂന്യതകളിലൂടെ കടന്നുപോയിക്കൊണ്ട് വേണം ജീവിതത്തിലേക്കു തിരികെ എത്താനെന്നും അതുകൊണ്ടാണ് “ദുഷിച്ച” നഗരജീവിതത്തിനു താൻ അവളെ അനുവദിച്ചതെന്നും പറയുന്ന അദ്ദേഹം ആവശ്യമുള്ളതിൽ കൂടുതൽ സംതൃപ്തി താൻ അനുഭവിച്ചുകഴിഞ്ഞുവെന്നും ഇനി കുഞ്ഞുങ്ങൾക്കു വേണ്ടിയാണ് തങ്ങൾ ജീവിക്കേണ്ടതെന്നും മാഷയെ ബോധ്യപ്പെടുത്തുന്നു. താൻ തനി വൃദ്ധനും അവളിപ്പോഴും എത്രയോ ചെറുപ്പവും എന്നു നെടുവീർപ്പിടുന്ന സെർജി തങ്ങളിനി “സുഹൃത്തുക്കൾ” മാത്രം എന്നും പ്രസ്താവിക്കുന്നു.

അപ്പോഴും താൻ ജനിച്ചു വളർന്ന വീട്ടിലെ ഓരോ കോണിലും തന്റെ പെൺകുട്ടിക്കാല സ്വപ്നങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുന്ന , നല്ല നാളുകളും പഴയ പ്രണയവുമെല്ലാം തങ്ങളിലേക്കു തിരികെയെത്തുമെന്ന് പ്രത്യാശിക്കുന്ന മാഷ ആ ദിവസത്തോടെ തങ്ങളിലെ പ്രണയം അവസാനിച്ചുവെങ്കിലും കുട്ടികളോടും അവരുടെ അച്ഛനോടുമുള്ള വൈകാരികാനുഭവം തനിക്ക് വ്യത്യസ്തമായ കുടുംബ സന്തുഷ്ടി നൽകുന്നുണ്ടെന്ന് പറയുന്നത് തികച്ചും വൈരുദ്ധ്യാത്മകമാണെന്നു കാണാം.

കാമാവേശങ്ങളെ സൌഹൃദത്തിലേക്ക് തളച്ചിടുവാനും, താൽക്കാലികമായിട്ടെങ്കിലും അവ രണ്ടിനേയും പരസ്പര പൂരകങ്ങളാക്കി ചേർത്തുകൊണ്ടുപോകാനും ലൈംഗികാഗ്രഹങ്ങൾ ആത്മത്യാഗത്തെ പ്രോത്സാഹിപ്പിക്കുന്നതായി സ്ഥാപിക്കുവാനും ടോൾസ്റ്റോയ്ക്ക് കഴിയുന്നുണ്ടെങ്കിലും, സുന്ദരനായ മാർക്വിസ് പ്രഭുവിലേക്കുള്ള മാഷയുടെ ചായ്‌വ് സെർജിയുമായുള്ള ജീവിതത്തിൽ നേരിടുന്ന ഏതോ കുറവിനെത്തന്നെ ആണു സൂചിപ്പിക്കുന്നത്. കൂട്ടുകാരിയുടെ ശബ്ദമാണ് അവളെ വലിയൊരു “തെറ്റിൽ” നിന്നും സംരക്ഷിക്കുന്നതും പഴയജീവിതത്തിലേക്ക് തിരിച്ചു പോകാൻ അവളെ പ്രേരിപ്പിക്കുന്നതും.

“ഫാമിലി ഹാപ്പിനെസ്സിൽ “ സദാചാരത്തിന്റെ അതിരുകൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ ലൈംഗികതയെ ആഘോഷിക്കുവാനും, താൽക്കാലികമായിട്ടെങ്കിലും പ്രണയികളുടെ ആത്മീയമായ ഒന്നിച്ചു ചേരലിനെ മനഃശ്ശാസ്ത്രപരമായി അംഗീകരിപ്പിക്കാനും ടോൾസ്റ്റോയ്ക്ക് സാധിക്കുന്നുണ്ടെങ്കിലും ലൈംഗികതയുടെ സ്ത്രീപക്ഷവിവരണം ഇല്ല എന്നുള്ളതുകൊണ്ട്തന്നെ ഈ വിജയം സന്ദിഗ്ദവും ആത്യന്തികമായി അംഗീകരിക്കാൻ ആകാത്തതുമാണ്. മാഷ കഥപറയുന്നതായിട്ടാണ് അവതരണരീതിയെങ്കിലും കഥഗതിയെ നിയന്ത്രിക്കുന്നത് പക്വതയാർന്നതും സദാചാരബന്ധിതവുമായ പുരുഷവീക്ഷണമാണ്. മാഷയേയും സെർജിയേയും നോക്കിക്കാണുന്നതും മനസ്സിലാക്കുന്നതും വിലയിരുത്തുന്നതും നിയന്ത്രിക്കുന്നതും സെർജി തന്നെയാണ്. ഇക്കാരണങ്ങൾകൊണ്ടുതന്നെ ആകണം, പ്രസിദ്ധീകരിക്കപ്പെട്ട് വർഷങ്ങൾക്കുശേഷം ടോൾസ്റ്റോയ് തന്നെ ഇതിനെതിരായി തിരിഞ്ഞ് ഇതിന്റെ രണ്ടാംപതിപ്പ് ഇറങ്ങുന്നത് തടയാൻ ശ്രമിച്ചത്. ആദ്യമൊന്നും ആരാലും ശ്രദ്ധിക്കപ്പെടാതെപോയ ഈ നോവലിലെ സൂക്ഷ്മ ആഖ്യാനത്തിന്റെ മനോഹാരിത , പ്രസിദ്ധീകരിക്കപ്പെട്ട് മൂന്നുവർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ സമകാലിക നിരൂപകനായ അപോളോ ഗ്രിഗോറിയോവിന്റെ ശ്രദ്ധയിൽപ്പെടുകയും “വിസ്മരിക്കപ്പെട്ടുപോയ രത്നം “എന്ന വിശേഷണത്തോടെ അദ്ദേഹമത് ജനശ്രദ്ധയിലേക്കെത്തിക്കുകയും ചെയ്തു.

മറ്റു വികാരങ്ങളിലേക്കുള്ള അഭിനിവേശത്തിന്റെ പകർന്നാട്ടങ്ങളെ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്ന കൃതിയാണ് ഫാമിലി ഹാപ്പിനെസ്സ്. ബിംബകല്പനകളെ കഥാപാത്രങ്ങളുടെ മനോവികാരവുമായി അതിവിദഗ്ദമായി ഇണക്കിച്ചേർത്തിരിക്കുന്നുണ്ട് ടോൾസ്റ്റോയ്. മാഷായും സെർജിയും പരസ്പരപ്രണയം തിരിച്ചറിയുന്ന രാത്രിയിലെ നിഴലും വെളിച്ചവും ഇടകലർന്ന വഴിയിലൂടെ ഉള്ള നടത്തം കമിതാക്കളുടെ മനസ്സിലെ പ്രണയവും ഭയവും സമ്മിശ്രമായ മനോനിലയെ സൂചിപ്പിക്കുന്നു. വിവാഹ ദിവസമാണ് വർഷത്തിലെ ആദ്യമഞ്ഞുവീഴ്ച ഉണ്ടാകുന്നത്. നിലാവുവീണ മരവിച്ച വഴിയിലൂടെ സേർജിക്കൊപ്പം യാത്രയാകുന്ന മാഷയിൽ സ്വപ്നങ്ങളല്ല, ഭയവും അപമാനബോധവുമാണ് മുന്നിട്ടു നിൽക്കുന്നത്.


എഴുത്തുകാരനും നിരൂപകനുമായ ജോൺ ബെയ്ലി ഇങ്ങനെ പറയുന്നുണ്ട്. “ടോൾസ്റ്റോയ് കഥകളെല്ലാം ചില വൈരുദ്ധ്യാതമകസമീപനങ്ങളിൽ നിന്നാണ് ഉറവെടുക്കുന്നതെന്നു കാണാം. തന്റെ കഴിവ് പൂർണ്ണമായും ആഖ്യാനരൂപത്തിന്റെ മുറകളിലേക്ക് കൊണ്ടുവരാത്ത ഒരു പ്രതിഭ ശ്രദ്ധാപൂർവ്വം, മനോഹരമായി രചിച്ച കഥകളാണവ. ആ വൈരുദ്ധ്യങ്ങളെല്ലാം ഉത്തേജജനകമായിരുന്നു, കലാരംഗത്തെ മറ്റനവധി വൈരുദ്ധ്യങ്ങളെപ്പോലെ അവ ആകസ്മിക വൈകല്യങ്ങളോടെ ശക്തവും അവിസ്മരണീയവുമായ ഫലങ്ങൾ ഉളവാക്കുകയും ചെയ്തു.” കഥാപാത്രങ്ങളെ സ്വാഭാവികവികാസത്തിനു വിട്ടുകൊടുത്തപ്പോൾ സെർജിയിൽ ആ ഒരു “ഉപഗുപ്തൻ കോമ്പ്ലക്സ്”, കത്തിയെരിഞ്ഞുകഴിഞ്ഞ് ചാരം മാത്രമായവളെയേ സ്വന്തമാക്കാൻ ധൈര്യമുള്ളൂ എന്ന നിലപാട് വ്യക്തമായി പ്രതിഫലിച്ചതാകാം ടോൾസ്റ്റോയ്ക്ക് ഫാമിലി ഹാപ്പിനെസ്സിനെ വെറുപ്പിക്കുന്നതാക്കി മാറ്റിയതെങ്കിൽ കിറ്റി സ്വാഭാവികരീതിയിൽ കർഷകയുവതിയുടെ ചര്യകൾ സ്വീകരിച്ചതും, അന്ന പാപത്തിന്റെ ശിക്ഷയായ മരണത്തിലേക്ക് സ്വമേധയാ പോയതും ആയിരിക്കണം അന്നകരനീനയെ അദ്ദേഹത്തിന്റെ മാനസപുത്രിയാക്കിയതെന്നു വേണം അനുമാനിക്കാൻ.

വായനയിലുടനീളം ടോൾസ്റ്റോയിലെ കപട സദാചാരവാദിയുമായി നിരന്തരകലഹത്തിൽ ആയിരുന്നുവെങ്കിലും, ആ വൈരുദ്ധ്യാത്മക മനോഹാരിതയാൽ എന്നെ അകത്താക്കി ഏതോ മന്ത്രച്ചുമർ പിന്നിൽ അടയുന്നത് ഞാനും അനുഭവിച്ചറിഞ്ഞു. പലപ്പോഴും മുൻപോട്ടുള്ള സാധ്യതകളിൽ എനിക്കും വിശ്വാസം നഷ്ടമായിക്കൊണ്ടിരുന്നു.
“എഴുതുവാനുള്ള കഴിവുണ്ടായിരുന്നെങ്കി ഭൂമിയെഴുതുക ടോൾസ്റ്റോയെപ്പോലെ ആകുമായിരുന്നു എന്ന് ഇസാക് ബാബേൽ ഒരിക്കൽ അഭിപ്രായപ്പെട്ടിരുന്നു. അതുതന്നെ .

15 comments:

Echmukutty said...

ഇത്ര നല്ലൊരു ലേഖനം സമ്മാനിച്ചതിന് നന്ദി, ആഗ്നേയ. വലരെ ഭംഗിയയി എഴുതിയിട്ടുണ്ട്....

കറുപ്പിലെ വെള്ള അക്ഷരങ്ങളിൽ ഈ പ്രൌഢ ഗംഭീരമായ പഠനം വായിച്ചു തീർക്കാൻ ഞാനൊരുപാട് ബുദ്ധിമുട്ടി. ഈ വർണ പശ്ചാത്തലമൊന്നു മാറ്റിയാൽ കൊള്ളാമായിരുന്നു.

ഒരിയ്ക്കൽക്കൂടി അഭിനന്ദനങ്ങൾ...

anas peral said...

അഭിനന്ദനങ്ങൾ...
nalla post,
samayam pole ee site visit cheyyanam tto
http://www.appooppanthaadi.com/

Melethil said...

Good Job Agenya!

Muhammed Kunhi Wandoor said...

വളരെ ഗഹനമായ ലേഖനം
എല്ലാ ആശംസകളും!

K@nn(())raan*خلي ولي said...

ഇത്രേംനല്ലൊരു ലേഖനം വായിക്കാന്‍ വൈകിയതില്‍ ലജ്ജ തോന്നുന്നു.
ഇനിയും ഇതുവഴി വരാം. ഇപ്പോള്‍ പോയി കുറച്ചാളീം കൂട്ടീട്ടു വരാം.

ആശംസകള്‍

Artof Wave said...

കണ്ണൂരാന്‍ വിളിച്ചിട്ടാണ് ഇവിടെ വന്നത്
വായിച്ചു തുടങ്ങി, മുഴുവന്‍ വായിച്ചതിന് ശേഷം പറയാം ബാക്കി

viktor said...

വേറിട്ടൊരു വായനാനുഭവം സമ്മാനിച്ചതിന് ആശംസകള്‍

Jefu Jailaf said...

ഈ പറഞ്ഞ പുസ്തകെത്തെ കുറിച്ചു ഒരു പിടിപാടും ഇല്ല. പക്ഷെ നല്ല വായന നല്‍കി ഈ പോസ്റ്റ്‌. ആഴത്തിലുള്ള ഒരു നിരൂപണം എന്ന് തോന്നി. അഭിനന്ദനങ്ങള്‍..

Artof Wave said...

വളരെ മനോഹരമായി പരിചയപ്പെടുത്തി,
അഭിനന്ദിക്കാതിരിക്കാന്‍ വയ്യ, അഭിനന്ദനങ്ങള്‍
ഫാമിലി ഹാപ്പിനെസ്സിലെ സെർജിയെയും മാഷയെയും, പരിചയപ്പെടുത്തിയതിന് നന്ദി
ഇവിടെ കഥ പറഞ്ഞു തന്നത് ആഗ്നേയ ... അവിടെ അലക്സാണ്ടർനോവ
പല സ്ഥലത്തും വൈരുദ്ധ്യാതമകസമീപനങ്ങള്‍....
ആഗ്നേയ വിളിച്ചത് പോലെ ഞാനും "വൈരുദ്ധ്യാത്മക മനോഹാരിത" എന്നു വിളിക്കുന്നു
ടോൾസ്റ്റോയിയുടെ ഓരോ കഥാ പാത്രങ്ങള്‍ക്കും അപൂര്‍വമായ ഒരു മാസ്മരിക ശക്തിയുണ്ട്, ആ ശക്തി ഒട്ടും ചോര്‍ന്ന് പോകാതെ ഗഹനമായ ഒരവലോകനം നടത്തിയിരിക്കുകയാണ് ആഗ്നേയ, ഭാവനയുടെ അതിരുവരമ്പുകള്‍കപ്പുറം കയ്പെറിയതും മധുരകരവുമായ ജീവിത യഥാര്ത്യങ്ങളെ പച്ചയായി ആവിഷ്കരിച വിശ്വ വിഖ്യാതനായ എഴുത്തുകാരന്റെ കഥാ പാത്രങ്ങളെയാണ് ഒരിക്കല്‍ കൂടി ജീവിപ്പിച്ചത് ...

ആദ്യകാലങ്ങളില്‍ എഴുതിയത് പലരും, പിന്നീട് തിരുത്തിയിട്ടുണ്ട്, അത് പോലെ ഇതും

രണ്ടാം പതിപ്പ് താൻ ജീവിച്ചിരിക്കുന്ന കാലത്ത് ഇറക്കാൻ അദ്ദേഹം അനുമതി നൽകിയിട്ടില്ലായിരുന്നുവെന്നും പറയപ്പെടുന്നു. “വെറുപ്പിക്കുന്ന അബദ്ധം” എന്നായിരുന്നു ആ കൃതിയെ അദ്ദേഹം വിശേഷിപ്പിച്ചത്.

“നമ്മളെപ്പോലെ പ്രണയത്തിന്റേതു മാത്രമല്ലാതെ പാപത്തിന്റേതു കൂടിയായ ഒരു ഭൂതകാലമുണ്ടായിരുന്ന മുതിർന്ന പുരുഷന്മാർക്ക് നിഷ്കളങ്കയും പരിശുദ്ധയുമായ ഒരു പെൺകുട്ടിയോട് പെട്ടെന്ന് ഇടപഴകേണ്ടിവരുന്നത് അരോചകമായി തോന്നും, അതുകൊണ്ടുതന്നെ സ്വയം വിലകുറഞ്ഞവനായി അനുഭവപ്പെടുകയും ചെയ്യും.”

മാഷ കഥപറയുന്നതായിട്ടാണ് അവതരണരീതിയെങ്കിലും കഥഗതിയെ നിയന്ത്രിക്കുന്നത് പക്വതയാർന്നതും സദാചാരബന്ധിതവുമായ പുരുഷവീക്ഷണമാണ്. മാഷയേയും സെർജിയേയും നോക്കിക്കാണുന്നതും മനസ്സിലാക്കുന്നതും വിലയിരുത്തുന്നതും നിയന്ത്രിക്കുന്നതും സെർജി തന്നെയാണ്. ഇക്കാരണങ്ങൾകൊണ്ടുതന്നെ ആകണം, പ്രസിദ്ധീകരിക്കപ്പെട്ട് വർഷങ്ങൾക്കുശേഷം ടോൾസ്റ്റോയ് തന്നെ ഇതിനെതിരായി തിരിഞ്ഞ് ഇതിന്റെ രണ്ടാംപതിപ്പ് ഇറങ്ങുന്നത് തടയാൻ ശ്രമിച്ചത്.
ഇത് തന്നെ ആയിരിക്കാം കാരണം
ഇനിയും ഇത്തരം നല്ല പരിചയപ്പെടുത്തലുകള്‍ പ്രതീക്ഷിക്കുന്നു

ശ്രീജിത്ത് മൂത്തേടത്ത് said...

നല്ല ലേഖനം..
അഭിനന്ദനങ്ങള്‍.

Varun Aroli said...

വളരെ നല്ല നിരൂപണം. അഭിനന്ദനങ്ങള്‍.

sunil vettom said...

വിശ്വ സാഹിത്യകാരന്റെ ഈ കൃതിയെ വളരെ ലളിതമായി പരിചയപ്പെടുത്തിയതിന് നന്ദി പറയ്ട്ടെ

വളരെ നന്നായി വിവരിച്ചു ,

vayal said...

എന്തിനെയും സ്ത്രീ പക്ഷവായനയില്‍ മാത്രം കാണുന്നതിന്റെ ന്യൂനത ഈ ലേഖനത്തിനുമുണ്ട്.അന്നാ കരിനീന വായിച്ചു കൊണ്ടിരുന്ന പൌത്രിയോടു ,നിനക്ക് ഗുണമുള്ള വല്ല കൃതിയും വായിച്ചു കൂടെ എന്നാണു ടോല്സ്ടോയ് ചോദിച്ചത്.സ്വന്തം കൃതിയെ എന്നും ഭസ്മീകരിച്ചിരുന്ന മഹാനായിരുന്നു അദ്ദേഹം.ഇത്രയും തന്റേടിയായ അന്ന എന്തിനു അവസാനം ആത്മാഹുതി നടത്തി എന്ന് വായനക്കാര്‍ ചിന്തിക്കുന്നത് സ്ത്രീ --പുരുഷ പക്ഷത് നിന്ന് കൊണ്ടല്ല.കഥാഗതിയെ വളരെ പെട്ടെന്ന് അവസാനിപ്പിച്ചത് പോലെയാണ് അന്നാ കരിനീന വായിച്ചപ്പോള്‍ തോന്നിയത്......ഫ്രാന്‍സിസ് ഇട്ടിക്കോര എന്നാ നോവലില്‍ അലക്സാണ്ടര്‍ ഗ്രൂതെണ്ടിക് എന്നാ ഒരു ഗണിതശാസ്ത്രജ്ഞ്ജനെ ക്കുറിച്ച് പറയുന്നുണ്ട്.വര്‍ഷങ്ങളോളം നടത്തിയ ഗവേഷണ ഫലങ്ങളെ കത്തിച്ചു കളഞ്ഞതിനെ ക്കുറിച്ച് ....അത് പോലെ മഹാന്മാര്‍ സ്വയം കത്തിച്ചു വെളിച്ചം പകരുന്നവര്‍ ആണ്...അവരെ മനസ്സിലാക്കാന്‍ സംകുചിതമായ പാക്ഷിക വീക്ഷണം പോരാ...തീര്‍ത്തും മാനവികമായ വിശാല വീക്ഷണം തന്നെ വേണം....പുരുഷ മനസ്സു അങ്ങനെയാണ് ,സ്ത്രീ മനസ്സ് അങ്ങനെയാണ് എന്ന് അംഗീകരിച്ചാലും ,അപവാദമായി നില്‍ക്കുന്ന മനസ്സുകളും നിലനില്‍ക്കും എന്ന് ചിന്തിക്കുന്നതും ഉചിതം ആയിരിക്കും....

ഖരാക്ഷരങ്ങള്‍ kharaaksharangal said...

നല്ല വായനാനുഭവം. വായിച്ചുതീരാന്‍ കുറെ സമയമെടുത്തു. എങ്കിലും എഴുത്തിന്റെ രീതി എന്നെ പിടിച്ചിരുത്തി. ഇതുപോലുള്ള രചനകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

priyadharsini babu said...

നല്ലൊരു പരിചയപ്പെടുത്തല്‍ സമ്മാനിച്ചതിന് നന്ദി.. നല്ല ഭാഷാശൈലി.. ഇഷ്ടപ്പെട്ടു..