Monday, February 2, 2009

നിങ്ങള്‍ക്ക് ഏതുവരെ പഠിക്കാം?

ഒന്നാം വര്‍ഷം ബിരുദത്തിനു പഠിക്കുമ്പോള്‍ വിവാഹിതയായവളാണ് ഞാന്‍ ‍. പിന്നീട് വിദേശവാസം.. പഠനം അവിടെ നിലക്കുകയായിരുന്നു. ഇവിടെ (വിദേശത്ത്‍) വന്ന് പഠനം തുടരാനുള്ള വഴികള്‍ ഏറെ ആലോചിച്ചുവെങ്കിലും സ്ഥാപനങ്ങള്‍ എല്ലാം ഏതാണ്ട് മുന്നൂറോളം കിലോമീറ്റര്‍ അകലെയായതും സ്വയം പഠിക്കാനുള്ള ആത്മവിശ്വാസമില്ലാതിരുന്നതും തടസങ്ങളായി മാറുകയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍. ഇതിനിടെ കുഞ്ഞുങ്ങള്‍. മൂത്തകുഞ്ഞ് സ്കൂളില്‍ പോകാന്‍ തുടങ്ങിയ സമയത്താണ് വിദൂരവിദ്യാഭ്യാസ പഠനപദ്ധതിയനുസരിച്ച് പഠനം തുടരാനാകും എന്നറിഞ്ഞത്. ഇനി ഈ "വയസ്സുകാലത്തോ" എന്നൊരു അപകര്‍ഷതാ ബോധം മനസ്സിനെ പിടിച്ചുലച്ചു. ആ സമയത്താണ് വിവാഹം കഴിഞ്ഞ് വിധവയായതിനുശേഷം പഠനം തുടര്‍ന്ന ഒരു ഡോക്ടറെക്കുറിച്ച് വായിച്ചത്. സ്വന്തം മകള്‍ എസ്.എസ്.എല്‍.സി പാസ്സായിറങ്ങിയ അതേ വര്‍ഷം എം.ബി.ബി.എസ്.പൂര്‍ത്തിയാക്കിയവര്‍. പിന്നെ ഒട്ടും അമാന്തിച്ചില്ല. ഒന്നാം വര്‍ഷത്തെ മാര്‍ക് ലിസ്റ്റുമെടുത്ത് യൂണിവേഴ്സിറ്റിയില്‍ നിന്നും ബ്രേക് എന്‍ട്രി എടുത്ത് രെജിസ്റ്റ്രേഷന്‍ എസ്.ഡി.ഇ.യിലേക്ക് മാറ്റി ജോയിന്‍ ചെയ്തു. നാട്ടില്‍ നിന്നും പുസ്തകങ്ങള്‍ വരുത്തി സ്വയം നോട്ട് തയ്യാറാക്കി ഉറക്കമിളച്ച്....അഞ്ചു വയസ്സുകാരനും മൂന്ന്‍ വയസ്സുകാരിക്കുമിടയില്‍ മറ്റാരും സഹായത്തിനില്ലാതെ നെട്ടോട്ടമോടി.ഒടുവില്‍ മുന്നൂറ്റമ്പത് കിലോമീറ്റര്‍ അകലെ അബുദാബിയിലുള്ള പരീക്ഷാകേന്ദ്രത്തിലേക്ക്.

പരീക്ഷയെഴുതാന്‍ സെന്ററിലെത്തിയപ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിയത്. എന്റെ "ത്യാഗങ്ങളൊന്നും" ഒന്നുമല്ലെന്നും, ഞാനിപ്പോഴും കുട്ടിയാണെന്നും മനസ്സിലായത്. ഭുരിഭാഗം പേരും മുപ്പത്തഞ്ചുവയസ്സിനു മുകളില്‍ പ്രായമുള്ളവര്‍. എന്റെയടുത്തിരുന്ന ബെഞ്ചമിന്‍ അങ്കിളിന്റെ മൂത്തമകന്‍ മെഡിസിനു പഠിക്കുന്നു. രണ്ടാമത്തെമ്മകന്‍ എഞ്ചിനീയറിംഗ്. നല്ലൊരു ശതമാനവും ജോലിചെയ്യുന്നവരായിരുന്നു. ജോലിക്കും വീടിനുമിടയിലുള്ള ഓട്ടത്തിനിടയിലും പഠിക്കാന്‍ സമയം കണ്ടെത്തിയവര്‍. പരീക്ഷയെഴുതാനായി ലീവ് കളയാതെ ഓഫീസില്‍ നിന്നും രണ്ടരമണിക്കൂര്‍ സമയം "അഡ്ജസ്റ്റ്" ചെയ്ത് വരുന്നവര്‍. ഡെലിവറി വാന്‍ പുറത്ത് പാര്‍ക്ക് ചെയ്ത് ഓടിക്കിതച്ച് വരുന്ന സെയില്‍‌സ്മാന്‍മാര്‍. ടാക്സിഡ്രൈവര്‍മാര്‍. പിന്നെ ജോലിക്കിടയിലും പഠനം തുടരുന്ന ചെറുപ്പക്കാരുമുണ്ട്. മുപ്പത്തഞ്ചുകാരനായ എന്റെ കസിന്‍ എം.ബി.എ. വിദ്യാര്‍ത്ഥിയാണ് ഇവിടെ. വെള്ളിയാഴ്ചകളില്‍ മാത്രം ക്ലാസ്സ് അറ്റന്‍ഡ് ചെയ്യുന്ന അവന്‍ പറയുന്നത് ഞാനൊക്കെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ "യംഗസ്റ്റ് ചാപ്സിന്റെ" ലിസ്റ്റില്‍ വരുമെന്നാണ്. ഭൂരിഭാഗവും മലയാളികളെങ്കിലും നോര്‍ത്തിന്‍ഡ്യന്‍സുമുണ്ട് കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ വിദൂരപഠന വിദ്യാര്‍ത്ഥികളില്‍.

ഞാനോര്‍ത്തുപോയത് നമ്മുടെ നാടിനെക്കുറിച്ചാണ്. അവിടെയിരുന്നാണ് ഞാന്‍ വീണ്ടും പരീക്ഷയെഴുതാന്‍ പോയിരുന്നതെങ്കില്‍ "വയസ്സു കാലത്ത്" പഠിക്കാന്‍ പോയതിനെത്ര പഴികേട്ടേനെ? നമ്മുടെ പുരുഷന്മാരും, സ്ത്രികളും അവരുടെ വിദ്യാഭ്യാസം ഒരിക്കല്‍ നിന്നുപോയാല്‍ പിന്നെയത് പുനരാരംഭിക്കാന്‍ മെനക്കെടാറുണ്ടോ? ഉണ്ടെങ്കില്‍ തന്നെ നമ്മുടെ നാട്ടുകാരുടെ പ്രതികരണം എന്തായിരിക്കും? എന്റെ ഗ്രാമത്തില്‍ ബന്ധുവീടുകളിലും അയല്‍ വീടുകളിലും അനവധി പെണ്‍കുട്ടികളുണ്ട്. ഇവിടെ രാത്രി കൊച്ചുകുഞ്ഞുങ്ങള്‍ക്കൊപ്പം ഉറക്കമിളച്ച്, പകല്‍ അവരുറങ്ങുമ്പോള്‍ ജോലികള്‍ തീര്‍ത്ത് അവരൊന്നു വലുതാകും വരെ വിശ്രമമില്ലാതെ കഴിയുന്ന പ്രവാസി അമ്മമാരെപ്പോലല്ല അവര്‍. പ്രസവിക്കലും, ഇടക്ക് പാലുകൊടുക്കലും കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് മറ്റൊരു ഉത്തരവാദിത്വവുമില്ല. കുഞ്ഞു രാത്രി കരയുമ്പോള്‍ ഉറക്കമിളക്കേണ്ടതും, തങ്ങള്‍ പുറത്തുപോകുമ്പോള്‍ കുഞ്ഞുങ്ങളെ നോക്കേണ്ടതും തങ്ങളുടെ അമ്മമാരോ അമ്മായിയമ്മമാരോ ആണെന്ന ധാരണയോടെ മെഗാസീരിയലിനും, റിയാലിറ്റിഷോകള്‍ക്കുമനുസരിച്ച് ജീവിതം ക്രമപ്പെടുത്തിയവര്‍. ഇരുപത്തൊന്നുകാരിയും, നാലുവയസ്സുകാരന്റെ അമ്മയുമായ എന്റെ ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യയടക്കം. തുടര്‍ന്ന് പഠിക്കാന്‍ പറയുന്ന എന്നോട് "ഇനീം പുസ്തകം വായിച്ച് കഷ്ടപ്പെടാനാനെങ്കില്‍ പിന്നിപ്പണിക്ക് (കല്യ്യാണം കഴിക്കാന്‍) നിക്കണായിരുന്നാ " എന്നാണ് ചോദ്യം. എന്തു ചെയ്യാന്‍ ‍? ഇനി ആഗ്രഹമുള്ള ന്യൂനപക്ഷത്തിനു മുന്നില്‍ ഭര്‍ത്താവും, വീട്ടുകാരും വിലങ്ങുതടിയാണ് താനും.

ഇവിടെയുള്ള ആണ്‍കുട്ടികളും,പെണ്‍കുട്ടികളും പ്ലസ് ടു കഴിഞ്ഞാല്‍ പിന്നെ എവിടെയെങ്കിലും ചെറിയൊരു ജോലിനേടുന്നു. (അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും, എജ്യുക്കേഷണല്‍ സിറ്റികളിലും പഠിക്കുന്ന ഹയര്‍ക്ലാസ്സിനെ അല്ല ഉദ്ദേശിക്കുന്നത്). പിന്നീടാണ് അവര്‍ പഠനം തുടരുന്നത്. നമ്മുടെ നാട്ടില്‍ കാമ്പസ്സ് റിക്രൂട്ട്മെന്റ് വഴി ജോലിക്ക് കയറി വീണ്ടും പഠനം തുടരുന്നപോലെയല്ല അത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മര്‍ച്ചന്‍ഡൈസര്‍, സെയിത്സ്മാന്‍, (ഭാരമെറിയ കാര്‍ട്ടണുകള്‍ കണ്ടയിനറുകളില്‍ നിന്നും വെയര്‍ഹൌസുകളിലേക്കും, സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും ചുമക്കുന്നത് ഈ ജോലികളുടെ ഭാഗമാണ്.) സ്വകാര്യസ്ഥാപനങ്ങളിലും, മണി എക്സ്ചേഞ്ച് സെന്ററുകളിലേയും റിസപ്ഷനിസ്റ്റുകള്‍, ഫാസ്റ്റ് ഫുഡ് സെന്ററുകളിലെ വെയിറ്റേഴ്സ് തുടങ്ങിയ അനാകര്‍ഷകങ്ങളായ ജോലികളാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. പിന്നീട് ജോലി ലഭിച്ചാലും, പ്രായം കൂടി സീനിയോരിറ്റി അനുസരിച്ച് ലഭിക്കുന്ന പ്രൊമോഷന്‍ കാത്തുനില്‍ക്കാതെ, പഠനം തുടര്‍ന്ന് വീണ്ടും മുന്നോട്ട് പോകാന്‍ കുതിച്ചുകൊണ്ടിരിക്കുന്നു അവര്‍. നമ്മുടെ നാട്ടില്‍ പട്ടണത്തിലെ ചെറിയൊരു വിഭാഗം കൌമാരകാരിലെങ്കിലും ഇന്നീ പ്രവണത കാണുന്നുണ്ട്. എങ്കിലും കൂടുതല്‍ പേരിലേക്ക്, ആ പ്രായം കഴിഞ്ഞുവെന്ന് പറഞ്ഞിരിക്കുന്നവരിലേക്ക് ഈ വെളിച്ചം എന്നെത്തും? എന്തുജോലിയും ചെയ്യാന്‍ എത്രപേര്‍ വരും?

പറഞ്ഞുവന്നതിന്റെ ഭാഗമായി മറ്റൊന്നുകൂടി. മുസ്ലിം ഭൂരിപക്ഷമുള്ളതാണെന്റെ ഗ്രാമം. എത്ര വിദ്യാഭ്യാസമുള്ളവരും പെണ്മക്കളെ പതിനെട്ട് വയസ്സിലേ വിവാഹം കഴിപ്പിച്ചയക്കുന്നു. എന്റെ ഉമ്മ തന്നെ ഒരു ബാങ്ക് മാനേജര്‍ ആയിരുന്നു. ഇവിടെ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് ഗള്‍ഫ് വരുമാനത്തെ. അടിച്ചുപൊളിച്ച് ജീവിതമല്ലാതെ കയ്യില്‍ ചില്ലിപ്പൈസ സമ്പാദ്യം കാണില്ല ഭൂരിഭാഗത്തിനും. ഒരുനാള്‍ അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടാല്‍ പിന്നെ ചെറിയ ജോലി ചെയ്യാന്‍ തയ്യാറല്ലാത്ത ഇവര്‍ നേരെ ഭാര്യവീട്ടിലേക്ക്. ഒന്നുകില്‍ വൃദ്ധനായ അമ്മായിയപ്പനെ ബുദ്ധിമുട്ടിക്കാന്‍ . അല്ലെങ്കില്‍ പിന്നെ ചുമതല ആങ്ങളക്കാവും. ചെറിയ കാര്യങ്ങള്‍ പോലും നടക്കാതായാല്‍ ആങ്ങളയെ പഴിച്ച് പെങ്ങളും, വേണ്ടാത്തഭാരം തലയിലെടുത്തുവെക്കുന്ന ഭര്‍ത്താവിനും, ബാധ്യതയായി വന്നു നില്‍ക്കുന്ന നാത്തൂനും കുടുംബത്തിനുമെതിരെയും മുഖം കറുപ്പിച്ച് മറ്റൊരു കഥാപാത്രവും. അങ്ങനെ പുകയുന്ന വീടുകള്‍.വിവാഹശേഷം ക്രിസ്ത്യനികള്‍ തിങ്ങിപ്പാര്‍ക്കുന്ന കുന്നംകുളം പ്രദേശത്തെത്തിയ ഞാന്‍ കണ്ടത് മറ്റൊരു കാഴ്ചയും. അവിടുത്തെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍, സ്കൂളില്‍ പഠിക്കുമ്പോള്‍ പഠനത്തില്‍ പിന്നിലായിരുന്നവര്‍ പോലും കോളേജിലെത്തുമ്പോള്‍ പൊരുതിക്കയറി ഒരു ജോലി സമ്പാദിക്കാന്‍ തത്രപ്പെടുന്നു. യാത്രകളില്‍ വഴിയരികില്‍ കൂടെക്കൂടെ കാണുന്ന "അപ്പം, ഇടിയപ്പം മുതലായവ ഓര്‍ഡര്‍ അനുസരിച്ച് ഉണ്ടാക്കിക്കൊടുക്കപ്പെടും" എന്ന ബോര്‍ഡ് കാണുന്നതെല്ലാം ക്രിസ്ത്യന്‍ വീടുകളാണെന്നും മനസ്സിലായി. അവിടെയെല്ലാം ഒരു സഹായിയെപ്പോലും വെക്കാതെയാണ് ഭൂരിഭാഗം വീട്ടമ്മമാരും കരിയോടും, പുകയോടും പൊരുതുന്നത്. പാക്കിംഗും, മാര്‍ക്കറ്റിംഗും, ഡെലിവറിയും ഏതാണ്ടെല്ലാവരും സ്വന്തമായാണ് ചെയ്യുന്നത്. വെറുതെയിരിക്കുന്ന വീട്ടമ്മമാര്‍പോലും മുന്നിലുള്ള മണ്ണില്‍ എന്തെങ്കിലും പച്ചക്കറി നട്ടുനനച്ചോ, വീട്ടില്‍ ചെറിയ തോതില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിയോ തങ്ങള്‍ക്കാവുന്നപോലെ കുടുംബത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുന്നു.

വിദേശത്തുവന്നപ്പോളും ജോലിസമ്പാദിക്കാന്‍ ശ്രമിക്കുന്നതില്‍ മടികാണിക്കുന്നത് മുസ്ലിം സ്ത്രീകള്‍ തന്നെയാണെന്ന് ശ്രദ്ധയില്‍പ്പെട്ടു. ഉന്നത വിദ്യാഭ്യാസമുള്ളവരുമുണ്ട് ഇക്കൂട്ടത്തില്‍. പക്ഷെ പലയിടത്തും സ്ത്രീകള്‍ക്കാഗ്രഹമില്ലാഞ്ഞല്ല, വീട്ടുകാര്‍ തന്നെയാണ് തടസ്സം. ഉള്ളയോഗ്യത വച്ച് പൊരുതിക്കയറുന്നതില്‍ അപ്പോഴും ക്രിസ്ത്യന്‍ സഹോദരിമാര്‍ ഏറെമുന്നിലാണ്. കഷ്ടപ്പെടുന്ന ഒരു ബന്ധു സ്ത്രീയോട് എന്തെങ്കിലും സ്വന്തമായി ചെയ്യുന്നതിനെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ "അതൊക്കെ കുറച്ചിലാണ്" എന്നായിരുന്നു മറുപടി. അപ്പോളെന്താണ് കുറച്ചിലല്ലാത്തത്? സ്വന്തം വീട്ടുകാരെ എന്നും ബുദ്ധിമുട്ടിക്കുന്നതോ? മൂന്നുനേരവും കുഞ്ഞുങ്ങള്‍ അമ്മായിമാരുടെ ദുര്‍മുഖം കാണുന്നതോ? "ടെയിലറിംഗ് അറിയായിരുന്നുവെങ്കില്‍ പിന്നെയും എന്തേലും ചെയ്യാമായിരുന്നു. "അതത്ര കുറഞ്ഞപണിയല്ല.! എന്നാലതുനോക്കിക്കൂടെ എന്നു ചോദിച്ചപ്പോള്‍ ഇപ്പോ അതു പഠിക്കാന്‍ പോയാല്‍ കഷ്ടപ്പാടുകൊണ്ടാണെന്ന് നാട്ടുകാര്‍ക്കൊക്കെ മനസ്സിലാകില്ലേ എന്ന മറുചോദ്യം. ഞാന്‍ ചിരിക്കണോ കരയണോ എന്നറിയാ‍തിരുന്നു പോയി.

24 comments:

ആഗ്നേയ said...

നവംബര്‍ രണ്ടാം ലക്കം നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചലേഖനം

വല്യമ്മായി said...

ഇതു വായിച്ചതാ,നോവലെവിടെ?

ആഗ്നേയ said...

വല്യമ്മായീ ഒരു നാട്ടില്പോക്ക്,ഷിഫ്റ്റിംഗ് അങ്ങനെ കുറച്ചു തിരക്കില്‍ ഒന്നരമാസമായി ബ്ലോഗ്ഗില്‍ കയറാ‍ന്‍ പറ്റിയില്ല..ഇങ്ങനെ ഇടക്ക് ഇടവേളകള്‍ വരുന്നതുകൊണ്ട്
ഇനിയതു മുഴുവനാക്കി ഓരൊ അദ്ധ്യായങ്ങളായി പെട്ടന്നങ്ങു പോസ്റ്റിതീര്‍ക്കാംന്നു വച്ചു.
തിരക്കില്‍ പോസ്റ്റുമ്പോള്‍ ചില ഘടനാ വൈകല്യങ്ങള്‍ പിന്നീടാണ് ശ്രദ്ധയില്‍ വരുന്നത്(പിന്നെപ്പിന്നെ,ഇടക്കിടെ എന്നിങ്ങനെ ചിലവാക്കുകളുടെ അതിപ്രസരം,ആവര്‍ത്തിച്ച സംഭാഷണങ്ങള്‍ അങ്ങനെ....gimme onli 1 week...thanks..:-)

നജൂസ് said...

പെണ്ണുങള്‍ നയിച്ചു കൊണ്ടുവന്ന്‌ അരി തീമ്മലിടേണ്ട ഗതികേടൊന്നും ഈ തറവാട്ടില്‍ വന്നിട്ടില്ല..... :)
പെണ്ണിനെ പഠിപ്പിച്ച കാശുകൊണ്ട്‌ നാല് തെങും തൈ വെക്കായിരുന്നെങ്കില്‍ അതെങ്കിലുമുണ്ടായിരുന്നു.
മാറ്റമില്ലാത്തത്‌ മുസ്ലിമിന് മാത്രമാണെന്ന്‌ മാറ്റിയെഴുതിക്കും..

നന്മകള്‍

കാന്താരിക്കുട്ടി said...

മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ തൻ കാലിൽ നിൽക്കാൻ സ്ത്രീകൾക്കെന്നു സാധിക്കുന്നോ അന്നേ അവൾ ഉയരൂ! എന്തിനും ഏതിനും ഭർത്താവിനെയും വീട്ടുകാരെയും ബുദ്ധിമുട്ടിക്കാതെ,സ്വന്തമായി വരുമാനം ഉണ്ടാക്കാൻ ഉള്ള എന്തു ജോലിയും ചെയ്യാം എന്ന തന്റേടം ഉണ്ടാകണം പെൺകുട്ടികൾക്ക്.നല്ല ലേഖനം ആഗ്നേയ.

പാര്‍ത്ഥന്‍ said...

നജ്ജൂസ്‌ പറഞ്ഞത് തികഞ്ഞ യാഥാസ്ഥികരുടെ വാക്കുകളാണ്. ഇതര മതവിഭാഗങ്ങളിലും ഇത്തരക്കാരുണ്ട്. പക്ഷെ ഇസ്ലാം എന്നും പിന്നിലാണെന്നു വിലപിക്കുന്നവർ, ഈ നാട്ടുനടപ്പ്‌ അറിയാതെയാണോ ഓലിയിടുന്നത്.
ആഗ്നേയ ചമ്മണ്ട. എന്റെ ഒരു സുഹൃത്ത് അവളുടെ മകളുടെ കൂടെയാണ് ഡിഗ്രി എഴുതുന്നത്‌.

jwalamughi said...

"ഞാനോര്‍ത്തുപോയത് നമ്മുടെ നാടിനെക്കുറിച്ചാണ്. അവിടെയിരുന്നാണ് ഞാന്‍ വീണ്ടും പരീക്ഷയെഴുതാന്‍ പോയിരുന്നതെങ്കില്‍ "വയസ്സു കാലത്ത്" പഠിക്കാന്‍ പോയതിനെത്ര പഴികേട്ടേനെ? നമ്മുടെ പുരുഷന്മാരും, സ്ത്രികളും അവരുടെ വിദ്യാഭ്യാസം ഒരിക്കല്‍ നിന്നുപോയാല്‍ പിന്നെയത് പുനരാരംഭിക്കാന്‍ മെനക്കെടാറുണ്ടോ? "
നമ്മുടെ നാട്ടിലെ തെറ്റായ ചിന്താഗതിയാ‍ണ് അത്.പഠിക്കുവാനുളള അവസരങ്ങള്‍ എപ്പോഴും വിനിയോഗിക്കുവാന്‍ മാനസികമായി തയ്യാറുള്ളവര്‍ അപൂര്‍വ്വം

ആഗ്നേയ said...

പഠനത്തിനു പ്രായം പ്രശ്നമല്ലെന്നു പറഞ്ഞുവന്ന കൂട്ടത്തില്‍ സ്ത്രീകളുടെ സ്വയം പര്യാപ്തതയുടെ ചില വാസ്തവങ്ങള്‍ നേര്‍ക്കാഴ്ചകളില്‍ നിന്നും കൂട്ടിച്ചേര്‍ത്തതാണ്.ഇപ്പോഴും നാട്ടിന്‍പുറങ്ങളിലെ എന്റെ മുസ്ലിം സഹോദരിമാരുടെ സ്ഥിതി ദയനീയം ആണ്.15 വയസ്സിലേ കല്യാണം കഴിപ്പിച്ചയക്കപ്പെട്ട്,പതിനാറില്‍ അമ്മയായി,ഇരുപതുകളില്‍ വീട്ടമ്മയായി മാറുന്നവള്‍ ഇന്നു വാസ്തവത്തില്‍ കേരളത്തില്‍ ഞങ്ങളിലെ കാണു.എന്നാല്‍ ഇവിടെ മതം എന്നതിനേക്കാള്‍ ഞാന്‍ പറഞ്ഞുവന്നത് ഞങ്ങളുടെ നാട്ടിലെ കുടുംബ വ്യവസ്ഥിതിയാണ്.ലേഖനം അതിനെക്കുറിച്ചല്ലാത്തതിനാല്‍ ആ വിശദാംശങ്ങളിലേക്ക് അധികം കടന്നില്ലെന്നു മാത്രം.
കണ്ണൂര്‍,കോഴിക്കോട് ജില്ലകളിലെപ്പോലെ ഇവിടെ മുസ്ലിം പെണ്‍കുട്ടികള്‍ വിവാഹശേഷം സ്വന്തം വീട്ടിലെ സ്ഥിരതാമസക്കാരല്ല എന്നതു നേര്.എന്നാല്‍ മരുമക്കത്തായത്തിന്റെ ശേഷിപ്പാണോ എന്തോ അറിയില്ല..എന്നുമെന്നും ഇവരുടെയും,മക്കളുടെയും സര്‍വ്വ കാര്യങ്ങളും സ്വന്തം വീട്ടുകാരുടെ ഉത്തരവാദിത്വമാണ്.അതു തെറ്റെന്നല്ല എന്നാലും ചില കാര്യങ്ങള്‍ ആങ്ങളമാര്‍ എന്തു ത്യാഗം സഹിച്ചും ചെയ്തോ‍ളണം എന്ന നിര്‍ബന്ധം പലര്‍ക്കുമുണ്ട്..സ്വന്തം വീട്ടിലും,സഹോദരന്മരുടെ വീട്ടിലും ഇവര്‍ക്കു നല്ല അധികാരവുമുണ്ട്..ഏതുനിലക്കായാലും സ്വന്തം കാര്യം ഭംഗിയായി നടക്കും എന്നവര്‍ക്കും അറിയാം.അതാണു പറഞ്ഞത് പലര്‍ക്കും സ്വയം വലീയ താല്പര്യം ഇല്ല..സീരിയലും കണ്ട് വീട്ടിലിരുന്നാല്‍ മതി.പിന്നെയുള്ളവര്‍ക്ക് വീട്ടുകാര്‍ തടസ്സവും.ഇന്നും ആ ആചാരങ്ങള്‍ മാറ്റാന്‍ എന്തോ ആരും തയ്യാറല്ല..എന്നാല്‍ സ്ഥിരമായി ഇങ്ങനെ സഹോദരന്റെ ആശ്രയത്തില്‍ കഴിയേണ്ടിവരുമ്പോള്‍ ചിത്രം മാറുന്നു..അപ്പോഴും ആരും ദുരഭിമാനം കൈവെടിയുന്നുമില്ല.ഉള്‍ത്തളങ്ങളില്‍ നീറുന്ന മനസ്സോടെ കുറെ കുഞ്ഞുങ്ങളും.
ക്രിസ്റ്റ്യന്‍ സമുദായത്തില്‍ ഞാന്‍ പറഞ്ഞ സ്ഥലം,അതായത് കുന്നംകുളത്ത് പെണ്‍കുട്ടിക്ക് കൊടുക്കാനുള്ള ഓഹരിയെപ്പറ്റി ആദ്യമെ ധാരണയുണ്ടാവും.അതുപറഞ്ഞുറപ്പിച്ച് കാലേക്കൂട്ടി കണക്കുകൂട്ടിയ ഒരു ദിവസം ചെറുക്കന്‍ വിട്ടുകാരുമൊന്നിച്ച് “ചരക്ക്കെടുക്കാന്‍” പോകും.സ്ത്രീധന തുകയില്‍ എത്ര സ്വര്‍ണ്ണത്തിനെടുക്കാം,എത്ര വസ്ത്രങ്ങള്‍ക്ക് ചിലവാക്കാം എന്നൊക്കെ അവര്‍ തീരുമാനിക്കും.ചെറുക്കന്‍ വിട്ടുകാര്‍ക്ക് കല്യാണച്ചിലവിനുള്ള തുകയും ഇവര്‍ നല്‍കും.പിന്നീട് കല്യാണത്തിന് ചെക്കന്‍ വീട്ടിലേക്ക് പെട്ടികൊണ്ടുപോകുക എന്നൊരു ചടങ്ങുണ്ട്.പെണ്‍കുട്ടിക്ക് ഒരുവര്‍ഷത്തിനുള്ള വസ്തുവകകള്‍ അതിലുണ്ടാവും.പാര്‍ട്ടിവെയറുകള്‍,നിത്യോപയോഗസാധങ്ങള്‍ ,സോപ്പ്,ചീപ്പ് കണ്ണാടി തുടങ്ങി എല്ലാം.ഒരു വര്‍ഷം മുടങ്ങാതെ ഉപയൊഗിക്കാനുള്ള വസ്തുവകകള്‍ (ഭക്ഷണമൊഴിച്ച്)അതായത് എണ്ണയും,ടൂത്പേസ്റ്റും പോലും അതില്‍കാണണം..(അടുത്ത വീട്ടിലെ അമ്മാമ്മ പറഞ്ഞു പണ്ടൊക്കെ കൊണ്ടുവന്ന ഉമിക്കരിയോ,എണ്ണയോ,സോപ്പോ തീര്‍ന്നുപോയാല്‍ പിന്നെ സ്വന്തം വീട്ടില്‍ നിന്നും അതെത്തിക്കുന്ന വരെ നല്ല “സുഖമാണെന്ന്.”)പിന്നെ പ്രസവത്തിനും നല്ല ചിലവ്.ഇതെല്ലാം കഴിഞ്ഞാല്‍ പിന്നെ പെണ്‍കുട്ടിക്ക് സ്വന്തം വീട്ടില്‍ വലിയ സ്ഥാനം ഇല്ല.അതില്‍ നിന്നെടുക്കുന്ന അരക്ഷിതാവസ്ഥയാവാം അവളെ സ്വയം പര്യാപ്തയാവാന്‍ പ്രേരിപ്പിക്കുന്നതും.എല്ലാ വീടുകളിലും ഇതാവില്ല എങ്കിലും 95% എന്നു തറപ്പിച്ചു പറയാനെനിക്കാവും..
ഏതുപ്രായത്തിലും പഠിക്കാം..ഒരു ജോലി എന്നതിനേക്കാള്‍ അതുകൊണ്ടുണ്ടാവുന്ന മാനസികവും,ചിന്താപരവുമായ ഉയര്‍ച്ചയും നേട്ടമല്ലേ?വീട്ടിലിരുന്ന് പഠിച്ച് പ്രൈവറ്റ് ആയെങ്കിലും പരീക്ഷ എഴുതിക്കൂടെ?ഒരു ബിരുദമോ,ബിരുദാനന്തര ബിരുദമോ ജീവിതത്തില്‍ എന്നെങ്കിലും ഒരു കൈത്താങ്ങാകില്ലെ?
എഴുതുമ്പോള്‍ മനസ്സിലേക്ക് കടന്നുവന്ന ചില വേദനിപ്പിക്കുന്ന മുഖങ്ങളാണ് ആ അനുബന്ധം കൂട്ടിച്ചേര്‍ക്കാന്‍ പ്രേരിപ്പിച്ചത്..കഴിവുണ്ടായിട്ടും പഠിക്കാന്‍ ആവാത്തവരുണ്ട്.ശ്രമിക്കാത്തവരാണ് അതിലും കൂടുതല്‍.പലപ്പോഴും മറ്റുകാര്യങ്ങള്‍ നടത്തിയെടുക്കാന്‍ സ്ത്രീകള്‍ കാണിക്കുന്ന വാശിയും,ഉത്സാഹവും തുടര്‍പഠനത്തില്‍ അവര്‍ കാണിക്കുന്നില്ല.(പുതിയ ആഭരണമോ,വീട്ടുപകരണങ്ങളോ വാങ്ങാന്‍ പലമുറകളും പ്രയോഗിക്കും.അതിന്റെ പകുതിവാശി വീട്ടിലെങ്കിലും ഇരുന്നു പഠിക്കാന്‍ അനുവദിക്കാന്‍ എടുത്തൂടെ?)21 വയസ്സുള്ള ഭര്‍തൃ സഹോദരനും,19 വയസ്സുള്ള നാത്തൂന്റെ മകനും വേണ്ടി നേരത്തെയെണീറ്റ് ഭക്ഷണം തയ്യാറാക്കി,അവരുടെ ഡ്രസ്സൊക്കെ ഇസ്തിരിയിട്ടു കൊടുത്ത് അവര്‍ കോളേജില്‍ പോകുന്നത് നോക്കി വാതില്‍ക്കല്‍ കൈക്കുഞ്ഞുമായി നില്‍ക്കുന്ന , അടുത്തവീട്ടിലെ പതിനാറുകാരിയായ പുതുപെണ്ണായിരുന്നു കഴിഞ്ഞ അവധിക്കാലത്തെ എന്റെ വേദനിപ്പിക്കുന്ന കാ‍ഴ്ചകളിലൊന്ന്.അതെഴുതിയത് വായിച്ച് ആരെങ്കിലും ചിന്തിച്ചിരുനുവെങ്കില്‍ എന്നു തോന്നിപ്പോയി.തീര്‍ച്ചയായും 2 മതങ്ങളെയല്ല, (പ്രാദേശികവും,മനുഷ്യനിര്‍മ്മിതവുമായ)രണ്ട് സാമൂഹ്യ വ്യവസ്ഥിതികളെ,അല്ലെങ്കില്‍ ആചാരങ്ങളെയാണ് ഞാന്‍ താരതമ്യംചെയ്തതും.തലമുറകളായി ആവര്‍ത്തിച്ചുവരുന്ന ആ വ്യവസ്ഥിതികള്‍ ഇരുകൂട്ടരിലും അവരറിയാതെ ചിലസ്വഭാവസവിശേഷതകള്‍ ഇഴപാകിയിരിക്കാം.
വല്യമ്മായി,നജൂസ്,പാര്‍ത്ഥന്‍,ജ്വാലാമുഖി..നന്ദി

ആഗ്നേയ said...

കാന്താരിക്കുട്ടീ നന്ദി
ജ്വാലാമുഖി,മനോഹരമായ പേര്..
ഡിസ്പ്ലേ മലയാളത്തിലാണെങ്കില്‍ ഒന്നുകൂടെ മനോഹരമായേനെ.:-)

ശ്രീ said...

നല്ല പോസ്റ്റ് ചേച്ചീ...

വെളിച്ചപ്പാട് said...

പെണ്ണുങ്ങള്‍ പഠിച്ചാല്‍ എല്ലാം കൊണ്ടും നല്ലത് തന്നെ. പ്രത്യേകിച്ച് മുസ്ലിം സമുദായത്തില്.
ആഗ്നേയ എഴുതിയത് അക്ഷരം‌പ്രതി ശെരിയാണ്.

Haree | ഹരീ said...

പഠനം അവസാനിക്കുന്നതേയില്ല... നന്നായി പറഞ്ഞിരിക്കുന്നു.
--

Melethil said...

ആഗ്നേയയുടെ ലാസ്റ്റ് കമന്റ് വായിച്ചപ്പോള്‍ ഓര്മ്മ വന്നതാ എന്റെ ഒരു അടുത്ത (മുസ്ലിം) സുഹൃത്ത് കല്യാണം കഴിച്ചു..രണ്ടാം ദിവസം അമ്മായിയമ്മയും മരുമകളും സംസാരിക്കുമ്പോള്‍ മരുമകള്‍ പറഞ്ഞു "ഞാന്‍ കഴിഞ്ഞ കൊല്ലം ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍...", അവര്‍ ഞെട്ടിപ്പോയി ബ്രോക്കറെ ഒന്നു ശരിക്ക് "കുടഞ്ഞപ്പോള്‍" അയാളും സമ്മതിച്ചു , ആ കുട്ടിക്ക് പതിമൂന്നു വയസ്സ് ഉള്ളു, "ഭാരം" ഒഴിവാക്കിയതാ വീട്ടുകാര്‍. ആ നല്ല ഉമ്മ അവളെ സ്കൂളിലയക്കാന്‍ തുടങ്ങി. സുഹൃത്തിനു വലിയ നാണക്കേടായി ഏതായാലും. അധികം മുന്നെയൊന്നുമല്ല ഇത് നടന്നത്. ഇപ്പോഴും നടക്കുന്നുണ്ട് , കുറെ ദിവസം നീലേം വെള്ളെമിട്ടു സ്കൂളില്‍ പോകുന്നെ കാണാം, പിന്നെ പെട്ടെന്ന് ഒരു കല്യാണം , കുട്ടികള്‍..എസ് ടി ഡി ബൂത്തിലേയ്ക്ക് ഓട്ടം ( ഗള്‍ഫിലുള്ള മാപ്ലേനെ വിളിക്കാന്‍)..പാവങ്ങള്‍!

സുദേവ് said...

ആഗ്നേയ ....പറഞ്ഞതൊക്കെ നൂറു ശതമാനം ശെരി ആണ്. അടുത്ത തലമുറയിലേക്ക് കടക്കുമ്പോഴെക്കെങ്കിലും ഇതൊക്കെ മാറുമെന്നു പ്രത്യാശിക്കാം..........

സുദേവ് said...

ഒരു കാര്യം ചോദിച്ചോട്ടെ? ഈ കമന്റ്സിന് ഓണര്‍ അപ്പ്രൂവലിന്റെ ആവശ്യമുണ്ടോ?ഇതിപ്പോള്‍ ആഗ്നെയക്ക്‌ ഇഷ്ടമുള്ള കമന്റുകള്‍ മാത്രം പോസ്റ്റുന്നത് പോലെ ആകില്ലേ? അപ്പോള്‍ ചര്‍ച്ചകളുടെ ആധികാരികതയും കുറയില്ലേ?

സുദേവ് said...

ഒരു കാര്യം ചോദിച്ചോട്ടെ? ഈ കമന്റ്സിന് ഓണര്‍ അപ്പ്രൂവലിന്റെ ആവശ്യമുണ്ടോ?ഇതിപ്പോള്‍ ആഗ്നെയക്ക്‌ ഇഷ്ടമുള്ള കമന്റുകള്‍ മാത്രം പോസ്റ്റുന്നത് പോലെ ആകില്ലേ? അപ്പോള്‍ ചര്‍ച്ചകളുടെ ആധികാരികതയും കുറയില്ലേ?

ആഗ്നേയ said...

ശ്രീ,വെളിച്ചപ്പാട്,ഹരീ നന്ദി
മേലേതില്‍ ഇതൊക്കെ എന്റെയും വേദനകളാണ്.കണ്മുന്നില്‍ ഇന്നും ഉണ്ട്.വിവാഹം കഴിയുന്നതോ,അമ്മയാകുന്നതോ ജീവിതത്തിന്റെ അവസാനഘട്ടം അല്ല എന്ന് മനസ്സിലാക്കാന്‍ പലപ്പോഴും വൈമുഖ്യം കാണിക്കുന്നത് ഈ കുഞ്ഞുങ്ങള്‍ തന്നെ.
നന്ദി മേലേതില്‍...
സുദേവ് അഭിനന്ദനങ്ങള്‍ മാത്രമല്ല വിമര്‍ശനങ്ങളും ഞാന്‍ പ്രസിദ്ധീകരിക്കാറുണ്ട്...കുറച്ചധികം ദിവസം ഒന്നു വീട്ടില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നപ്പോള്‍ ഒരു ബ്ലോഗ്ഗില്‍ മാത്രം ഒന്ന് മോഡറേഷന്‍ വച്ചതായിരുന്നു..കുറച്ചുസെന്‍സിറ്റീവ് ആയ ഒരു പോസ്റ്റിനു കിട്ടിയ ഒന്നുരണ്ട് കമന്റ് അത്ര സഭ്യമല്ലായിരുന്നു..എന്നെ മാത്രമല്ല അവിടെ കമന്റ് ഇട്ടിരുന്ന സ്ത്രീകളടക്കമുള്ള ചില സുഹൃത്തുക്കളെപ്പോലും പരാമര്‍ശിച്ച്..അതുകൊണ്ട് എല്ലാം ഒന്നു പൂട്ടിവച്ചന്നേയുള്ളു..:-)
അല്ലാതെ വിമര്‍ശനങ്ങളെ ഒഴിവാക്കാറില്ലാ ട്ടൊ..
നന്ദി സുദേവ്.

Typist | എഴുത്തുകാരി said...

നല്ല ലേഖനം. ഇപ്പോള്‍ കുറച്ചൊക്കെ മാറ്റം വന്നു തുടങ്ങിയിട്ടില്ലേ?

...പകല്‍കിനാവന്‍...daYdreamEr... said...

ഇതു ഞാന്‍ നേരത്തെ നാട്ടുപച്ചയില്‍ വായിച്ചിരുന്നു... അഭിവാദ്യങ്ങള്‍...

നിലാവ് said...

ആഗ്നേയ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.

ലേഖനം വായിച്ച്, പല കൂട്ടുകാരുടെയും അവസ്ഥ ഓര്‍ത്തുപോയി.

മലമൂട്ടില്‍ മത്തായി said...

First off, hearty congratulations for continuing your education even after having two small children.

Even though this is a big problem, I believe every one should do his or her bit.

ഏകാകി said...

very interesting one! I support your views!

മുന്നൂറാന്‍ said...

ഇതു നേരത്തെ നാട്ടുപച്ചയില്‍ വായിച്ചിരുന്നു.
നല്ല ചിന്തകള്‍. അത്‌ ആഗ്നേയ ആണെന്ന്‌ അറിയില്ലായിരുന്നു.

മുസാഫിര്‍ said...

സ്വന്തം ജീവിതം മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാകട്ടേ ! ആശംസകള്‍.