Sunday, February 8, 2009

മരിച്ചുപോയവരെ കുറ്റം പറയരുത്

വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.എന്റെ നാത്തൂനും അളിയനും കൂടെ കേരളത്തിലെ അതിപ്രശസ്തമായ ഒരു ഗവേഷണ കേന്ദ്രത്തിലേക്ക് സന്ദര്‍ശനം നടത്താന്‍ പോകുമ്പോള്‍ എന്നെവിളിച്ചു.അളിയന്റെ സുഹൃത്തിന്റെ ഭാര്യ അവിടെ ജോലിചെയ്യുന്നുണ്ട്..അതിന്റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലാണവരുടെ താമസം.അങ്ങോട്ടാണ് ആദ്യം പോയത്.

ചായയൊക്കെ കുടിച്ച് ഞങ്ങളവിടെയൊക്കെ ചുറ്റിനടന്നുകാണാന്‍ തുടങ്ങി.അവിടെ താമസിക്കുന്ന കുടുംബാംഗങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നും വരുന്നുമുണ്ട്.നേരെ ആരുവന്നാലും ചിരിച്ചുകാണിക്കുക എന്നൊരു നല്ല സ്വഭാവം എനിക്കുണ്ട്..എന്റെ മുഖത്തെ ശാലീനതയും,നിഷ്ക്കളങ്കതയും (ഹോ!)കണ്ടാവണം എല്ല്ലാവരും ഒരു ചിരി തിരികെത്തരാറുമുണ്ട്.ഇനിയഥവാ ആരെങ്കിലും കാണാത്തമട്ടില്‍ പോയാല്‍ അന്നുകിടന്നുറങ്ങുന്നതുവരെ ഞാനവരെ മനസ്സില്‍ ചീത്തേം വിളിക്കും.

അങ്ങനെ അവിടെയും ആ നടപ്പിനിടയില്‍ ഞാന്‍ എല്ലാവരേം നോക്കി മനോഹരമായി ചിരിച്ചുകൊണ്ട് നടക്കുകയായിരുന്നു..അതിനിടക്കാണ് ഒരു ചേച്ചിയെകണ്ടത്.നമുക്കവരെ സാവിത്രി എന്നു വിളിക്കാം.എന്റെ ചിരിക്കുപകരം നിര്‍ജ്ജീവമായൊരു നോട്ടം സമ്മാനിച്ച് അവര്‍ പോയി.
“ഹോ..ഇവര്‍ക്കെന്താ വെട്ടുപോത്തിന്റെ സ്വഭാവം?മനുഷ്യരെ കണ്ടിട്ടില്ലേ?
ആരാന്നാ വിചാരം?”ഞാന്‍ തുടങ്ങി.
അപ്പോഴാണ് ഞങ്ങള്‍ പോയ വീട്ടിലെ ചേച്ചി അവരെപ്പറ്റി പറഞ്ഞത്.
സാവിത്രി പത്താംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അയല്‍ക്കാരനായ ഷറഫുദ്ദീനുമായി പ്രണയത്തിലാവുന്നത്.ഇരു വീട്ടുകാരും കടുത്തയാഥാസ്തിതികര്‍.അധികകാലം ഈ ബന്ധം അവര്‍ക്കൊളിച്ചുവക്കാനായില്ല.വീട്ടിലും നാട്ടിലും പ്രശ്നങ്ങളായി.ഷറഫുദ്ദീന് തന്റെ താഴെ മൂന്ന് അനിയത്തിമാരുണ്ട്..അവരുടെ കല്യാണം കഴിഞ്ഞാല്‍ താന്‍ വന്നുകൊണ്ടുപോയ്ക്കോളാമെന്ന് സാവിത്രിക്കദ്ദേഹം വാക്കുനല്‍കി.

ഇതിനിടെ സാവിത്രിക്കു വീട്ടില്‍ കല്യാണാലോചനകള്‍ മുറുകിത്തുടങ്ങിയിരുന്നു.കടുത്ത മര്‍ദ്ദനങ്ങളും സഹിച്ച് അവര്‍ പിടിച്ചുനിന്നു.വര്‍ഷങ്ങളോളം.അതിനിടെ അവരുടെ അച്ഛന്‍ മരിച്ചു.സാവിത്രിയും അമ്മയും സഹോദരന്റെ സംരക്ഷണയിലായി.സഹനത്തിന്റെ നാളുകള്‍ പിന്നെയും..
ഒടുവില്‍ ഷറഫുദ്ദീന്റെ അനിയത്തിമാരെല്ലാം വിവാഹിതരായി.അപ്പോഴേക്കും അദ്ദേഹത്തിന്റെ വാപ്പ ശയ്യാവലംബിയായിരുന്നു.തന്റെ മയ്യത്തെടുക്കാതെ ഒരന്യജാതികാരിയെ ഈ വീട്ടില്‍കയറ്റില്ലെന്നദ്ദേഹം.വീണ്ടും നാളുകള്‍.ഒടുവില്‍ അദ്ദേഹവും മരിച്ചു.
അങ്ങനെ പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ വിവാഹിതരായി.സാവിത്രിക്കു മുപ്പതും,ഷറഫുദ്ദീനു നാല്‍പ്പതും വയസ്സുപ്രായമായപ്പോള്‍.ഇരു വീട്ടുകാരും അവരെ പുറത്താക്കുകയും ചെയ്തു.
ഈ ഗവേഷണകേന്ദ്രത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.രണ്ടുപേരും ഇവിടെ താമസം തുടങ്ങി.ആറുമാസമായപ്പോള്‍ ഗര്‍ഭിണിയായ സാവിത്രിയെ തനിച്ചാക്കി ഷറഫുദ്ദീന്‍ ലോകത്തുനിന്നും യാത്രയായി.ഹൃദയാഘാതം.

ജോലിയിലിരിക്കേ മരിച്ചതുകൊണ്ട് ആ സ്ഥാപനത്തില്‍ തന്നെ അവര്‍ക്കു ജോലികിട്ടി.ഞാന്‍ കാണുമ്പോള്‍ മൂന്നുവയസ്സുള്ള മകനുമൊത്ത് അവര്‍ തനിയെ.......
ആരാണ് അവരോട് തെറ്റു ചെയ്തത്?

30 comments:

ആഗ്നേയ said...

ജോലിയിലിരിക്കേ മരിച്ചതുകൊണ്ട് ആ സ്ഥാപനത്തില്‍ തന്നെ അവര്‍ക്കു ജോലികിട്ടി.ഞാന്‍ കാണുമ്പോള്‍ മൂന്നുവയസ്സുള്ള മകനുമൊത്ത് അവര്‍ തനിയെ.......
ആരാണ് അവരോട് തെറ്റു ചെയ്തത്?

ഇത്തിരിവെട്ടം said...

വിധിയുടെ കൈയ്യില പമ്പരങ്ങള്‍ എന്ന് പറയാറില്ലെ... കറക്കത്തിന്റെ വേഗതയോ പാതയോ സ്വയം നിശ്ചയിക്കാനാവാത്ത പമ്പരങ്ങളിലൊന്ന്... :(

ഞാന്‍ ഇരിങ്ങല്‍ said...

ജീവിതം പലപ്പോഴും അങ്ങിനെയാണ് ആരോടും പ്രത്യേകമായി അടുപ്പം കാണിക്കാതെ ജീവിതം തട്ടിയെടുക്കപ്പെടുകയും ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരായി തീരുകയും ചെയ്യുന്നത്.
സംഭവങ്ങള്‍ നിരവധിയാണെങ്കിലും വേദനകള്‍ എല്ലാം ഒരു പോലെ തന്നെ..

വീണ്ടും എഴുതമല്ലോ
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

പ്രയാസി said...

കഷ്ടം!!!
പ്രണയം തന്നെയാണ് ഇവിടെയും വില്ലന്‍!!!

പ്രയാസി said...

“അങ്ങനെ അവിടെയും ആ നടപ്പിനിടയില്‍ ഞാന്‍ എല്ലാവരേം നോക്കി മനോഹരമായി ചിരിച്ചുകൊണ്ട് നടക്കുകയായിരുന്നു..“

പ്ലീസ് പേടിപ്പിക്കരുത്..;)

Gireesh said...

നിയോഗങ്ങളുടെ ഭാരം പേറി ഭൂമിയിലെത്തുന്നവരാണ്‌
മനുഷ്യരെല്ലാം...
അതിലൊന്നാണ്‌ ഇതും..


ആശംസകള്‍...

യാരിദ്‌|~|Yarid said...

:)

രണ്‍ജിത് ചെമ്മാട്. said...

ആഗ്നേയയെക്കുറിച്ച് പറഞ്ഞകാര്യങ്ങള്‍ വിശ്വസിച്ചില്ലെങ്കിലും...
സാവിത്രിച്ചേച്ചിയെക്കുറിച്ച് വായിച്ചപ്പോള്‍ നൊന്തു....

teepee | ടീപീ said...

ജീവിതം ഏറെപ്പേര്‍ക്കും ഒരു ഞാണിന്മേല്‍ കളിയാണ്.
കാല്‍തെറ്റി താഴെ വീഴാതിരിക്കാന്‍ ശ്രമിക്കും, പക്ഷെ,വിധിയുടെ കളിയരങ്ങില്‍ പലപ്പോഴും
അവര്‍ക്ക് കളി പൂര്‍ത്തീകരിക്കാനായെന്നു വരില്ല.

Typist | എഴുത്തുകാരി said...

വിധിയെ പഴിക്കുകയാണല്ലോ എളുപ്പം.

ജ്വാല said...

നമുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങള്‍ ..ദുഖമാണു സംഭവിച്ച്തെങ്കില്‍ പറയും “വിധി” സഞോഷമുള്ളതാണെങ്കില്‍ “ഭാഗ്യം”. മനുഷ്യന്‍ എത്ര നിസ്സഹായന്‍

ഉപാസന || Upasana said...

ഇതിവിടെ പോസ്റ്റ് ചെയ്യേണ്ടായിരുന്നു.
മനസ്സിനെ വിഷമിപ്പിച്ച് കളഞ്ഞു, ശരിക്കും.
:-(
ഉപാസന

ആഗ്നേയ said...

ഇത്തിരിവെട്ടം അതെ..എന്നാലും അവരുടെ മുഖം മനസ്സിലുള്ളതുകൊണ്ട് ആരെയൊക്കെയോ പഴിക്കാന്‍ തോന്നുന്നു..എന്റെ ഒരു മനഃസ്സമാധാനത്തിന്.നന്ദി,
ഞാന്‍ ഇരിങ്ങല്‍ അതെ..നന്ദി,
പ്രയാസി ആണോ?
ആ ഓ.ടോ.ക്കുള്ളത് ഞാന്‍ തന്നേക്കാം ട്ടാ..നന്ദി,
ഗിരി..അതെ..നന്ദി,
യാരിദേ താങ്ക്സ്(പണ്ടാരോ പറഞ്ഞപോലെ മരണ വിട്ടില്‍ സ്മൈലി ഇടാതെടാ..ഇതിന്റെ മറുപടി നീ തരണ്ട..ഞാന്‍ പോയി.)
രണ്‍ജിത്ത് താങ്ക്സ്(ചങ്കെടുത്തു കാണിച്ചാലും ചെമ്പരുത്തി ന്നു പറേണേ..എന്റെ കാര്യാ പറഞ്ഞെ.)
റ്റീ.പി,ടൈപിസ്റ്റ്,ജ്വാല അതെ വിധി തന്നെ ല്ലേ?നന്ദി
ഉപാസനാ ആ മുഖം ഓര്‍ക്കുമ്പോഴൊക്കെ എനിക്കും..നന്ദി.

Haree | ഹരീ said...

സമൂഹമാണ് തെറ്റുചെയ്തതെന്ന് ഞാന്‍ പറയും. ഇരുവരുടേയും മാതാപിതാക്കളേയോ, ബന്ധുക്കളേയോ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. അവരുടെ ആ മനോനിലയ്ക്കു കാരണം (അവരുള്‍പ്പെടുന്ന) സമൂഹമാണ്. ഇങ്ങിനെയൊരു വിവാഹം നടന്നാല്‍ അവരെങ്ങിനെ ഈ സമൂഹത്തെ അഭിമുഖീകരിക്കും എന്നോര്‍ത്താണ് വ്യാകുലപ്പെടുന്നത്, അല്ലാതെ മകള്‍ ഒരുവനെ സ്നേഹിച്ചു എന്നോര്‍ത്തോ, അയാളുടെ ഗുണദോഷങ്ങളോര്‍ത്തോ ആവില്ല.
--

വേണു venu said...

ഏതു നിമിഷവും ആക്സിഡന്‍റാകാവുന്ന ഒരു കാറിലെ യാത്ര പോലെ ജീവിതം. തെറ്റും ശരിയുമില്ല. വിധിയെന്നോര്‍ത്തു വിലപിക്കാന്‍ മാത്രം വിധിക്കപ്പെടുന്നു...

Bindhu Unny said...

ഇങ്ങനെ പലതും കാണുമ്പോള്‍ ‘എന്തുകൊണ്ട്’ എന്ന ഉത്തരം കിട്ടാത്ത ചോദ്യം മാത്രം മനസ്സില്‍...

...പകല്‍കിനാവന്‍...daYdreamEr... said...

:(

മുരളിക... said...

nys.........
( ആരാണ് അവരോട് തെറ്റു ചെയ്തത്?
ath ineem manasilayille??)

Areekkodan | അരീക്കോടന്‍ said...

വായിച്ചപ്പോള്‍ നൊന്തു.വിധി..

ശ്രീ said...

ആരെയും തെറ്റു പറയാനാകില്ല ചേച്ചീ...

tejaswini said...

അവസാനം ചോദ്യങ്ങള്‍ ചോദിക്കാന്‍ മാത്രെ നമുക്കാവൂ...പിന്നെ വിധിയ പഴിക്കാനും...ശരിക്കും നൊന്തു.

അനില്‍@ബ്ലോഗ് said...

വീട്ടുകാരവരെ പുറത്താക്കിയെന്നോ?
എന്നു വച്ചാല്‍ എന്താ ആഗ്നേയ?

ഇപ്പോള്‍ നമ്മളില്‍ എത്രപേര്‍ മാതാപിതാക്കളൊടൊപ്പവും, മാതാപിതാക്കളെ സംരക്ഷിച്ചും കഴിയുന്നുണ്ട്?
എല്ലാവരും സ്വന്തം കാര്യം നോക്കി ജീവിക്കുന്നു.

പിന്നെ തെറ്റ്?
ആരും ഒരു തെറ്റും ചെയ്തിട്ടില്ല.
വിധിയെന്നോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമോ വിളിക്കാവുന്ന ഒരു സംഭവം.

ചങ്കരന്‍ said...

വളരെ ലളിതമായി പറഞ്ഞ് ഒരറ്റാക്ക് വായനക്കാര്‍ക്കും തരുന്നു, വിഷമിക്കാനല്ലേ നമുക്കു കഴിയൂ.

വികടശിരോമണി said...

ഒരു അനുശോചനവുമിട്ട്,അല്ലെങ്കിൽ രണ്ടു സെന്റിയുമടിച്ച്,സ്വന്തം ജീവിതച്ചൂടിലേക്കു തിരിച്ചുനടക്കാം,അല്ലാതെന്തു ചെയ്യാൻ!

കാപ്പിലാന്‍ said...

striking :(

Yesodharan said...

'മരിച്ചവരെ കുറ്റം പറയരുത് 'വായിച്ചപ്പോള്‍ മനസ്സിലൂടെ
ചെറിയൊരു നൊമ്പരത്തിന്റെ അലകള്‍ കടന്നു പോയി....
വിധിക്ക് കീഴടങ്ങുക എന്നതാണ് മനുഷ്യന്റെ 'വിധി'.കഥ നന്നായി...ഇനിയും
ഇതുപോലുള്ള കഥകള്‍ പ്രതീക്ഷിക്കുന്നു....

Rare Rose said...

വികടശിരോമണി പോലെ ഒരിത്തിരി നേരം അവരെയോര്‍ത്തു ദു:ഖിച്ചിട്ടു ,വിധിയെ പഴിച്ചിട്ടു നമ്മളിലേക്ക് തന്നെ ചുരുങ്ങേണ്ടി വരുന്നു ല്ലേ ആഗ്നൂ...:(..

ആഗ്നേയ said...

ഹരീ, വേണുവേട്ടാ
ബിന്ദു,
പകല്‍ക്കിനാവന്‍,
മുരളിക,
അരീക്കോടന്‍,ശ്രീ,തേജസ്സ്വിനി,
നന്ദി..
അനില്‍@ബ്ലോഗ്ഗ്...അതു വ്യത്യാസമില്ലേ?അയാളുടെ മരണം കഴിഞ്ഞ നിമിഷങ്ങളില്‍,അവര്‍ അപ്പോള്‍ ഗര്‍ഭിണിയായിരുന്നു എന്നിരിക്കെ തുടര്‍ന്നു പലഘട്ടങ്ങളില്‍ ഒക്കെ അല്പം വിഷമിച്ചുകാണില്ലെ?കാശുകൊടുത്താല്‍ വേലക്കാരെ കിട്ടും..എന്നാലും.ഒന്നോര്‍ത്തുനോക്കു.
നന്ദി..
ചങ്കരന്‍,വികടശിരോമണി,കാപ്പിത്സ്,യാശോദരന്‍,റോസ്..നന്ദി
വിധി എന്നറിയുമ്പോഴും മനസ്സു അറിയാതെ ചില മനുഷ്യരെ പഴിച്ചുപോകുന്നു..

കാവലാന്‍ said...

തെറ്റുചെയ്തത് അവര്‍തന്നെ എന്നു തോന്നുന്നു അവനവനോട് പുലര്‍ത്തേണ്ട ധാര്‍മ്മികത മനുഷ്യന്‍ പലപ്പോഴും മറന്നുപോകുന്നു കടമകളും കടപ്പാടുകളും തീര്‍ത്ത കടമ്പകള്‍ കടന്ന് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴേയ്ക്കും സമയം അതിനെ മുഴുവന്‍ കളിയാക്കിച്ചിരിച്ചുകൊണ്ട് കൈവീശി അകലും.

മാണിക്യം said...

ശരിയെന്ന് തോന്നുന്നത് ചെയ്യുക
കാത്തിരിപ്പ് !
അത്രയും കാലം കൂടി അവര്‍ക്ക് ഒന്നിച്ച് ജീവിക്കാമായുരുന്നു
എല്ലാവരും ഒരു കരപറ്റി മരിക്കാനുള്ളവര്‍ മരുക്കുകയും ചെയ്ത് കഴിഞ്ഞ്
അവര്ക്ക് സ്വന്തമായി കിട്ടിയത് നിമിഷങ്ങള്‍ അല്ലേ?
ആകെ ഒരു നൊമ്പരം മന‍സ്സില്‍ വല്ലത്ത നൊമ്പരം!